Foto

ജോണ്‍ പോള്‍ സാര്‍ :ഒരു ഗംഭീര മനുഷ്യകഥ

ഫാ.ഡോ.സിബു ഇരിമ്പിനിക്കല്‍,
ജോണ്‍ പോള്‍ സാറിന്റെ ഒരു ശിഷ്യന്‍

സ്‌നേഹത്തില്‍ ചാലിച്ച പുഞ്ചിരി, ഹൃദയത്തില്‍ തൊടുന്ന വര്‍ത്തമാനം. ഇതായിരുന്നു മഹാനായ ജോണ്‍ പോള്‍ എന്ന ചലച്ചിത്ര ഗുരു എനിക്ക്.  2019 ല്‍ കെസിബിസി മീഡിയ സെക്രട്ടറി ആയി കൊച്ചിയിലെ പി ഓ സി യില്‍ എത്തുമ്പോള്‍ ആരെയും ഒരു സ്ഥലവും എനിക്ക് പരിചയം ഇല്ലായിരുന്നു, ലുലു മാള്‍ കൊച്ചിയില്‍ ആണെന്ന് മാത്രമറിയാം. മറ്റൊന്ന് ജോണ്‍ പോള്‍ എന്ന ഗുരു ചലച്ചിത്ര പഠനകാലത്തു മീഡിയ വില്ലേജില്‍ പഠിപ്പിച്ചതും അദ്ദേഹം പാലാരിവട്ടത്തുണ്ടെന്നും. പോയി കണ്ടു, പിന്നെ അനുഭവിച്ചത് ഗുരുവിന്റെ പരിധിയില്ലാത്ത സ്‌നേഹം.
ഇത്രയേറെ തിരക്കുകളില്‍ സാംസ്‌കാരിക സദസ്സുകളില്‍ നിന്നും സൗഹൃദ സദസ്സുകളിലേക്കും അവിടുന്ന് വീട്ടിലേക്കും തുടരുന്നതായിരുന്നു ജോണ്‍ സാറിന്റെ ഓരോ ദിവസവും. അതിനിടയില്‍ പരിചയമില്ലാത്ത കൊച്ചിയുടെ സാംസ്‌കാരിക ഭൂപടം അദ്ദേഹം വരച്ചു തന്നു. 'എന്റെ ശിഷ്യനാണ്, പരിപാടിക്ക് വിളിക്കും ', എന്ന് പറഞ്ഞു ജോണ്‍ സാര്‍ ഫോണ്‍ വെക്കുന്നതിന്റെ പുറകെ എനിക്ക് ആരെയും വിളിക്കാം എന്ന സ്വപ്നസമാനമായ ഒരു ലോകത്തിലേക്ക് ഞാന്‍ പിറന്നു. എല്ലാം ജോണ്‍ പോള്‍ എന്ന പേരിനു മലയാളിയും സാംസ്‌കാരിക ലോകവും നല്‍കിയ ആദരവിന്റെ അനുബന്ധം മാത്രം.
ജോണ്‍ സാറിന്

കെസിബിസി ഗുരുപൂജ അവാര്‍ഡ് നല്‍കി ആദരിച്ചപ്പോള്‍ എല്ലാവരും ചോദിച്ചത് ഇതുവരെ അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയിരുന്നില്ലേ എന്നാണ്. കെസിബിസിയിലെയും കൊച്ചിയില്‍ പൊതുവെയും നിറസാന്നിധ്യമായ ജോണ്‍ സാര്‍ അംഗീകരങ്ങള്‍ക്കോ ആദരവിനോ എവിടെയും കാത്തു നില്‍ക്കാതെ നിരന്തരം സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയായി ശരീരവും മനസ്സും ആയിരം കുതിര വേഗത്തില്‍ ചലിപ്പിച്ചു കൊണ്ടിരുന്നു.
ആര്‍ക്കും സാധിക്കുന്ന ഏതു നന്മയും ചെയ്യാന്‍ ഒരു മടിയും ജോണ്‍ സാറിനില്ല.

