Foto

91-ാം പുനരൈക്യ വാർഷികം തിരുവനന്തപുരത്ത്

91-ാം പുനരൈക്യ വാർഷികം തിരുവനന്തപുരത്ത്

തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 91-ാമത് വാർഷിക ആഘോഷങ്ങൾ തിരുവനന്തപുരം മേജർ അതിരൂപതയിൽ മണ്ണന്തല വിശുദ്ധ ജോൺ പോൾ രണ്ടാമൻ ദൈവാലയത്തിൽ വച്ച് നടക്കും. ഈ വർഷം സഭാ തലത്തിലുള്ള പൊതു പരിപാടിക്കുപകരമായി ഭദ്രാസനതലത്തിലാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് പരിപാടികൾ നടക്കുന്നത്.

1930 സെപ്റ്റംബർ 20-ാം തീയതി ദൈവദാസൻ ആർച്ചുബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ കത്തോലിക്കാ സഭയിലേക്ക് നടന്ന പുനരൈക്യ പ്രസ്ഥാനം ഇന്ന് സാർവ്വത്രിക സഭയിൽ സ്വയാധികാര വ്യക്തിഗത സഭയായി ഉയർത്തപ്പെട്ടു. സഭാതലവൻ പത്രോസിന്റെ പിൻഗാമിയായ മാർപാപ്പായെ തെരഞ്ഞെടുക്കുന്ന കർദ്ദിനാൾ സംഘത്തിലേക്കും  ഉയർത്തപ്പെട്ടു. അഞ്ച് വ്യക്തികളിൽ ആരംഭിച്ച പ്രസ്ഥാനം അഞ്ചുലക്ഷത്തോളം വിശ്വാസികളുള്ള സഭാസമൂഹമായി ഉയർന്നു. ഒരു മേജർ  അതിരൂപതയും ഒരു അതിരൂപതയും 10 രൂപതകളും സഭയ്ക്കുണ്ട്. മലയാളത്തിൽ ഉപയോഗിച്ചിരുന്ന ആരാധന ക്രമം ഇന്ന് തമിഴും  ഹിന്ദിയുമടക്കം പത്തോളം ഇൻഡ്യൻ ഭാഷകളിലും മറ്റ് വിദേശ ഭാഷകളിലും ഉപയോഗിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിൽ സഭ സജീവമായി രംഗത്തുണ്ട്. പുനരൈക്യ ദിനമായ സെപ്റ്റംബർ 20-ന് രാവിലെ 7.30ന് മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ തിരുമേനി മണ്ണന്തല ഇടവകയിൽ പുനരൈക്യ വി. കുർബാന അർപ്പിക്കും.

21-ാം തീയതി വൈകിട്ട് 5.30ന് നടക്കുന്ന പുനരൈക്യ വാർഷിക സമ്മേളനം മാർത്തോമ്മാ സഭാ സഫ്രഗൻ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണബാസ് ഉത്ഘാടനം ചെയ്യും. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ അധ്യക്ഷത വഹിക്കും. ആർച്ചുബിഷപ്പ് സൂസൈപാക്യം മുഖ്യ സന്ദേശം നൽകും. സി. എസ്. ഐ. സഭാ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം വി. പി. സുഹൈബ് മൗലവി, മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി. ആർ. അനിൽ, ഡോ. ശശിതരൂർ എം.പി., മേയർ ആര്യാ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., വി. കെ. പ്രശാന്ത് എം. എൽ. എ., ഡപ്യൂട്ടി മേയർ പി. കെ. രാജു, വിവിധ സഭാ പ്രതിനിധികളായ റവ. ഫാ. ജോസഫ് കീപ്രത്ത്, ജോസഫ് സാമുവൽ കറുകയിൽ കോറെപ്പിസ്‌കോപ്പാ, കൗൺസിലർമാരായ വനജ രാജേന്ദ്ര ബാബു, ജോൺസൺ ജോസഫ്, മോൺ. മാത്യു മനക്കരകാവിൽ, മോൺ. വർക്കി ആറ്റുപുറത്ത് എന്നിവർ പ്രസംഗിക്കും


