Foto

കുട്ടികള്‍ക്ക് കൈമുതലാകേണ്ടത്  ആത്മവിശ്വാസം 

സ്‌കൂളില്‍ നിന്നു വന്നതും നയന നേരെ പോയത് ബെഡ്റൂമിലേക്കാണ്. അച്ഛന്‍ ചെന്നു നോക്കിയപ്പോള്‍ നയന വിഷമത്തോടെ തലകുനിച്ചിരിക്കുകയാണ്. എന്താ മോളെ, എന്തുപറ്റി?
അച്ഛാ, എന്നെ എല്ലാവരും ഉണ്ടപക്രൂ എന്നു വിളിച്ച് കളിയാക്കുവാ. ആരും എന്നോട് കൂടാന്‍ വരുന്നില്ല. അച്ഛന്‍ മറുപടിയായി ഇങ്ങനെ പറഞ്ഞു,
 മോള്‍ സൂരജ് എന്നൊരാളെക്കുറിച്ച്  കേട്ടിട്ടുണ്ടോ? 
ഇല്ലച്ഛാ...അവള്‍ ചിണുങ്ങല്‍ അവസാനിപ്പിക്കാതെ മറുപടി നല്‍കി.
എന്നാല്‍ കേട്ടോ..
അങ്ങ് മലപ്പുറം ജില്ലയിലെ പെരുന്തല്‍മണ്ണയിലെ പുത്തനങ്ങാടി ഗ്രാമത്തിലെത്തിലാണ് സൂരജിന്റെ വീട്. 
അതിന് ഞാനെന്തുവേണം...?  കെറുവ് ഒട്ടും കുറയ്ക്കാതെ അവള്‍ മൊഴിഞ്ഞു.               
മോള്‍ ദേഷ്യപ്പെടല്ലേ, ഈ സൂരജിനെ മോള്‍ അറിയും.  അവള്‍ക്കപ്പോള്‍ ആകാംക്ഷയായി... 
ആരുപറഞ്ഞു...എനിക്കെങ്ങും അറിയില്ല.
മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റുവലിലൂടെ ഓറെ ശ്രദ്ധേയനായവനാണ് സൂരജ്. ങാ..സൂരജ് തേലേക്കാട് അല്ലേ..? കുഞ്ഞു കുട്ടികളുടേത് പോലുള്ള ശബ്ദമാണ് ആ ചെക്കന്. 
ചെക്കനോ, അയാള്‍ക്ക് വയസ്സ് 24 ഉണ്ട്.
അതേയോ..?  ആര്‍ക്കുകണ്ടാലും  ഒന്ന് ഓമനിക്കാന്‍ തോന്നും. നയന ഉത്സാഹത്തോടെ അച്ഛനോടുപറഞ്ഞു.   
വാക്കുകളിലും ഉണ്ട് ആ കുട്ടിത്തം. 
ഇയാള്‍ക്കൊരു ചെച്ചിയുണ്ട്.  സ്വാതി. 
 സൂരജിനെപ്പോലെ പൊക്കം കുറഞ്ഞ ആളാണോ ഈ സ്വാതിയും...? അവള്‍ തിരക്കി. 
 അതേയെന്ന അര്‍ത്ഥത്തില്‍ അച്ഛന്‍ തലയാട്ടി. 
അയ്യോ... കഷ്ടംതന്നെ..! 
അച്ഛന്‍ തുടര്‍ന്നു.-അഞ്ചാം ക്ലാസില്‍ വച്ചായിരുന്നു സൂരജ്   ആദ്യമായി സ്റ്റേജില്‍ കയറുന്നത്. പക്ഷികളുടെ ശബ്ദം അനുകരിച്ചുകൊണ്ടുള്ള തടക്കം. 

പത്തിലും പ്ലസ്ടൂവിലും പഠിക്കുമ്പോള്‍ സംസ്ഥാന യുവജനോത്സവത്തില്‍ സൂരജിനായിരുന്നു മിമിക്രിയില്‍ സെക്കന്റ് പ്രൈസ്.
എന്താമച്ഛ, സൂരജിന്...അല്ല, സൂരജ് ചേട്ടന്റെ വളര്‍ച്ച മുരടിച്ചുപോയത്..? 
ആറുമാസം വരെ സാധാരണ കുട്ടികളെപ്പോലെ തന്നെയായിരുന്നു സൂരജ്. പിന്നീട് വളര്‍ച്ച കുറഞ്ഞു. അതിനെത്തുടര്‍ന്ന് നിരവധി ഡോക്ടര്‍മാരെ കാണിച്ചു. ഗ്രോത്ത് ഹോര്‍മോണിന്റെ തകരാറുമൂലമാണിത് സംഭവിക്കുന്നത്.


 ചെറുപ്പം മുതലേ കുറവുകള്‍ എങ്ങനെ അതിജീവിക്കാം എന്ന തരത്തിലുള്ള കാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്കാന്‍ സൂരജിന്റെ മാതാപിതാക്കള്‍ ശ്രദ്ധാലുക്കളായിരുന്നു. അക്കാദമിക് ബുദ്ധിക്കപ്പുറം വേറെന്തെങ്കിലും മേഖലയിലും അവന് കഴിവുണ്ടാക്കണം എന്ന് അവര്‍ക്ക്   തോന്നിക്കാണും.   
സൂരജിന്റെ ജീവിതത്തിലെ ഏ റ്റവും വലിയ ഇന്‍സ്പിരേഷന്‍ ആരായിരിക്കുമെന്ന്  നിനക്കുപറയാമോ..? അച്ഛനവളോട് ചോദിച്ചു.
ഗിന്നസ് പക്രു ആണോ..? പെട്ടെന്നവള്‍ക്കങ്ങനെ ചോദിക്കാനാണ് തോന്നിയത്. 
കറക്റ്റ്.   മറ്റുള്ളവരെല്ലാം അത് പറ്റും ഇതു പറ്റും എന്ന് പറയുമ്പോള്‍ അത് ജീവിതത്തില്‍ തെളിയിച്ച ആളാണ് ഗിന്നസ് പക്രു. അദ്ദേഹത്തെ നേരില്‍ കാണുകയെന്നത് സൂരജിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവത്രെ.
എന്നിട്ട്... അക്കഥ കേള്‍ക്കാന്‍ അവള്‍ക്ക് തിടുക്കമായി. 
 അതിനെക്കുറിച്ച് സൂരജ് തന്നെ പറഞ്ഞിട്ടുള്ളതിങ്ങനെയാണ്. 
.അദ്ദേഹത്തെ കാണുക മാത്രമല്ല ഒത്തിരിയേറെ സംസാരിക്കാനും എനിക്ക് സാധിച്ചു. അതിന് ഞാന്‍ ചാനലുകളോട് കടപ്പെട്ടിരിക്കുന്നു. ഞാന്‍ കുറച്ച് ഹൈപ്പര്‍ ആക്ടീവ് ആണ്. ചാടി മറിയുന്ന ടൈപ്പ്. സ്റ്റേജ് പെര്‍ഫോമന്‍സുകളിലും ടിവി ഷോകളിലും അങ്ങനെയാണ്. പക്രു ചേട്ടന്‍ എപ്പോഴും പറയും, സ്വന്തം ശരീരം സൂക്ഷിക്കണം, ഒന്നു കിടന്നുപോയാല്‍ ആരും നമ്മുടെ സഹായത്തിന് ഉണ്ടാകില്ല എന്നൊക്കെ. ഒരിക്കല്‍ പക്രു ചേട്ടന്‍ എനിക്ക് ദിലീപ് ചേട്ടനെ പരിചയപ്പെടുത്തി തന്നു. നല്ല ടൈമിംഗ് ഉള്ള നടന്‍ എന്നു പറഞ്ഞാണ് ദിലീപ് ചേട്ടനോട് എന്നെക്കുറിച്ച് സംസാരിച്ചത്. കലാഭവന്‍ മണിച്ചേട്ടനെയും സംവിധായകരായ ലാല്‍ സാറിനെയും സിദ്ദിഖ് സാറിനെയും പോലുള്ളവരെ പരിചയപ്പെടാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമാണ്.'' 
ഇപ്പോള്‍ സൂരജ് ചേട്ടന് എത്ര സെന്റീമീറ്റര്‍ പൊക്കമുണ്ടച്ഛാ..!
അതോ..110 സെന്റീമീറ്റര്‍. ഹൈസ്‌ക്കൂളില്‍ പഠിക്കുന്നോള്‍ വെറും 90 സന്റീമീറ്ററായിരുന്നു പൊക്കമെന്നോര്‍ക്കണം. 
കാതുകൂര്‍പ്പിച്ച് ഇത് കേട്ടുകൊണ്ടിരുന്ന നയന അറിയാതെ പറഞ്ഞുപോയി: ഹോ...ഞാന്‍ എത്ര ഭാഗ്യവതിയാണ്. അതിനേക്കളൊക്കെ പൊക്കം എനിക്കുണ്ടല്ലോ...!. 

