Foto

കേന്ദ്ര ബജറ്റ് ഒരുങ്ങുന്നു; ഇറക്കുമതി തീരുവകൾ ഉയരുമെന്നു സൂചന

ബാബു കദളിക്കാട്

സ്മാർട് ഫോണുൾപ്പെടെ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ വില കൂടിയേക്കും; ആദായ നികുതി ഇളവ് പരിധി ഉയരാൻ സാധ്യത

കോവിഡ് വ്യാപനം മൂലം അവതാളത്തിലായ രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനായി കേന്ദ്ര ബജറ്റിൽ പുതിയ വരുമാന വഴികൾ കണ്ടെത്താൻ ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് നികുതി വർധിപ്പിക്കുമെന്ന് സൂചന. സ്മാർട്ഫോണുകൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഘടകങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി പലതിനും ഇതോടെ വില ഉയരുമെന്ന് ദേശീയ സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ദേശീയ വരുമാനം 200 ബില്യൺ മുതൽ 210 ബില്യൺ വരെ ഉയർത്താനുള്ള ലക്ഷ്യവുമായി ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നതോടെ വില അഞ്ച് - പത്ത് ശതമാനം കൂടുമെന്ന ഊഹമാണ് വിപണികളിലുള്ളത്.നികുതി വർധന ഫർണിച്ചർ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയെ എല്ലാം പ്രതികൂലമായി ബാധിക്കാനാണു സാധ്യത. റെഫ്രിജറേറ്റർ, എയർ കണ്ടീഷണർ എന്നിവയ്ക്കും വില ഉയർന്നേക്കും. സ്വയം പര്യാപ്ത ഭാരതം എന്ന പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം സഫലീകരിക്കുക കൂടി ലക്ഷ്യമിട്ടാവും ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിലൂടെ ഇറക്കുമതി തീരുവ ഉയർത്തുകയെന്നാണ് റിപ്പോർട്ട്.

ചരിത്രത്തിൽ ആദ്യമായി കടലാസില്ലാതെ 'ഡിജിറ്റൽ മോഡി' ൽ ധനമന്ത്രി വാർഷിക ബജറ്റ് അവതരിപ്പിക്കുന്നത് ഫെബ്രുവരി ഒന്നിനാണ്. കഴിഞ്ഞ ഒരു വർഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വിവരങ്ങളും വളർച്ചയുമെല്ലാം സൂചിപ്പിക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ട് ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം പാർലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കും. ഏപ്രിൽ ഒന്ന് മുതൽ ഈ ബജറ്റ് പ്രാബല്യത്തിൽ വരും. ബജറ്റ് സെഷൻ 2021 ജനുവരി 29 ന് ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ അംഗങ്ങൾക്കും നിർബന്ധിത ആർടി-പിസിആർ പരിശോധനകൾ നടത്തും.

രണ്ടു ഘട്ടങ്ങളായിട്ടാണ് ഇത്തവണ ബജറ്റ് സമ്മേളനം. ഫെബ്രുവരിയിൽ ആദ്യഘട്ടം അവസാനിക്കും. പിന്നീട് മാർച്ചിൽ രണ്ടാംഘട്ടം ആരംഭിക്കും.ലോക്‌സഭ, രാജ്യസഭ, സെൻട്രൽ ഹാൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിച്ചായിരിക്കും എംപിമാർ ഇരിക്കുക. സാധാരണ സമ്മേളിക്കും പോലെ മണിക്കൂറുകൾ നീളില്ല.

ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുകയും നിരവധി പേർക്ക് രാജ്യത്തുടനീളം ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്യേണ്ടിവന്നതിനാൽ, കൂടുതൽ വരുമാനം ജനങ്ങളുടെ കൈകളിൽ എത്തിക്കാനുള്ള സാധ്യമായ വഴികൾ കണ്ടെത്താൻ നിർമല സീതാരാമൻ നിർബന്ധിതയാണ്.വ്യക്തിക്ക് അടിസ്ഥാന ആദായ നികുതി ഇളവ് പരിധി നിലവിലെ 2.5 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തുമെന്ന പ്രതീക്ഷ ശക്തമായിട്ടുണ്ട്.അതേസമയം, ഉയർന്ന വരുമാനക്കാർക്കായി കോവിഡ് സെസ് ആസൂത്രണം ചെയ്യാൻ സർക്കാർ തയ്യാറായേക്കുമെന്നും നിരീക്ഷകർ കരുതുന്നു.

നിർമ്മാണ മേഖലയ്ക്കു പ്രോൽസാഹനം വർദ്ധിപ്പിക്കുമെന്നാണു പ്രതീക്ഷ. താങ്ങാനാവുന്ന ഭവന നിർമ്മാണ മേഖലയ്ക്കും വൻതോതിൽ ഉത്തേജനത്തിനു സർക്കാർ വഴിയൊരുക്കും. നിർമ്മാണ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നിയമങ്ങൾ ഉദാരവൽക്കരിക്കാനും വീട് വാങ്ങുന്നവർക്ക് ഉത്തേജനം നൽകാനും 2021 ലെ ബജറ്റിൽ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡിക്ക് വിഹിതം അനുവദിക്കുമെന്ന് ഒരു ദേശീയ പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ ബജറ്റിൽ നിർമാണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും വർദ്ധിത ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടേക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ അംഗമായ കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് ഫണ്ട് മാനേജിംഗ് ഡയറക്ടർ നിലേഷ് ഷാ പറഞ്ഞു. ആദ്യത്തെ മുൻഗണന സമ്പദ്വ്യവസ്ഥയുടെ നിർണായക മേഖലകളെ പിന്തുണയ്ക്കുക എന്നതാകണം - ടൂറിസം, റീട്ടെയിലിംഗ്, നിർമ്മാണം, പിരമിഡിന്റെ അടിത്തറയായ എംഎസ്എംഇ എന്നിവ. വളർച്ചയിൽ. ഇത് വിവിധ ശൈലികളിൽ ചെയ്യാൻ കഴിയും. സാമ്പത്തിക ഉത്തേജനമുണ്ടാക്കുന്ന ഇളവുകൾ, ഗ്രാന്റുകൾ എന്നിവയ്ക്കു പുറമേ അവയ്ക്ക് സ്വന്തമായി വളരാൻ കഴിയുന്ന സംവിധാനം സൃഷ്ടിക്കാൻ കഴിയും - അദ്ദേഹം പറഞ്ഞു.

Comments

leave a reply

Related News