മലങ്കര പുനരൈക്യ പ്രസ്ഥാനം
91 വർഷങ്ങൾ പിന്നിടുന്നു

1930 സെപ്റ്റംബർ 20, കേരളത്തിലെ പുത്തൻകൂർ സമുദായ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ദിനം. യാക്കോബായ സഭയിലെ പ്രശസ്തനും പണ്ഡിതനും ആദർശ ധീരനുമായ ഗീവർഗ്ഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത മറ്റ് നാലുപേരോടൊപ്പം കത്തോലിക്കാ സഭയിൽ പ്രവേശിച്ചു. നൂറ്റാണ്ടുകളുടെ പ്രാർത്ഥനയും പരിശ്രമവുമാണ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ നടന്ന പുനരൈക്യം. 91 വർഷങ്ങൾ പിന്നിടുന്ന മലങ്കര പുനരൈക്യ പ്രസ്ഥാനം ഒരു ദൈവീക പദ്ധതിയാണെന്നതിന് മറ്റ് തെളിവുകൾ വേണ്ട. അതിന്റെ വളർച്ച മാത്രം നിരീക്ഷിച്ചാൽ മതിയാകും. കഴിഞ്ഞ 91 വർഷങ്ങളായി മാർ ഈവാനിയോസ് തിരുമേനി മുതൽ ഇന്ന് സഭയ്ക്ക് നേതൃത്വം നൽകുന്ന കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ വരെ നല്കുന്ന നേതൃത്വം സഭയെ വളർച്ചയുടെ പടവുകളിൽ ബഹുദൂരം കൊണ്ടുപോയിട്ടുണ്ട്.

പുനരൈക്യ പ്രസ്ഥാനത്തിന്റെ ആരംഭത്തിനുശേഷം മാർ ഈവാനിയോസ് മെത്രാപ്പോലീത്ത തന്റെ ആസ്ഥാനമായി തെരഞ്ഞെടുക്കുന്നത് തിരുവനന്തപുരമാണ്. കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്നതിനും അനേക വർഷങ്ങൾ മുൻപ് തിരുവനന്തപുരം തന്റെ ആസ്ഥാനമാക്കി തീർക്കണമെങ്കിൽ മാർ ഈവാനിയോസ് തിരുമേനിയുടെ തീരുമാനത്തിലെ ദൈവീക ഇടപെടൽ വളരെ വ്യക്തമാണ്. തുടർന്ന് മാർ ഈവാനിയോസ് തിരുമേനി നടത്തുന്ന യൂറോപ്യൻ പര്യടനം പിന്നീടുള്ള സഭയുടെ വളർച്ചയിൽ നിർണ്ണായകമായി. ആ യാത്രയിൽ അദ്ദേഹം അഞ്ചുപ്രാവശ്യമാണ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ആ കൂടിക്കാഴ്ചകളിൽ മലങ്കര പുനരൈക്യ പ്രസ്ഥാനത്തെ സാർവ്വത്രിക സഭാകൂട്ടായ്മയിലെ ഒരു വ്യക്തിഗത സഭയായി അംഗീകരിച്ചു. മാർ ഈവാനിയോസ് തിരുമേനിയെ സഭയുടെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പായി നിയമിച്ചു. തിരുവനന്തപുരം കേന്ദ്രമായി അതിരൂപതയും തിരുവല്ല കേന്ദ്രമായി രൂപതയും നിലവിൽ വന്നു. അങ്ങനെ നിലവിൽ വന്ന സഭാ ഹയരാർക്കിയുടെ നവതി വർഷമാണ് ഇത്. ഇപ്പോൾ മാർ ഈവാനിയോസ് പിതാവിനുശേഷം ഭാഗ്യസ്മരണാർഹനായ ആർച്ചുബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി 42 വർഷക്കാലം സഭയ്ക്കും തിരുവനന്തപുരം അതിരൂപതക്കും  നേതൃത്വം നല്കി. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ കാലയളവിൽ സ്ഥാപിക്കപ്പെട്ടു. തുടർന്ന് സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത സഭയുടെ അധ്യക്ഷനായി. ഈ കാലയളവിലാണ് മലങ്കര കത്തോലിക്കാ സഭ ഒരു മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ സഭയായി ഉയർത്തപ്പെട്ടത്. സാർവ്വത്രിക സഭയിൽ പാത്രിയർക്കൽ പദവിക്കു തുല്യമായ മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ സഭയായതുവഴിയായി മലങ്കര കത്തോലിക്കാസഭ ഒരു പൂർണ്ണ സ്വയാധികാര സഭയായി മാറി. ഇപ്പോഴത്തെ സഭാധ്യക്ഷൻ അത്യഭിവന്ദ്യ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായെ സാർവ്വത്രിക സഭയിലെ ഒരു കർദ്ദിനാളായി മാർപാപ്പാ നിയമിച്ചു. ഇന്ത്യ മുഴുവൻ സഭക്ക് അജപാലന അധികാരം ലഭിച്ചു.

 

Foto

Comments

leave a reply

Related News