Foto

അക്ഷരങ്ങളുടെ അറിവിന്റെ കഥകളുടെ  രാജാവ്  ജോണ്‍ പോള്‍

കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ പാലാരിവട്ടം പി.ഓ.സിയില്‍ നടന്ന ജോണ്‍ പോള്‍  അനുസ്മരണത്തില്‍ ജോളി ജോസഫിന്റെ അനുസ്മരണ സന്ദേശം

 

കൊച്ചി: മലയാളത്തിന്റെ മഹാപ്രതിഭയായിരുന്ന മണ്മറഞ്ഞ  ജോണ്‍ പോള്‍  സാറിനെ സ്‌നേഹിച്ചിരുന്ന എല്ലാവര്ക്കും നമസ്‌കാരം  !  ഗുരുക്കന്മാരുടെ ഗുരുനാഥനായ സാനുമാഷും അതുപോലെതന്നെ  വലിയ പ്രാസംഗീകരുമുള്ള  ഈ വേദിയില്‍  നിന്ന് പ്രസംഗിക്കാന്‍ ശ്രമിച്ചാല്‍  എന്റെ  മുട്ടിടിക്കും എന്ന് ഉറപ്പുള്ളതിനാലാണ്   കുറച്ചു വാക്കുകള്‍ ഞാന്‍ എഴുതികൊണ്ടു വന്നിരിക്കുന്നത് , എന്നോട് പൊറുക്കണം .

ഞാന്‍ ജോളി ജോസഫ് , മീന്‍ കച്ചോടമാണ് തൊഴില്‍ ..അതിനിടയില്‍ മലയാളത്തിലും കന്നഡയിലുമായി കാശു കളഞ്ഞ  കുറച്ചു സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട് .. ജോണ്‍ സാറിന്റെ അംഗരക്ഷകന്‍ ഡ്രൈവര്‍ അറ്റന്‍ഡര്‍ പാചകക്കാരന്‍ വിളമ്പുകാരന്‍, ചില പരിപാടികളുടെ  മാനേജര്‍ , യാത്രകളിലെ കൂട്ടാളി, സ്വപ്നങ്ങള്‍ പങ്കുവെച്ച പങ്കാളി എന്നിങ്ങനെ അദ്ദേഹത്തിനും  എനിക്കും  ഇഷ്ടപ്പെട്ട  ആടാത്ത വേഷങ്ങള്‍ കുറവാണ്  , അറുപതില്‍ പരം രാജ്യങ്ങളില്‍ യാത്രചെയ്യാനും  യൂറോപ്പിലും അമേരിക്കയിലും ഗള്‍ഫിലും കുടുംബമായി കഴിയാനും ഭാഗ്യം ലഭിച്ച  എന്റെ  മണ്ടത്തരങ്ങളും കുസൃതികളും പാചകങ്ങളും  കേട്ടിരിക്കാനായിരുന്നു  അദ്ദേഹത്തിന് ഏറെ താല്പര്യം !

എന്നെ സംബന്ധിച്ചിടത്തോളം  അക്ഷരങ്ങളുടെ അറിവിന്റെ കഥകളുടെ  രാജാവായ അദ്ദേഹത്തെ  ഞാന്‍  ഒരുപാട് സ്‌നേഹിച്ച്  ബഹുമാനിച്ച്  ആദരിച്ച്  എന്നും അനുസരിച്ച്   തന്നെയാണ്  വര്ഷങ്ങളോളം കഴിഞ്ഞത് എന്നത് അഭിമാനം തന്നെ ....അദ്ദേഹത്തിന്റെ വീട് എന്റേതും ആയിരുന്നു ...! എന്റെ മൂന്ന് പെണ്‍ കുഞ്ഞുങ്ങള്‍ അദ്ദേഹത്തിന്റെ കാല് തൊട്ടു വന്ദിച്ചിട്ടായിരുന്നു  വിദ്യാഭ്യാസം തുടങ്ങിയത് തന്നെ ...!  സാറാണ്  എന്നെ  സാക്ഷാല്‍  സാനു മാഷ് ,  എം ടി സര്‍ , കെ ജി ജോര്‍ജ് സര്‍, മോഹന്‍  സര്‍ , മനോരമയിലെ ഫ്രാന്‍സിസ് സര്‍  , പിന്നെ ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ എല്ലാമായിരുന്ന  റോബി അച്ചന്‍ എന്നിങ്ങനെയുള്ള ഒരുപാട് മഹാ വ്യെക്തികളെ പരിചയപെടുത്തിത്തന്നത് !

