Foto

ഫ്രാന്‍സിസ് പാപ്പ സ്‌നേഹ ദൂതുമായ് ഇറാക്കിലെത്തി

ഊഷ്മള വരവേല്‍പ്പ് ഏറ്റുവാങ്ങി ചരിത്ര സന്ദര്‍ശനത്തിന് തുടക്കം


കടുത്ത സുരക്ഷാ ഭീഷണികളെ തൃണവല്‍ഗണിച്ചും  കോവിഡ് വ്യാപനത്തെ കൂസാതെയും അനുരഞ്ജനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇറാക്കിലെ ചരിത്ര സന്ദര്‍ശനത്തിന് തുടക്കം. പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്ക് മാര്‍പ്പാപ്പയുടെ വിമാനം ബാഗ്ദാദിലെത്തി; ഊഷ്മളമായിരുന്നു വരവേല്‍പ്പ്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുന്നോട്ടുവയ്ക്കുന്ന 'സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശത്തെ' സ്വാഗതം ചെയ്യാന്‍ ഇറാഖികള്‍ ഉത്സുകരാണെന്ന് ഇറാഖ് വിദേശകാര്യ മന്ത്രി ഫുവാദ് ഹുസൈന്‍ പറഞ്ഞു. 'മിനാരവും ദേവാലയ മണികളും' തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.രാജ്യത്തെ ഉന്നത ഷിയാ പുരോഹിതനായ ഗ്രാന്‍ഡ് ആയത്തുള്ള അല്‍ സിസ്താനിയുമായുള്ള പാപ്പായുടെ  സ്വകാര്യ കൂടിക്കാഴ്ചയെ ഇറാഖിനുമപ്പുറത്തും ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. പ്രസിഡന്റ് ബര്‍ഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായും മാര്‍പാപ്പ ഇന്ന് സംവദിക്കും. നാളെ  നസിറിയയില്‍ സര്‍വമത സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ബഗ്ദാദിലും ഞായറാഴ്ച ഇര്‍ബിലിലും ദിവ്യബലി അര്‍പ്പിക്കും.

കനത്ത സുരക്ഷയാണ് ഇറാഖിലെങ്ങും ഒരുക്കിയിട്ടുള്ളത്. 10,000 സൈനികരെ വിവിധ മേഖലകളിലായി വിന്യസിച്ചതായി ഇറാഖിന്റെ സംയുക്ത സേനാ വക്താവ് തഹ്‌സിന്‍ അല്‍ ഖഫാജി പറഞ്ഞു.മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിങ്കളാഴ്ച മാര്‍പാപ്പ റോമിലേക്ക് മടങ്ങും.
സെന്‍ട്രല്‍ ബാഗ്ദാദില്‍ അസംഖ്യം ബാനറുകളും പോസ്റ്ററുകളും വിന്യസിച്ചാണ് ഇറാഖികള്‍ സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ ചിത്രീകരിക്കുന്ന ബോര്‍ഡുകളില്‍ 'ഞങ്ങള്‍ എല്ലാവരും സഹോദരന്മാരാണ്' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രധാന പാത അലങ്കരിക്കുന്നു. മധ്യ തഹ്രിര്‍ സ്‌ക്വയറില്‍, വത്തിക്കാന്‍ ചിഹ്നം കൊണ്ട് അലങ്കരിച്ച ഒരു മോക്ക് ട്രീ സ്ഥാപിക്കപ്പെട്ടു. ഇറാഖി, വത്തിക്കാന്‍ പതാകകള്‍ തെരുവുകളില്‍ അണിനിരക്കുന്നു.

രാജ്യത്തെ ക്രൈസ്തവരുടെ എണ്ണം കുറയുന്നതിലുള്ള സഭയുടെ ഉത്ക്കണ്ഠയ്ക്കിടെയാണ് പാപ്പായുടെ സ്‌നേഹസന്ദര്‍ശനം. വര്‍ഷങ്ങളോളം അരങ്ങേറിയ യുദ്ധത്തിനും പീഡനങ്ങള്‍ക്കും ശേഷം രാജ്യം പുനര്‍നിര്‍മിക്കാനുള്ള യത്‌നത്തില്‍ ക്രൈസ്തവരുടെ തുണ അഭ്യര്‍ത്ഥിക്കാന്‍ ഈ സന്ദര്‍ഭം ഭരണ നേതാക്കള്‍ ഉപയോഗിക്കുമെന്ന നിരീക്ഷണവുമുണ്ട്. പുണ്യപുരാണ മൊസൂള്‍ നഗരവും പാപ്പ സന്ദര്‍ശിക്കും. അവിടെ ചര്‍ച്ച് സ്‌ക്വയറില്‍ യുദ്ധത്തിന്റെ ഇരകള്‍ക്കായി പ്രാര്‍ത്ഥനകള്‍ നടത്തും. തുടര്‍ന്ന് അദ്ദേഹം ഇറാഖിലെ പ്രധാന ക്രിസ്ത്യന്‍ പട്ടണങ്ങളിലൊന്നായ ഖരാക്കുഷിലേക്ക് പോകും. 2010ല്‍ നടന്ന ആക്രമണത്തില്‍ 50 ലധികം പേര്‍ കൊല്ലപ്പെട്ട സിറിയന്‍ കത്തോലിക്കാ ദേവാലയമായ ഔവര്‍ ലേഡി ഓഫ് സാല്‍വേഷനില്‍ പുരോഹിതന്മാരുമായി കൂടിക്കാഴ്ച നടത്തും.

ഇറാഖ് പ്രസിഡന്റ് ബര്‍ഹം സാലിഹ് 2019 ജൂലൈയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ രാജ്യം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത്. ഇറാഖിനെ, പ്രത്യേകിച്ച് രാജ്യത്തെ ദുരിതമനുഭവിക്കുന്ന ക്രിസ്ത്യന്‍ ജനതയെ നിരാശപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന പരാമര്‍ശത്തോടെയാണ്് ഇറാഖ് പ്രസിഡന്റിന്റെ ക്ഷണം മാര്‍പാപ്പ സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും പഴയ ക്രിസ്ത്യന്‍ സമുദായത്തെ പിന്തുണയ്ക്കാനും അവരുമായി അടുത്തിടപഴകാനുമുള്ള അവസരം പാപ്പ സസന്തോഷം സ്വീകരിച്ചു. മാര്‍പാപ്പയുടെ സന്ദര്‍ശനം വര്‍ഷങ്ങളായുള്ള രാജ്യത്തെ കലാപ അന്തരീക്ഷങ്ങള്‍ക്ക് ആശ്വാസമേകുമെന്ന പ്രതീക്ഷയാണ് പൊതുവേയുള്ളത്.2014-2017 ലെ അക്രമാസക്തമായ ഇസ്ലാമിക് സ്റ്റേറ്റ് ഭരണകാലത്ത് ക്രിസ്തുവിന്റെ കാലം മുതലുള്ള വടക്കന്‍ ക്രിസ്ത്യന്‍ സമുദായങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ടിരുന്നു.

 

ബാബു കദളിക്കാട് ✍️

Foto

Comments

leave a reply

Related News