Foto

തിരക്കഥകളുടെ അതികായന്‍  ജോണ്‍പോള്‍ പോയ്മറഞ്ഞു  

ജോഷി ജോര്‍ജ്

തികച്ചും വ്യത്യസ്തമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ പ്രഗത്ഭ്യം തെളിയിച്ച പ്രശസ്തനായ തിരക്കഥാകൃത്ത്, അനുഗ്രഹീത പ്രഭാഷകന്‍, സിനിമ നിര്‍മ്മാതാവ് എന്നിങ്ങനെ ഒട്ടേറെ  മേഖലകളില്‍ വ്യക്തിമുദ്ര രതിപ്പിച്ച ജോണ്‍ പോള്‍ കഥാവശേഷനായി.
കേരളടൈംസ് പത്രത്തിന്റെ വാരാന്ത്യപ്പതിപ്പായ സത്യനാദത്തിലൂടെയാണ് ഞാന്‍ ആദ്യമായി ജോണ്‍ പോള്‍ എന്ന എഴുത്തുകാരനെ അറിയുന്നത്.  പീറ്റര്‍ ലാല്‍,
സെബാസ്റ്റിന്‍ പോള്‍, ജോണ്‍ പോള്‍ ഈ മൂവര്‍ സംഘമായിരുന്നു സത്യനാദത്തിന്റെ സ്ഥിരമെഴുത്തുകാര്‍. സിനിമയെക്കുറിച്ചായിരുന്ന ജോണ്‍ പോള്‍ ഏറെയും എഴുതിയിരുന്നത്. ഈ മൂവര്‍ സംഘം വൈകുന്നേരങ്ങളില്‍ തമ്പടിച്ചിരുന്നത്  ആര്‍ട്ടിസ്റ്റ് കിത്തോയുടെ ഡിസൈന്‍ സെന്ററിലായിരുന്നു. അവിടെ നിന്ന്  കലൂര്‍ ഡെന്നീസിന്റെ ചുമതലയില്‍ ചിത്രപൗര്‍ണ്ണമി എന്നൊരു സിനിമാ വാരികയുണ്ട്.  ഇതുകൂടാതെ  എം. ഡി ജോര്‍ജിന്റെ ചിത്രകൗമുദി വാരിക,  അക്കാലത്ത്  ജോണ്‍ പോളിന്റ പത്രാധിപത്യത്തിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. വൈകുന്നേരങ്ങളില്‍ ഇവരുടെ മുഖ്യ ചര്‍ച്ചാവിഷം സിനിമതന്നെ. 1980 കളുടെ തുടക്കത്തില്‍ മലയാളത്തിലെ പ്രഗല്‍ഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍  ജോണ്‍പോളിനായത്  ഈ സായ്ഹാനസൗഹൃദം തന്നെയായിരുന്നു.
 അധ്യാപകനായിരുന്ന ഷെവലിയര്‍ പുതുശ്ശേരി വര്‍ക്കി പൗലോസിന്റെയും മുളയരിക്കല്‍ റബേക്കയുടേയും മകനായി ജനനം. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍, സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍, പാലക്കാട് ചിറ്റൂര്‍ ഗവണ്‍മെന്റ്  സ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളേജ് വിദ്യാഭ്യാസം എറണാകുളം മഹാരാജാസില്‍.  പ്രീഡിഗ്രിയും ബിരുദവും തുടര്‍ന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും  പൂര്‍ത്തിയാക്കിയ ജോണ്‍ ബാങ്ക് ഉദ്യോഗസ്ഥനായാമ് ജീവിതം ആരംഭിച്ചത്. 
പഠനകാലത്ത് ഗ്രന്ഥശാല, സ്‌കൗട്ട്, ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ഹ്രസ്വചിത്രങ്ങള്‍ക്കും  ഡോക്കുമെന്ററികള്‍ക്കും പരസ്യങ്ങള്‍ക്കും വേണ്ടി രചന നിര്‍വഹിച്ചു. പതിനൊന്ന് വര്‍ഷം കാനറാ ബാങ്കില്‍ ജോലി ചെയ്തു. ഐ വി ശശി സംവിധാനം ചെയ്ത 'ഞാന്‍, ഞാന്‍ മാത്രം' എന്ന ചിത്രത്തിന് കഥയെഴുതിയാണ് സിനിമയിലേക്കുളള വരവ്. ഭരതന്‍ സംവിധാനം ചെയ്ത 'ചാമരം' എന്ന ചിത്രത്തിലൂടെ സിനിമാ തിരക്കഥാകൃത്തായി. സിനിമയില്‍ സജീവമായതോടെ മുപ്പത്തിമൂന്നാം വയസ്സില്‍ കാനറാ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുഴുവന്‍സമയ എഴുത്തുകാരനായി. ഭരതന്‍, ഐ വി ശശി, കെ എസ് സേതുമാധവന്‍, മോഹന്‍, പി ജി വിശ്വംഭരന്‍, സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍,കെ മധു, വിജി തമ്പി തുടങ്ങി നിരവധി പ്രമുഖ സംവിധായകര്‍ക്കു വേണ്ടി തിരക്കഥയും സംഭാഷണവുമെഴുതി. 
എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത 'ഒരു ചെറുപുഞ്ചിരി', ഐ.വി.ശശി സംവിധാനം ചെയ്ത 'ഭൂമിക' എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ഒരു ചെറുപുഞ്ചിരി' ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. 'ഗ്യാങ്സ്റ്റര്‍', 'സൈറാബാനു' തുടങ്ങിയ ചിത്രങ്ങളില്‍ നടനായി. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗവുമായിരുന്നു. സിനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ 'മാക്ട'യുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്.  
 2009ല്‍ വിജി തമ്പിക്കുവേണ്ടി എഴുതിയ 'നമ്മള്‍ തമ്മില്‍' എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം ജോണ്‍ പോളിനെ സിനിമകളില്‍ കണ്ടിരുന്നില്ല. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വിനായകന്‍ നായകനായ കമല്‍ ചിത്രം പ്രണയമീനുകളുടെ കടല്‍' എഴുതി ജോണ്‍ പോള്‍ വീണ്ടും തന്റെ സാന്നിധ്യം അറിയിച്ചു. സിനിമ തന്നില്‍ നിന്ന് മാറിനിന്നപ്പോള്‍ ശൂന്യതയിലേക്കല്ല പോയതെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. 
ഒരുപാട് ഗവേഷണങ്ങള്‍ക്കും ഇതര വിഷയങ്ങള്‍ എഴുതുന്നതിനും ഇക്കാലത്ത്  ജോണ്‍ പോളിന് സാധിച്ചു. മാധ്യമ വിദ്യാര്‍ഥികള്‍ക്ക് സിനിമ എന്തെന്ന് പറഞ്ഞുകൊടുക്കാനും ഇദ്ദേഹത്തിന് ആ കാലയളവില്‍ കഴിഞ്ഞിരുന്നു. മാത്രമല്ല,  ഒട്ടേറെ യുവ സംവിധായകരുടെ സിനിമാചര്‍ച്ചകള്‍ക്ക് ഊര്‍ജ്ജമാകാനും കഴിഞ്ഞിട്ടുണ്ട്.
മധു ജീവിതം ദര്‍ശനം, ഒരു കടങ്കഥ പോലെ ഭരതന്‍, അടയാളനക്ഷത്രമായി ഗോപി, രുചി സല്ലാപം, സി.ജെ. തോമസും സി.ജെ. തോമസും, പരിചായകം, പി.എന്‍. മേനോന്‍- വിഗ്രഹഭഞ്ജക?ര്‍ക്കൊരു പ്രതിഷ്ഠ, പവിത്രം ഈ സ്മൃതി, സവിധം, കാലത്തിനുമുമ്പേ നടന്നവര്‍ തുടങ്ങിയ കൃതികളും രചിച്ചിട്ടുണ്ട്. 
കെയര്‍ ഓഫ് സൈറാബാനു, ഗാങ്സ്റ്റര്‍ എന്നീ സിനിമകളില്‍ അഭിനേതാവായും ജോണ്‍ പോള്‍ നന്നായി ശോഭിച്ചിരുന്നു.  
 ഇനിയും പറഞ്ഞ് തീരാത്തത്ര കഥകള്‍ മനസിലൊളിപ്പിച്ചുവെച്ചുകൊണ്ടുതന്ന 72ാം വയസ്സില്‍ കാല യവനികയ്ക്കുള്ളില്‍ ആ കലാകാരന്‍ മറഞ്ഞുകളഞ്ഞു.

Foto

Comments

leave a reply

Related News