Foto

ജനുവരി 24 മുതൽ 28 വരെ തീയതികളിൽ കടുത്തുരുത്തി വലിയപള്ളിയിൽ മൂന്നുനോമ്പാചരണവും മുത്തിയമ്മയുടെ ദർശനത്തിരുനാളും

- ജനുവരി 24ന് കൊടിയേറ്റ് 

- പുറത്തുനമസ്‌ക്കാരം ജനുവരി 26 ചൊവ്വാഴ്ച

 

കടുത്തുരുത്തി: കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതയുടെ തലപ്പള്ളിയും തീർത്ഥാടന കേന്ദ്രവുമായ കടുത്തുരുത്തി സെന്റ് മേരിസ് ഫൊറോന പള്ളി (വലിയപള്ളി)യിൽ മൂന്നുനോമ്പാചരണവും ഇടവക മദ്ധ്യസ്ഥയായ മുത്തിയമ്മയുടെ ദർശനതിരുനാളും ജനുവരി 24 മുതൽ 28 വരെ തീയതികളിൽ നടത്തപ്പെടുന്നു.

പാരമ്പര്യമനുസരിച്ച്, ക്നായി തൊമ്മന്റെ നേതൃത്വത്തിൽ ഏഴില്ലം എഴുപത്തിരണ്ടു കുടുംബങ്ങളിൽപ്പെട്ട നാനൂറോളം യഹൂദ ക്രൈസ്തവർ ദക്ഷിണ മെസൊപ്പൊട്ടാമിയായിൽ നിന്ന് പ്രേഷിത ദൗത്യവുമായി എ.ഡി. 345 ൽ കൊടുങ്ങല്ലൂരിലേക്ക് കുടിയേറി. ഇവരുടെ സന്തതി പരമ്പരകളാണ് ക്നാനായക്കാർ. കുടിയേറ്റം നടന്ന ഏതാനും വർഷം കൊടുങ്ങല്ലുർ നഗരത്തിൽ മാത്രമായിരുന്നു ക്നാനായക്കാർ അധിവസിച്ചിരുന്നത്. കാലക്രമത്തിൽ, വാണിജ്യവും, രാജ്യസേവനവും, പ്രേഷിത ദൗത്യവും ലക്ഷ്യമാക്കി ജലമാർഗ്ഗം എത്തിച്ചേരാവുന്ന ഉദയംപേരൂർ, കല്ലിശ്ശേരി, ചെമ്മനത്തുകര, കടുത്തുരുത്തി, ചുങ്കം, കോട്ടയം എന്നീ നാട്ടുരാജ്യ തലസ്ഥാനങ്ങളിൽ അവർ താമസമാക്കി. കടുത്തുരുത്തിയിലെ പുരാതനമായ ദൈവാലയം 5-ാം ശതകത്തിൽ സ്ഥാപിച്ചുവെന്നാണ് പാരമ്പര്യം.  ആദ്യത്തെ ദൈവാലയത്തിന് 'ചതുരപ്പള്ളി' എന്നായിരുന്നു പേര്. തടികൊണ്ട് സമചതുരാകൃതിയിൽ പണിത് തറയിൽ കരിങ്കൽ പാളികൾ പാകി മീതെ പനയോലമേഞ്ഞതിനാലാവണം ഈ പേരുവന്നത്.  ആ കാലഘട്ടങ്ങളിൽ സമീപപ്രദേശങ്ങളിൽ മറ്റൊരു പള്ളിയും ഇല്ലാതിരുന്നതിനാൽ എല്ലാ വിഭാഗം ക്രിസ്ത്യാനികളും തങ്ങളുടെ ആത്മീയ കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത് കടുത്തുരുത്തി വലിയപള്ളിയായിരുന്നു.  ആദ്യത്തെ ദൈവാലയം കാലപ്പഴക്കംകൊണ്ട് ജീർണ്ണിച്ചു. ക്രൈസ്തവ സമൂഹം  വർദ്ധിച്ചപ്പോൾ കുറെക്കൂടി സ്ഥലസൗകര്യമുള്ള ദൈവാലയം ആവശ്യമായി വന്നു. അതിനുവേണ്ടി 1456ൽ വെട്ടുകല്ലുകൊണ്ട് പണിതുയർത്തിയതാണ് രണ്ടാമത്തെ ആരാധനാലയം. ഈ പള്ളിയുടെ വടക്കുവശത്തായി ഒരു പള്ളിമുറിയും  തൊട്ടു പടിഞ്ഞാറായി മൂടപ്പെട്ട ഒരു കിണറും പള്ളിക്കുചുറ്റും ഗോപുരങ്ങളോടുകുടിയ  കോട്ടയും ഉണ്ടായിരുന്നു.ഇപ്പോഴുള്ളത് മൂന്നാമത്തെ പള്ളിയാണ് ഇത് 1590 ലാണ് പണികഴിപ്പിച്ചത്.