നയനയെപ്പോലെ സ്വന്തം കുറവുകളെക്കുറിച്ചു മാത്രം ചിന്തിക്കുന്നയാളാണോ നിങ്ങള്‍? സ്വന്തം പരിമിതികളെ അതിജീവിച്ച്  ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്തവര്‍ നിരവധിപേരുണ്ട് നമുക്കു ചുറ്റും. മറ്റുള്ളവരില്‍ നിന്നും അവരെ വ്യത്യസ്തരാക്കുന്നതെന്താണ്? ജീവിതത്തോടുള്ള വേറിട്ട കാഴ്ച്ചപ്പാടു തന്നെ. 
നമ്മുടെ ജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്നത് നാം തന്നെയാണ്. അവനവനെക്കുറിച്ച് ആത്മാഭിമാനമുണ്ടാവുകയെന്നതാണ് പ്രധാനം. സ്വയം അഭിമാനിക്കാന്‍ പഠിക്കണം.
നമുക്ക് നമ്മെക്കുറിച്ചു തന്നെയുള്ള ചിന്തകള്‍, അഭിപ്രായങ്ങള്‍, മനോഭാവം ഇതൊക്കെക്കൂടിച്ചേര്‍ന്നാണ് ആത്മാഭിമാനം രൂപപ്പെടുന്നത്. എന്നാല്‍ സ്ഥിരതയാര്‍ന്ന ഒന്നല്ല ഇത്. നമ്മുടെ ചിന്തകള്‍ക്കനുസരിച്ച്  മാറിക്കൊണ്ടിരിക്കും. നമ്മെക്കുറിച്ചുള്ള  നിഷേധാത്മക ചിന്തകള്‍ ആത്മാഭിമാനത്തിനു മങ്ങലേല്‍പ്പിക്കും. അതുകൊണ്ട് എല്ലാറ്റിനോടും ഒരു ശുഭസമീപനം വച്ചു പുലര്‍ത്തുന്നത് ആത്മാഭിമാനം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനായി ചില മാര്‍ഗങ്ങളിതാ.