എന്റെ ജീവിത അനുഭവങ്ങള്‍  സങ്കടങ്ങള്‍ ആശയങ്ങള്‍ കഥകള്‍  സാറിനോട് പങ്കുവെച്ചിരുന്നു ... എന്റെ ജീവിത അനുഭവത്തില്‍ നിന്നും എടുത്ത നാലഞ്ചു സംഭവങ്ങള്‍ അതിമനോഹരമായി സാറ്  എഴുതി പ്രസിദ്ധികരിച്ചിട്ടുണ്ട് എന്നുള്ളതും , സാറിന്റെ ' തെരേസ ഹാഡ് എ ഡ്രീം ' എന്ന ഇംഗ്ലീഷ് സിനിമയില്‍ ഒരു വേഷം ചെയ്യാനായി  എന്നുള്ളതും എന്റെ മാത്രം സുകൃതം ...! ഞാനെഴുതിയ ' ദി ചാണക്യ ഓഫ് കേരള ' എന്ന പുസ്തകവും  സാക്ഷാല്‍ ഭാരത് ചാരുഹാസന്‍ സര്‍  എഴുതി  എന്റെ പേരില്‍ റൈറ്‌സ് ഉള്ള '' സ്റ്റാന്റിംഗ് ഓണ്‍ മൈ ഫീറ്റ് '' എന്ന പുസ്തകവും മലയാളത്തില്‍  പ്രസിദ്ധരിക്കാന്‍ സാര്‍ നടപടികള്‍ തുടങ്ങിയിരുന്നു  ... 

ഞങ്ങള്‍  ഒരുമിച്ച്   ' അനുഗ്രഹത്തിന്റെ   ഇരട്ടി  മധുരം  ' എന്ന  നല്ലൊരു   ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്  . അതുകൂടാതെ   ആഷിക് അബുവിന്റെ സംവിധാനത്തില്‍   ' വലതു വശത്തെ കള്ളന്‍ ' '  ഹോളിവൂഡിലെ ക്രിസ്റ്റഫര്‍ മൈല്‍സിന്റെ സംവിധാനത്തില്‍   ' ദി സൈന്റ്‌റ്  മദര്‍ തെരേസ ' പദ്മകുമാറിന്റെ സംവിധാനത്തില്‍   ' സിസ്റ്റര്‍  ജാന്‍സി റാണി ' എന്നീ  സിനിമകളും നിര്‍മിക്കാനും  പ്ലാന്‍ ചെയ്തിരുന്നു ...   കൂടാതെ '' സ്‌നേഹപൂര്‍വ്വം ജോണ്‍ പോള്‍ '' എന്ന ടി വി പ്രോഗ്രാമും , എന്റെ കയ്യിലുള്ള ഏഷ്യന്‍ രാജ്യങ്ങളെക്കുറിച്ചുള്ള  രേഖകളെ ആധാരമാക്കി  സഫാരി  ടി വി ക്കു വേണ്ടി ' അറിയേണ്ട ചരിത്രം '  എന്ന പ്രോഗ്രാമും , 'രുചി ധര്‍മിണി ' എന്ന പേരില്‍ ഒരു പാചക പരിപാടിയും   പ്ലാന്‍ ചെയ്തിരുന്നു . പക്ഷെ ഇനി എന്താവും ,എനിക്കറിയില്ല. 

