റോം: ഈശോ സഭാംഗവും മലയാളി വൈദികനുമായ ഫാ. ഹെൻട്രി പട്ടരുമടത്തിനെ റോമിലെ പൊന്തിഫിക്കല്‍ ബൈബിൾ കമ്മീഷൻ അംഗമായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. പ്രശസ്ത ബൈബിൾ പഠനകേന്ദ്രമായ ബിബ്ലികുമ്മിലെ പ്രൊഫസറായി സേവനം ചെയ്തുവരികയാണ് വത്തിക്കാനിൽ നിന്ന് അദ്ദേഹത്തിന് പുതിയ നിയമനം ലഭിച്ചത്. ബിബ്ലികുമ്മിലും, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലുമായാണ് ഫാ. ഹെൻട്രി ബൈബിൾ പഠനം പൂർത്തിയാക്കിയത്.
കെസിബിസി ബൈബിൾ പരിഷ്കരണ കമ്മീഷൻ അംഗമായ അദ്ദേഹം കേരളത്തിന് അകത്തും പുറത്തുമായി പല സെമിനാരികളിൽ അധ്യാപകനും, ധ്യാന പ്രസംഗകനും കൂടിയാണ്. ആദ്യമായാണ് പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വനിരയിൽ ഒരു മലയാളി വൈദികൻ എത്തുന്നത്. പൊന്തിഫിക്കൽ കമ്മീഷനിൽ നിയമിക്കപ്പെടുന്ന രണ്ടാമത്തെ മലയാളിയാണ് ഹെൻട്രി അച്ചൻ. ഷില്ലോങ്ങിലെ തിയോളജിക്കൽ സെമിനാരിയിൽ പഠിപ്പിക്കുന്ന ഫാ. തോമസ് മഞ്ഞളി റോമിലെ പൊന്തിഫിക്കൽ ബൈബിൾ കമ്മീഷനിൽ അംഗമാണ്.
Comments