1  സംഭവിക്കാനിടയുള്ള നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക
എപ്പോഴും സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചിരിക്കുന്ന ഒരാളാണോ നിങ്ങള്‍? ഇനി മുതല്‍ ഇത്തരം പ്രശ്നങ്ങള്‍ മനസിലേക്കു വരുമ്പോള്‍ ശുഭചിന്തകള്‍ കൊണ്ടതിനെ നിര്‍വ്വീര്യമാക്കുക.
നിങ്ങളുടെ ഡയറിയില്‍ അല്ലെങ്കില്‍ ഒരു നോട്ട്ബുക്കില്‍ എല്ലാ ദിവസവും നിങ്ങളെക്കുറിച്ചുള്ള മൂന്ന് നല്ല കാര്യങ്ങള്‍ എഴുതുക. അല്ലെങ്കില്‍ നിങ്ങളുടെ ദിവസത്തെ ശുഭകരമാക്കിത്തീര്‍ത്ത മൂന്ന് കാരണങ്ങള്‍ എഴുതാം. ഉദാഹരണത്തിന്, വൃദ്ധനായ ഒരാളെ റോഡു മുറിച്ചു കടക്കാന്‍ സഹായിച്ചതാവാം, അല്ലെങ്കില്‍  അപരിചിതനായ ഒരാള്‍ക്ക് നിങ്ങള്‍ സമ്മാനിച്ച ചെറുപുഞ്ചിരിയാവാം, അങ്ങനെയെന്തും.


2 പരിശ്രമത്തിന് മുന്‍തൂക്കം നല്‍കുക
ചിലരുണ്ട്, ഇവര്‍ പരിശ്രമിക്കാന്‍ തയ്യാറാവില്ല. ഉദാഹരണത്തിന്, നിങ്ങള്‍ ഒരോട്ട മത്സരത്തില്‍ പങ്കെടുക്കുകയാണെന്ന് വിചാരിക്കുക. നിങ്ങളുടെ ചിന്ത ഇങ്ങനെയാണ്- ഞാനീ മത്സരത്തില്‍ വിജയിക്കാന്‍ പോകുന്നില്ല, കാരണം, എനിക്ക് മുന്‍നിരയിലേക്കെത്താന്‍ പറ്റില്ല. ഇങ്ങനെയെങ്കില്‍ ഉറപ്പിച്ചോളൂ വിജയം നിങ്ങള്‍ക്കുള്ളതല്ല.

3 തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുക
പല തവണ വീണിട്ടാണ് ഒരു കുഞ്ഞ് നടക്കാന്‍ പഠിക്കുന്നത്. അതു പോലെ തെറ്റുകള്‍ പറ്റുക മനുഷ്യസഹജമാണ്. എന്നാല്‍ പറ്റിയ തെറ്റുകളെ അംഗീകരിക്കുകയും അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അവസരത്തിനൊത്ത് മുന്നേറുകയുമാണ് വേണ്ടത്.


4 അപകര്‍ഷത വേണ്ട
വിനയയും ലക്ഷ്മിയും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ലക്ഷ്മി ഒരു മികച്ച ബാസ്‌കറ്റ്ബോള്‍ കളിക്കാരിയാണ്. എല്ലാവരും അവളെ പുകഴ്ത്തുന്നതു കാണുമ്പോള്‍ താനൊന്നിനും കൊളളില്ലെന്നാണ് വിനയ കരുതുന്നത്. 
പാടാനുളള സ്വന്തം കഴിവിനെയാണ് അവള്‍ വില കുറച്ചു കാണുന്നത്. ഇവിടെ മികച്ച ബാസ്‌കറ്റ്ബോള്‍ കളിക്കാരിയായതുകൊണ്ട് ലക്ഷ്മി വിനയയേക്കാള്‍ മികച്ചതാണെന്ന് എങ്ങനെ പറയാന്‍ പറ്റും? അതുകൊണ്ട് ഇത്തരം താരതമ്യപ്പെടുത്തലുകള്‍ മുളയിലേ നുളളുക.


5 ഓരോരുത്തരും വ്യത്യസ്തരാണെന്ന് തിരിച്ചറിയുക
അപ്പു ഒരു മികച്ച ഓട്ടക്കാരനാണ്. അവന്റെ കൂട്ടുകാരന്‍ ജോജിയാകട്ടെ കണക്കില്‍ ബഹുമിടുക്കനും. എന്നാല്‍ ഇവരെ താരതമ്യം ചെയ്യുന്നത് ബുദ്ധിശൂന്യതയാണ്. കാരണം,രണ്ടുപേരും രണ്ട് വ്യത്യസ്ത തലങ്ങളില്‍ മികച്ചു നില്‍ക്കുന്നു.


