Foto

അൽഫോൻസിയമാർക്കും വേണം ക്രൗഡ് ഫണ്ടിങ്ങും കൈത്താങ്ങും

ഞായറാഴ്ച  ചിന്ത

അൽഫോൻസിയമാർക്കും  വേണം
ക്രൗഡ്  ഫണ്ടിങ്ങും കൈത്താങ്ങും
    
ആറ് അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ വയറ് നിറയ്ക്കാൻ മീൻകുട്ടയുമേന്തി റോഡിലിരുന്ന അൽഫോൻസിയ എന്ന വീട്ടമ്മയെ ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർ ആക്രമിച്ച സംഭവത്തിലുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതികരണം 'അത്ര പോരാ' എന്ന് ജനം. ഒരു വീട്ടമ്മ കൂടിയായ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. എസ്. കുമാരിക്ക് അൽഫോൻസിയയുടെ നീറുന്ന ജീവിത   പ്രാരാബ്ധങ്ങൾ അറിയേണ്ടതാണ്.  ഒരു വൈദികന്റെ നേതൃത്വത്തിൽ ചെയർപേഴ്‌സനെ ഉപരോധിച്ചപ്പോൾ അവർ പറഞ്ഞത് ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ്. പിന്നീട് ട്രേഡ്  യൂണിയനുകളുടെ സംഘടിത ശക്തിക്ക് വഴങ്ങിയാകാം, അവർ ആ ഉറപ്പ് പിൻവലിച്ചു.
    
കോവിഡാനന്തര കേരളത്തിൽ സാധാരണക്കാരുടെയും  പാവപ്പെട്ടവരുടെയും പ്രശ്‌നങ്ങൾ   മനസ്സിലാക്കുവാനും പരിഹരിക്കാനും നമ്മുടെ ഭരണകൂടങ്ങൾക്ക് താൽപ്പര്യമില്ലേ ? അധ്വാന വർഗത്തിന്റെ പാർട്ടി ഭരിച്ചിട്ടും അന്നന്ന് അധ്വാനിച്ച് കുടുംബം പുലർത്തുന്നവർ ഈ നാളുകളിൽ നേരിടുന്ന   പ്രതിസന്ധിയുടെ ഗദ്ഗദങ്ങൾ  എന്തേ ഏ.കെ.ജി സെന്ററിൽ എത്താത്തത് ? കോവിഡ് മൂലമുള്ള ജീവിത പ്രതിസന്ധിയെക്കുറിച്ച് ആരാണ് പഠനം നടത്തി പരിഹാരമുണ്ടാക്കുക ? 'റീബിൽഡ് കേരള'യ്ക്കായി ലഭിച്ച   വൻതുകയിൽ നിന്ന്  കോടികൾ എടുത്ത് ഓഫീസ് ഫർണിഷിംഗ് നടത്തിയത് ഏതു തരത്തിലുള്ള ഭരണനടപടിയാണ് ? മൂന്നു വർഷമായി 'റീബിൽഡ് കേരള' ആരംഭിച്ചിട്ട്.  7405.10 കോടി രൂപയ്ക്കുള്ള പദ്ധതികൾക്ക് അനുമതിയായെങ്കിലും ആകെ ചെലവഴിച്ചത് 460.92 കോടി രൂപ മാത്രം. ലോകബാങ്കിൽ നിന്ന് 1779.58 കോടി രൂപ ഇതിനായി ലഭിച്ചുവെന്ന് കണക്കുണ്ട്. ഓഫീസിനു വേണ്ടിയുള്ള കെട്ടിടം മോടി കൂട്ടാൻ ചെലവഴിച്ചത് 5090363 രൂപ. കോൺക്ലേവ് സംഘടിപ്പിക്കാൻ കൺസൾട്ടൻസിക്കാർക്ക്     നൽകിയത് 4.34 കോടി. ഓഫീസിന്റെ പ്രതിമാസ വാടക 156083 രൂപ. കഴിഞ്ഞ ഏപ്രിലിൽ വാടക കൂട്ടി നൽകിത്തുടങ്ങി. 163887യാണ്  ഇപ്പോൾ  വാടക . രൂപ കോവിഡ് കാലത്ത് എല്ലാവരും വാടക കുറയ്ക്കുമ്പോൾ സർക്കാർ വാടക കൂട്ടി നൽകുന്ന കാഴ്ച. ഓഫീസിന് ഉപകരണങ്ങൾ വാങ്ങുവാൻ നാല് കോടി രൂപയിലേറെ ചെലവാക്കി.
    

