സംഗീതത്തെ ഉപാസിച്ച പ്രത്യേകിച്ചും പശ്ചാത്യ പൗരസ്ത്യ പരികല്പനകളെ സമഞ്ജസമായി ക്രമീകരിച്ച സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ എന്റെ സ്നേഹിതൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി നിത്യതയിൽ വിലയിച്ചു. അരവിന്ദൻ, സക്കറിയ ജോൺ അബ്രഹാം, സേതു, ഇ. പി. കുര്യൻ തുടങ്ങിയവരോടൊപ്പം സുമുഖനായ ഐസക്കിനെയും കോട്ടയത്ത് ബെസ്റ്റോട്ടലിൽ കാണാം. വിഷയം സിനിമ തന്നെ ജോണും ഐസക്കും ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ നിന്നും സിനിമ സംവിധാനം പഠിച്ചിറങ്ങിയവർ. അവരിൽ നിന്നാണ് ലോക സിനിമയിലെ ക്ലാസിക്കുകളെ കുറിച്ച് അറിവ് നേടിയത്.
അരവിന്ദന്റെ തമ്പ്,കുമ്മാട്ടി,എസ്തപ്പാൻ എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായി പക്ഷെ സംഗീതത്തോടുള്ള ആവേശം മൂലം കൊഡൈക്കനാലിൽ രണ്ടുവർഷത്തെ സംഗീതപഠനം. ലണ്ടനിൽ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കൽ പിയാനോയിൽ തുടർപഠനം. അങ്ങനെ സംഗീത സാന്ദ്രമായ അന്തരീക്ഷത്തിൽ നിന്നാണ് ഗിരീഷ് കാസറവള്ളിയുടെ തായ് സഹേബയിൽ പശ്ചാത്തല സംഗീതം ഒരുക്കിയത്. ആ ചിത്രം കാസറവള്ളിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തു. 2010 സലിം അഹമ്മദ് സലിം കുമാറിനെ നായക കഥാപാത്രമാക്കി സംവിധാനം ചെയ്ത ആദാമിന്റെ മകൻ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് ഐസക്കിന് ദേശീയ പുരസ്കാരം ലഭിച്ചു. പിന്നാലെ ഷാജി എൻ, കരുൺ അടൂർ, ടിവി ചന്ദ്രൻ എന്നിവരുടെ സിനിമകൾക്കും പശ്ചാത്തല സംഗീതം നൽകി ഐസക് തോമസ് കൊട്ടുകാപ്പിള്ളി ശ്രദ്ധേയനായി. ഭവം (2002), മാർഗം (2003), സഞ്ചാരം, ഒരിടം (2004), ആദാമിന്റെ മകൻ, വീട്ടിലേക്കുള്ള വഴി (2010) എന്നീ സിനിമകളുടെ പശ്ചാത്തലസംഗീതത്തിന് സംസ്ഥാന അവാർഡുകളും നേടി ഈ പ്രതിഭാധനൻ. ഫിലിം ക്രിട്ടിക്സ് ചലച്ചിത്ര പ്രതിഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
എപ്പോഴും സംഗീതം മനസ്സിൽ സൂക്ഷിച്ച അദ്ദേഹം മലയാളത്തിനു പുറമെ കന്നഡ,തമിഴ്,ഹിന്ദി സിനിമകൾക്കും പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുണ്ട്. സൗമ്യനും ശാന്തപ്രകൃതിയുമായ അദ്ദേഹം മദ്രാസിലാണ് ജീവിച്ചതെങ്കിലും സിനിമയുടെ മായാ പ്രപഞ്ചത്തെ കണ്ടില്ലെന്ന് നടിച്ചു. മുൻ എംപി ജോർജ് തോമസ് കൊട്ടുകാപ്പിള്ളിയുടെ പുത്രനാണ് ഈ കലാകാരൻ.
തേക്കിൻകാട് ജോസഫ്
Comments