കടുത്തുരുത്തി വലിയ പള്ളിയിലെ പ്രധാന തിരുനാളാണ് മൂന്നു നോമ്പു തിരുനാൾ. ഒരു സമൂഹം ദൈവകാരുണ്യത്തിനുവേണ്ടി നടത്തുന്ന രോദനവും യാചനയുമാണ് മൂന്നു നോമ്പിന്റെ കാതൽ. ആത്മീയ ശുശ്രൂഷകളോടൊപ്പം മുത്തിയമ്മയ്ക്ക് അടിമവയ്ക്കുക, മുത്തിയമ്മയുടെ തിരുമുടി എഴുന്നള്ളിച്ച് കാഴ്ച വയ്ക്കുക തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ.

 

ജനുവരി 24 ഞായറാഴ്ച രാവിലെ 7.15 ന്  വികാരി ഫാ. എബ്രാഹം പറമ്പേട്ട് കൊടിയേറ്റുന്നതോടെ തിരുനാളാഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. 

ജനുവരി 25 തിങ്കളാഴ്ച രാവിലെ 7.15ന് കോട്ടയം അതിരൂപതയിലെ നവവൈദികരുടെ കാർമ്മികത്വത്തിൽ സമൂഹബലിയർപ്പിക്കപ്പെടും. വൈകിട്ട്  6 മണിക്ക്  ദർശനസമൂഹത്തിന്റെ വാഴ്ച, വേസ്പര, മെഴുകുതിരി പ്രദക്ഷിണം എന്നിവ നടത്തപ്പെടും. 

അതിപുരാതനകാലം മുതൽ വലിയപള്ളിയിൽ മൂന്നുനോമ്പിന്റെ രണ്ടാംദിവസമായ ചൊവ്വാഴ്ച വൈകുന്നേരം കരിങ്കൽ കുരിശിൻ ചുവട്ടിൽനടത്തിവരുന്ന പ്രാർത്ഥനായജ്ഞമാണ് പുറത്തു നമസ്‌ക്കാരം. പാപബോധത്തിൽ നിന്നും ഉളവാകുന്ന പശ്ചാത്താപവും ദൈവകാരുണ്യത്തിനുവേണ്ടിയുള്ള മുറവിളിയുമാണ് പുറത്തുനമസ്‌ക്കാരത്തിന്റെ ഉള്ളടക്കം. ചൊവ്വാഴ്ച രാവിലെ 6.30 ന് മാർക്കറ്റ് ജംഗ്ഷനിലുള്ള കപ്പേളയിൽ വിശുദ്ധകുർബ്ബാന നടത്തപ്പെടും. 7.30 ന് ഫാ. ജെയിംസ് പൊങ്ങാനയിലിന്റെ കാർമ്മികത്വത്തിൽ സുറിയാനു പാട്ടുകുർബ്ബാന ഉണ്ടായിരിക്കും. വൈകുന്നേരം 5 ന് ലൂർദ്ദ് കപ്പേളയിൽ ലദീഞ്ഞും തുടർന്ന് 7 മണിക്ക് ചരിത്ര പ്രസിദ്ധമായ പുറത്തുനമസ്‌ക്കാരവും നടത്തപ്പെടും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ സന്ദേശം നൽകും. ജനുവരി 27  ബുധനാഴ്ച രാവിലെ 6 ന് വിശുദ്ധകുർബ്ബാന നടത്തപ്പെടും. തുടർന്ന് 7 മണിക്ക് കോട്ടയം അതിരൂപതാ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ മലങ്കര പാട്ടുകുർബ്ബാന നടത്തപ്പെടുയർപ്പിക്കും. തുടർന്ന് രാവിലെ 10 മണിക്ക് നടത്തപ്പെടുന്ന ആഘോഷമായ തിരുനാൾ റാസയിൽ ഫാ. ഫിലിപ്പ് രാമച്ചനാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. സാബു മാലിത്തുരുത്തേൽ തിരുനാൾ സന്ദേശം നൽകും. വൈകുന്നേരം 5 മണിക്ക് ഫാ. ഫിലിപ്പ് കൊച്ചുപറമ്പിലിന്റെ കാർമ്മികത്വത്തിൽ വി. കുർബ്ബാന അർപ്പിക്കും.

ജനുവരി 28വ്യാഴാഴ്ച രാവിലെ 6 മണിക്കും 7 മണിക്കും മരിച്ചവിശ്വാസികൾക്കായുള്ള പ്രത്യേക പ്രാർത്ഥനയും സെമിത്തേരി സന്ദർശനവും നടത്തപ്പെടും.

കോവിഡ് മാനദൺഡങ്ങൾ പാലിച്ചായിരിക്കും തിരുനാൾ നടത്തപ്പെടുകയെന്ന് വികാരി ഫാ. എബ്രാഹം പറമ്പേട്ട് അറിയിച്ചു.

 

ഫാ. എബ്രാഹം പറമ്പേട്ട്

വികാരി

ഫോൺ: 9446202872

Comments

leave a reply

Related News