6 ചെയ്യുന്ന കാര്യങ്ങളില്‍ പുതുമ തേടുക
പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിന് സമയം കണ്ടെത്തുക. ഉദാഹരണത്തിന്, പാഴ്വസ്തുക്കളില്‍ നിന്ന് കലാഭംഗിയുളള വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ അത് തീര്‍ച്ചയായും അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യം തന്നെയാണ്. അതുപോലെ പുതുമയുളള എന്തുമാകാം. ഒപ്പം ആത്മവിശ്വാസവും വര്‍ദ്ധിക്കും.


7 സ്വന്തം അഭിപ്രായവും കാഴ്ച്ചപ്പാടും 
മറ്റുളളവരോട് സ്വന്തം അഭിപ്രായം തുറന്നു പറയുക. എതിര്‍പ്പുകളുണ്ടാകാം. പക്ഷേ, അതവരുടെ കാഴ്ച്ചപ്പാടായി മാത്രം കാണുക.


8 പ്രശംസകളെ  സ്വീകരിക്കുക
സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച നന്ദുവിനെ കൂട്ടുകാരും അദ്ധ്യാപകരുമെല്ലാം  അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി. എന്നാല്‍ നന്ദു എല്ലാവരോടും പറഞ്ഞതിങ്ങനെ, ഓ അതത്രയ്ക്കൊന്നും ശരിയായില്ലെന്നേ. നന്ദുവിന് തന്നെക്കുറിച്ചുള്ള മതിപ്പില്ലായ്മയാണിത് സൂചിപ്പിക്കുന്നത്. മറ്റുളളവര്‍ നിങ്ങളോട് ഒരു നല്ല വാക്കു പറയുമ്പോഴും പ്രശംസിക്കുമ്പോഴും അതിനെ പോസിറ്റീവായി സ്വീകരിക്കുക.
സ്വന്തം കഴിവുകളെ അംഗീകരിക്കുക. തിരികെ ഒരു നന്ദി വാക്കു പറയാന്‍ മറക്കരുത്.


9 പ്രിയപ്പെട്ടവരോടൊത്തുളള നിമിഷങ്ങള്‍ പരമാവധി ആസ്വദിക്കുക
നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍, അത് അടുത്ത കൂട്ടുകാരാവാം, അപ്പൂപ്പനോ അമ്മൂമ്മയോ ആകാം- ആരുമായിക്കൊളളട്ടെ അവരോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുകയും, അത് ആസ്വദിക്കുകയും ചെയ്യുക.


10 ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തയ്യാറാക്കുക
ദിവസേന ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുകയും, അതിനെ കൃത്യമായി പിന്‍തുടരുകയും വേണം. നിങ്ങള്‍ സ്വയം തന്നെ അതിനായി പരിശീലിക്കുക. ഉദാഹരണത്തിന് നിങ്ങള്‍ വ്യായാമം ചെയ്യാന്‍ തീരുമാനിച്ചെങ്കില്‍ സ്വയം ഇങ്ങനെ മനസ്സില്‍ പറഞ്ഞു ശീലിക്കുക- ഞാന്‍ എന്നും 45 മിനിറ്റ് വ്യായാമം ചെയ്യും. ഇത് പാലിക്കാന്‍ എനിക്ക് സാധിക്കും.


ഇത്തരം ചിന്തകളും കാഴ്ചപ്പാടുകളും നിങ്ങളെ വിജയത്തിലെത്തിക്കും എന്ന് ഉറപ്പാണ്.

✍️ജോഷി ജോർജ്ജ് 

Comments

leave a reply

Related News