കോവിഡിനുശേഷം കുടുംബങ്ങളുടെ സാമ്പത്തിക ഉറവിടങ്ങളുടെ വരൾച്ച ഭയാനകമാണ്. ഏതു മേഖലയിലും പ്രതിസന്ധിയാണ്. എന്നിട്ടും ഓരോ ജില്ലകളുടെയും ചുമതല ഓരോ മന്ത്രിമാർക്ക് നൽകിക്കൊണ്ട് ജനങ്ങൾ നേരിടുന്ന യഥാർത്ഥ അവസ്ഥ എന്താണെന്ന് സർക്കാർ പഠിക്കാത്തതെന്തേ ?   ഇക്കാര്യത്തിൽ ഒരു എളുപ്പവഴി കൂടി പറയാം. മിക്കവാറും എല്ലാ മേഖലകളിലും സംഘടനകളുണ്ട്. ഹോട്ടലുകളായാലും ഓട്ടോറിക്ഷാ ഡ്രൈവർമാരായാലും. വിവിധ സംഘടനകളിൽ അവർ അംഗങ്ങളാണ്. ഓരോ മേഖലയിലുമുള്ള സ്ഥിതിവിവരക്കണക്ക് അതതു സംഘടനകൾ ശേഖരിക്കട്ടെ. സർക്കാർ നിയോഗിക്കുന്ന ദുരിതാശ്വാസ കമ്മീഷനു മുമ്പിൽ യുദ്ധ കാലാടിസ്ഥാനത്തിൽ ഈ പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന ചർച്ച നടത്തട്ടെ. സ്വയം സന്നദ്ധരായി ഇത്തരക്കാരെ സഹായിക്കാൻ തയ്യാറാകുന്ന പ്രവാസി                 സംഘടനകളോ സ്വകാര്യ മേഖലയിലുള്ളവരോ  മുന്നോട്ടുവന്നാൽ അവരെ ഏകോപിപ്പിച്ച് മുന്നോട്ടുപോകട്ടെ. ഇപ്പോൾ ഭരണകൂടം   നിർവികാരമാണ്. പാർട്ടിയും ഭരണവും പറയുന്നതിനപ്പുറത്തേയ്ക്ക് ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാൻ ഇടതുപക്ഷ പാർട്ടികൾ മടിക്കുന്നു. പുനഃസംഘടനയെന്ന പേക്കൂത്തിൽ പെട്ടിരിക്കുന്ന കോൺഗ്രസാകട്ടെ, ഇതിലൊന്നും ഞങ്ങൾക്ക് കാര്യമില്ലെന്ന  മട്ടിൽ പ്രസ്താവനകളുടെ ചീട്ടുകൊട്ടാരങ്ങൾ നിർമ്മിച്ച് തൃപ്തിയടയുന്നു. പ്രളയദിനങ്ങളിൽ ജനങ്ങൾക്കായി സഹായഹസ്തം നീട്ടിയ കോൺഗ്രസിലെ    നല്ലവരായ എം. പി.മാരും എം.എൽ.ഏ. മാരും എല്ലാം ഭരിക്കുന്നവരുടെ പിടലിക്ക് ഇരിക്കട്ടെ എന്ന മട്ടിൽ പാർട്ടിസ്ഥാനങ്ങൾക്കായി നെട്ടോട്ടമോടുന്നു ഇതിനിടെ അൽഫോൻസിയയുടെ മീൻ കുട്ടയിൽ   തൊടാനോ, ഒരു കൈ സഹായിക്കാനോ രാഷ്ട്രീയക്കാർക്കു സമയമില്ല. തീരദേശത്ത് തീപ്പൊരിയുയർത്തി ഒരു സർക്കാർ വീണുപോയ ചരിത്രം ഓർമ്മിക്കേണ്ട ജൂലൈ 31 ഈയിടെ കടന്നുപോയി. തെക്കുതെക്കൊരു ദേശത്ത്, തിരമാലകളുടെ തീരത്ത്, ഫ്‌ളോറിയെന്നൊരു ഗർഭിണിയെ, ഭർത്താവില്ലാ  നേരത്ത് ചുട്ടുകരിച്ചൊരു സർക്കാരേ, പകരം ഞങ്ങൾ ചോദിക്കും എന്ന മുദ്രവാക്യം  ഒമ്പതു വയസ്സുള്ളപ്പോൾ അർത്ഥമറിയാതെ ഏറ്റുപറഞ്ഞത്  ഓർമ്മിക്കുന്നു . ആ മുദ്രാവാക്യത്തിന്റെ കൂർത്ത മുനകളിൽ വീണുപിടഞ്ഞവരാണ് ഇന്നത്തെ ഭരണപക്ഷം. 62 വർഷം കടന്നുപോയിട്ടും, തീരദേശക്കാർക്ക് ഇന്നും ഇടതുപക്ഷവും വലതുപക്ഷവും കൂട്ടിനില്ല. അൽഫോൻസിയെ പോലുള്ള വീട്ടമ്മമാരെ ശക്തീകരിക്കാൻ സർക്കാരുമില്ല, രാഷ്ട്രീയക്കാരുമില്ല. അതുകൊണ്ട്, കോവിഡ് കാലത്ത് ഭരണകൂടങ്ങൾ മേക്കപ്പിട്ട് നിരത്തിലിറക്കുന്ന നിയമങ്ങളെ 'ഇഴകീറി'  പരിശോധിക്കാൻ നാം സന്നദ്ധരാകണം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഓടുന്ന പാവങ്ങളുടെ നെഞ്ചിൽ കൊളുത്തുന്ന തീയുണ്ടല്ലോ, അതിൽ എരിഞ്ഞുപോകാത്തതൊന്നും  ആകാശത്തിനു കീഴെയില്ല! ഇപ്പോഴും അധ്വാനിക്കുന്നവന്റെ പാർട്ടിയായി കരുതി ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവരുണ്ട്. ഈ സർക്കാർ ജനക്ഷേമത്തിനായി ഭരിക്കുന്ന സർക്കാരെന്ന സ്വപ്നവുമുണ്ട്. ആ സ്വപ്നം തകർത്ത് അവിടെ 'വാരിക്കുഴി'തീർക്കുന്ന സ്വഭാവമുണ്ടല്ലോ, അത് ഏത് ഭരണകർത്താവിനായാലും  ഗുണം ചെയ്യില്ല. ഇന്നാണെങ്കിലും നാളെയാണെങ്കിലും.

ആന്റണി ചടയംമുറി

Video Courtresy: MATHRUBHUMI

 

Foto

Comments

leave a reply

Related News