ജനുവരിയില്‍ നടന്ന ' വീഴ്ചയെ ' കുറിച്ച് ഞാനെഴുതിയത്തിന്റെ  അന്തസത്ത അറിയാതെ എന്നെയും, കട്ടില്‍നിന്നും  വീണുകിടന്നിരുന്ന തികച്ചും അഭിമാനിയായ  സാറിനെ സഹായിക്കാന്‍ അവിചാരിതമായങ്കിലും നിയോഗം പോലെ അവിടെ എത്തപ്പെട്ട നടന്‍ കൈലാഷിനെയും ,  സാക്ഷിപോലുമല്ലാത്തവര്‍ സത്യമറിയാതെ  അടിമുടി വിമര്‍ശിക്കുന്നതിനു  മുന്‍പ്  എന്നെ ഒന്ന്  വിളിക്കാമായിരുന്നു ... വേണ്ടാ, എല്ലാത്തിനും സാക്ഷിയായായിരുന്ന  സാറിന്റെ ഭാര്യയോട്  ഒരു വാക്ക്  ചോദിച്ചിട്ട് വിമര്‍ശിക്കാമായിരുന്നു എന്ന് മാത്രമേ ഇപ്പോള്‍  പറയാനുള്ളൂ ...  അതുണ്ടാക്കിയ മനോവേദന എന്നില്‍ തന്നെ ഉരുകിതീരാന്‍ ദൈവം സഹായിക്കട്ടെ .  എന്നിരുന്നാലും എനിക്കെന്റെ അഭിപ്രായമെഴുതാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ തന്നെയാണ്    മറ്റുള്ളവര്‍ക്കതിനെ വിമര്‍ശിക്കാനുള്ള  അവകാശവും  സ്വാതന്ത്ര്യവും  എന്നും ഞാന്‍ വിശ്വസിക്കുന്നു ...! 


കേരളത്തില്‍ ഏകദേശം  49 ലക്ഷം  വയസ്സായവരില്‍ , ഏകദേശം അഞ്ചു  ലക്ഷം ആളുകള്‍ ഒറ്റയ്ക്ക് ജീവിക്കുന്നവരാണ് ..  കൊച്ചിയില്‍ മാത്രം 429000 വയസ്സായവര്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്  .. ഒരുദാഹരണത്തിന്  കളമശേരി മുനിസിപ്പാലിറ്റിയിലെ  29 വാര്‍ഡില്‍ മാത്രം 249 ആളുകള്‍ വയസ്സായവര്‍ താമസിക്കുന്നുണ്ട് ,അതില്‍ 81 പേര് ഒറ്റക്കാണ് ... പ്രളയവും കോവിടും കാരണം വര്ഷങ്ങളായി  അവര്‍ വീട്ടിനകത്താണ് ..അവരുടെ മസിലുകള്‍ക്ക് ബലമില്ലാതായി എന്നത് സത്യമാണ് ... ! ഇതെല്ലാം  പഠിക്കാന്‍ തുടങ്ങിയത് സാറിന്റെ വീഴ്ച കഴിഞ്ഞിട്ടാണ് ...ഇത്തരം വിവരങ്ങള്‍   പങ്കുവെച്ചപ്പോള്‍ സാറാണ് പറഞ്ഞത്   '' ഞാന്‍ നന്നായി എഴുതി തരാം , നമുക്ക് എല്ലാ കാര്യങ്ങളും പൊതുജന ശ്രദ്ധയില്‍ പെടുത്തണം ...വേറെ ഒരാള്‍ക്കും എന്റെ പോലുള്ളൊരു  ഗതികേട് വരരുത് ...''   സാറ് പറഞ്ഞതെ എന്നും അനുസരിച്ചിട്ടുള്ളൂ ....!

പിന്നെ  ചികില്‌സകളില്‍നിന്നും  സാറിന്റെ തിരിച്ചു വരവിനു വേണ്ടി പ്രയത്‌നിക്കാനും പ്രാര്‍ത്ഥിക്കാനും അല്ലാതെ വേറെ വഴിയില്ലാതിരുന്നു, അങ്ങിനെയാണ് ആ ' വീഴ്ച' യുടെ  വിവരം വൈകിയത്. അവസാനം  സാര്‍ വിട്ടു പിരിഞ്ഞു പോയപ്പോഴാണ്  എന്റെ സങ്കടം  തികച്ചും  വൈകാരീകമായിത്തന്നെ  സത്യം സത്യമായി   എഫ്ബി പോസ്റ്റില്‍ എഴുതിയതും പറഞ്ഞതും പ്രവര്‍ത്തിച്ചതും .

മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന അന്തരിച്ച  എന്റെ അപ്പച്ചന്‍ സഖാവിനേക്കാള്‍ , അന്യരുടെ പാടത്തും പറമ്പത്തും കൂലി വേലയെടുത്ത്  ഞങ്ങള്‍ അഞ്ചു മക്കളെ വളര്‍ത്തിയത്   ഇപ്പോള്‍ 88 വയസ്സുള്ള എന്റെ  അമ്മച്ചിയാണ് . നഗരത്തിലേക്ക് വരാന്‍ താല്പര്യമില്ലാത്ത അവര്‍ക്ക്   നാട്ടിലെ തറവാട്ടില്‍ 90 വയസ്സായ അവരുടെ സഹോദരിയാണ് കൂട്ട്. അവരെപോലെയുള്ളവര്‍  നട്ട മരത്തിന്റെ തണലിലാണ് ഞാന്‍ വളര്‍ന്നതെന്ന കാര്യം  എനിക്ക് മറക്കാനിവില്ല  . അവര്‍ക്കൊരു ആപത്ത് വന്നാല്‍ ആരെയാണ് ആദ്യം  വിളിക്കേണ്ടത് ....? കൂട്ടുകാരെയോ നാട്ടുകാരായോ പോലീസിനെയോ  ഫയര്‍ ഫോഴ്സിനെയോ  അതോ മെഡിക്കല്‍ ക്രമങ്ങള്‍  അറിയുന്ന ആംബുലന്‍സിന്റെ ആളുകളെയോ ?  അതിനൊരുത്തരം   കൂടി  സമൂഹത്തില്‍ നിന്നും കണ്ടെത്താനായിരുന്നു എന്റെ എആ പോസ്റ്റ് ...അല്ലാതെ ആരെയും നോവിക്കാനോ വെല്ലുവിളിക്കാനോ വിവാദമാക്കാനോ  അല്ല എന്ന് കൂടി  പറഞ്ഞോട്ടെ ..

സാമ്പത്തീക സഹായത്തിനായി  മാര്‍ച്ച് 20 ന് ഉണ്ടാക്കിയ വാട്‌സ് ആപ് ഗ്രൂപ്പില്‍  ഞാനും കൈലാഷും അംഗമാണ്   . ജോണ്‍ സാര്‍  ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍  ഊണും ഉറക്കവുമില്ലാതെ ഓടിനടന്ന എന്തിനും ഏതിനും സഹായത്തിന് നിന്ന ഒരുപാടു പേരുണ്ട് .  സാറിന്റെ കുടുംബത്തെ കൂടാതെ, പ്രിയങ്കരനായ  മുത്തു  , പുതുശേരി അച്ചന്‍  , റോബിയച്ചന്‍ , അഡ്വക്കേറ്റ് മനു സര്‍,  ചവറയിലെ ജോളി , മാട്രിമോണിയിലെ ജോണ്‍സന്‍ , ജയചന്ദ്രന്‍ സര്‍ , ചെറിയാന്‍ സര്‍ , തനൂജ മാഡം , സംവിധായകന്‍ ചന്ദ്രട്ടന്‍, എബ്രഹാം സാര്‍, ബാബു സര്‍   രാമചന്ദ്രന്‍ സര്‍  പിന്നെ  സാറിന്റെ ഒട്ടനവധി  ശിഷ്യന്മാര്‍... അച്ചന്മാര്‍ കന്യാസ്ര്തീകള്‍   ഡോക്ടര്‍മാര്‍ നഴ്സുമാര്‍ ... അതുകൂടാതെ രാത്രി  ദൈവദൂതന്മാരെ പോലെ വന്ന പാലാരിവട്ടത്തെ രണ്ടു പോലീസ് ഓഫീസര്‍മാര്‍ ,  മുഖ്യമന്ത്രിയുടെ ഓഫീസിലെ ആളുകള്‍ , ജാതി മത  രാഷ്ട്രീയ ബേദമന്യേ സാറിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും   നന്മ നേര്‍ന്നുകൊണ്ട് നന്ദി  പറഞ്ഞുകൊണ്ട് , വിമര്ശനങ്ങളെ ഭയക്കാതെ  എന്തെങ്കിലുമൊക്കെ  നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ ഒറ്റപ്പെട്ടുപോയ എന്നെ ദൈവം അനുവദിക്കട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ടും ,അതിനു വേണ്ടുന്ന സഹായസഹകരണങ്ങള്‍ നിങ്ങളില്‍നിന്നും പ്രതീക്ഷിച്ചുകൊണ്ടും ,  ഒരു വടവൃക്ഷംപോലെ തണലേകി എന്നെ നേര്‍വഴിയിലൂടെ നയിച്ച   പ്രിയങ്കരനായ ഗുരുസ്ഥാനിയായ  ജോണ്‍ പോള്‍ സാറിന് നിത്യശാന്തി നേര്‍ന്നുകൊണ്ടും , നിര്ത്തുന്നു .. നന്ദി നമസ്‌കാരം .


 

Foto

Comments

leave a reply

Related News