ഇത്ര സജീവമായി ജീവിക്കാന്‍ കഴിയുന്നവര്‍ അധികമില്ല. ഇത്ര അര്ഥപൂര്‍ണ്ണമായി വര്‍ത്തമാനം പറയാന്‍ കഴിയുന്നവര്‍ അധികമില്ല. മലയാളം ഇത്ര മനോഹരമാണെന്ന് മനസിലാക്കിത്തരാന്‍ കഴിയുന്നവര്‍ അധികമില്ല. ഇത്ര സുന്ദര്മായി കഥ പറയുന്നവരില്ല. ഇത്ര ത്യാഗപൂര്‍വം അന്യര്‍ക്കു ഉപകാരം ചെയ്യാന്‍ ആലോചിക്കുന്നവര്‍ ഇനിയില്ല. കൊച്ചിയെക്കുറിച്ചും കൊച്ചിയുടെ ചരിത്രം രസചരടില്‍ കോര്‍ത്തു കെട്ടാനും ഇനിയാരുമില്ല.
സ്വാദുള്ള ഭക്ഷണത്തെയും അതിന്റെ രുചി വഴികളെയും ഇത്രയേറെ അറിഞ്ഞു വിവരിക്കാന്‍ ഇനിയാളില്ല. മനുഷ്യനെ ഇത്ര ആര്‍ദ്രമായും കരുണയോടും നോക്കാന്‍ കഴിയുന്ന ആരുണ്ടിനിയും. കലയുടെ സൗന്ദര്യശാസ്ത്രവും പ്രയോഗവും ഓരോ കാലത്തെ വളര്‍ച്ചയും അറിഞ്ഞും പറഞ്ഞും നമ്മില്‍ സ്വപ്നം വിടര്‍ത്താന്‍ ഇനിയാരുണ്ട്.
കൊച്ചു മകളുടെ ഓരോ പിറന്നാള്‍ ആഘോഷവും കൊച്ചിയിലെ ഒരു സാംസ്‌കാരിക ഉത്സവമാക്കി ആഹ്ലാദിക്കുന്ന ഒരു അപ്പച്ചന്‍ ഇനിയില്ല.

ജോണ്‍ സാര്‍ ഇനിയും ഒരുപാട് ഒരുപാട് കഥകളാണ്. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തില്‍ ഞാന്‍ കണ്ടതിനും ഒരുപാട് വലിയ മനുഷ്യന്‍. ഒരാളുടെ വിയോഗം അയാളുടെ ബന്ധുക്കളെയും സ്‌നേഹിതരെയും ബാധിക്കുന്നത് സ്വാഭാവികം. ജോണ്‍ സാറിന്റെ വിയോഗത്തില്‍ ഒരു സ്‌നേഹനിധിയായ ഗുരുവിന്റെ വിയോഗം വരുത്തുന്ന ശൂന്യത ഞാന്‍ അറിയുന്നു. ഇതുപോലെ എത്രയോ പേര്‍. ഞാന്‍ മൂന്നു വര്‍ഷത്തെ അടുപ്പത്തിന്റ കഥയാണെഴുതിയത്. ഒരായുസിന്റെ കഥകള്‍ പറയാനുള്ളവര്‍ എത്രയോ പേരെ എനിക്കറിയാം. അതിലുമേത്രയോ പേരുണ്ടാവും. എങ്കിലും എനിക്കിതെഴുതണം. കാരണം മനുഷ്യന്‍ എന്ന പദത്തിന്റെ വിശാല സാധ്യത പഠിപ്പിക്കുന്ന ഇത്തരം മനുഷ്യര്‍ ഇവിടെ പിറക്കുന്നതുകൊണ്ടാണ് നമ്മള്‍ മനുഷ്യരാ ണെന്നതില്‍ മോഹം തോന്നുന്നത്.
ജോണ്‍ സാര്‍ ഒരു ഗംഭീര മനുഷ്യന്‍ ആയിരുന്നു, ആ മനുഷ്യന്റെ സ്‌നേഹം അനുഭവിച്ച ഞങ്ങളെയും, ദൈവമേ, മനുഷ്യരാകാന്‍ മോഹിപ്പിക്കണമേ. ദൈവത്തിന്റെ തിരക്കഥയില്‍ ഇനിയും എന്തെല്ലാം മനുഷ്യ കഥകള്‍ ഉണ്ടാവും. പക്ഷേ ജോണ്‍ പോള്‍ പകരമില്ലാത്ത ഒരു കഥ.

ഫാ.ഡോ.സിബു ഇരിമ്പിനിക്കല്‍,
ജോണ്‍ പോള്‍ സാറിന്റെ ഒരു ശിഷ്യന്‍

Foto

Comments

leave a reply

Related News