Foto

 കെ റെയിലിനായി ചരിത്രത്തിലെ എറ്റവും വലിയ കടമെടുപ്പിന് ഒരുങ്ങി കേരള സര്‍ക്കാര്

33,700 കോടി വിദേശ വായ്പയെടുക്കുന്നു

നിലവിലെ കടം  മൂന്ന് ലക്ഷം  കോടി 

പൊങ്ങച്ച പദ്ധതി ആര്‍ക്ക് വേണ്ടി
 

തിരുവനന്തപുരം: മൂന്ന് ലക്ഷം കോടി രൂപയുടെ കടബാധ്യതയില്‍ നില്‍ക്കുമ്പോഴാണ് കേരളം കെ റെയിലിനായി  ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുപ്പിന് തയ്യാറാടെുക്കുന്നത്. വായ്പയായി 55,000 കോടി പ്രതീക്ഷിക്കുമ്പോഴും പദ്ധതി തുടങ്ങുമ്പോള്‍ ഇത് ഒരു ലക്ഷം കോടി പിന്നിടും. കടമെടുപ്പില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുന്ന തുക കുറയുന്നു എന്ന വിമര്‍ശനം കേള്‍ക്കുമ്പോഴാണ് മറ്റൊരു വന്‍ ബാധ്യതയിലേക്ക് കേരളം പോകുന്നത്. കേരളത്തിലെ ജനസംഘ്യ മൂന്നേകാല്‍ കോടി. കേരളത്തിന്റെ പൊതുകടം ഇപ്പോള്‍ മൂന്ന് ലക്ഷം തൊടുന്നു. ആളോഹരി കടം 90,000 രൂപ. നികുതി വരുമാനത്തില്‍ വന്‍ നഷ്ടം നേരിട്ടപ്പോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കടബാധ്യതയാണ് ഈ സാമ്പത്തിക വര്‍ഷം കേരളം വരുത്തി വച്ചത്. 

കെ റെയിലില്‍ സംസ്ഥാന സര്‍ക്കാര്‍ 33,700 കോടി വിദേശ വായ്പ എടുക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി കാക്കുന്നത്. രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും കടപത്രമിറക്കി 20,000 കോടിയിലേറെ വായ്പയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ കെ റെയില്‍ ചെലവ് ഉയരുമെന്ന നീതി ആയോഗ് കണക്ക് നോക്കിയാല്‍ ചെലവ് ഒന്നേകാല്‍ ലക്ഷം കോടി പിന്നിടും അങ്ങനെയെങ്കില്‍ ഒരു ലക്ഷം കോടിയിലേറെ കടമെടുക്കാതെ പദ്ധതി സാധ്യമാകില്ല. ഇതു കൂടിയാകുമ്പോള്‍ ആളോഹരി കടം 90,000 രൂപയില്‍ നിന്നും 1,20,000 രൂപയാകും. പദ്ധതി ലാഭമെന്നും വരുത്താന്‍ ഡിപിആറിലെ കണക്കിലെ കള്ളകളികളില്‍ ആക്ഷേപങ്ങളുയര്‍ന്നിരുന്നു. പ്രാഥമിക രേഖയില്‍ ദിവസയാത്രക്കാര്‍ 45,000  ആയിരുന്നെങ്കില്‍ അന്തിമ രേഖയില്‍ ഇത് 82,266 യാത്രക്കാര്‍ ആയി. 

പൊങ്ങച്ച പദ്ധതികള്‍ ഒരു രാജ്യത്തെ തന്നെ കടക്കെണിയില്‍ കുരുക്കിയതാണ് ശ്രീലങ്കന്‍ അനുഭവം. ഇത് ഉയര്‍ത്തിയാണ് കെ റെയില്‍ കടമെടുപ്പ് അപകടകരമാകുമെന്ന വിമര്‍ശനമുയരുന്നത്. കെ റെയില്‍ ലാഭകരമായില്ലെങ്കില്‍ കേരളത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങിലടക്കം ഇടിവുണ്ടാക്കും. ഇത് ഭാവിയില്‍ കടമെടുപ്പിന് വലിയ പലിശ നല്‍കാന്‍ സംസ്ഥാനത്തെ നിര്‍ബന്ധിതരാക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് അടക്കം എടുക്കുന്ന കടം പോലും ശമ്പളവും പെന്‍ഷനും നല്‍കാന്‍ ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളം. വികസന പദ്ധതികള്‍ക്കായി കിഫ്ബി വഴി വരുത്തിവയ്ക്കുന്നത് കോടികളുടെ ബാധ്യത വേറെ. ഇതിനിടയിലാണ് കെ റെയില്‍ കൂടി കടക്കണക്ക് ഉയര്‍ത്തുന്നത്. കടമെടുപ്പ് നല്ലതാണെന്ന ഐസക്ക് തിയറി ബാലഗോപാല്‍ ഏറ്റുപിടിക്കുന്നില്ലെങ്കിലും കൊവിഡ് തകര്‍ച്ച കാരണം കടമെടുപ്പില്‍ നിയന്ത്രണം കൊണ്ടു വരാന്‍ രണ്ടാം പിണറായി സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല.
 

Comments

leave a reply

Related News