Foto

ആനി ശിവ; കാലം കരുതിവെച്ച പെണ്‍കരുത്ത്

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
അസി. പ്രഫസര്‍,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂര്‍


സ്ത്രീധന പീഢനവുമായി ബന്ധപ്പെട്ട വാര്‍ത്തകളും മരണങ്ങളും കൊടുമ്പിരി കൊള്ളുന്ന ഈ കാലഘട്ടത്തില്‍ തന്നെയാണ്, ആനി ശിവയെന്ന പെണ്‍കരുത്തിന്റെ വാര്‍ത്ത, ഇന്നലെ മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. അനേകര്‍ക്ക് പ്രചോദനവും ഉള്‍ക്കരുത്തും നല്‍കുന്ന അവളുടെ ജീവിതകഥ, വഴിത്താരയില്‍ ഒറ്റപ്പെടുകയും ജീവിത പ്രതിസന്ധിയില്‍ തളരുകയും ചെയ്യുന്ന പെണ്‍ജീവിതങ്ങള്‍ക്ക്, ആത്മവിശ്വാസവും ആത്മാഭിമാനവും പ്രദാനം ചെയ്യുന്ന ഒന്നാണ്. ആത്മഹത്യയോടും മരണഭയത്തോടും മല്ലടിച്ച്, തന്നോടു തന്നെ യുദ്ധം ചെയ്ത്, സ്വയം സ്ഫുടം ചെയ്യപ്പെട്ട് ഇന്നവള്‍ എത്തി നില്‍ക്കുന്നത്, പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ കസേരയിലാണ്.വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് അവളുടെ യൗവ്വനം കടന്നു പോയത്. പതിനെട്ടാം വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ഒരാളെ, പൊതു സമൂഹം എത്തരത്തിലാണ് കണ്ടിട്ടുണ്ടാകുകയെന്നത് നമുക്കൂഹിക്കാമല്ലോ. അവിടെ നിന്നാണ്, അവള്‍ വലിയ പീഢാനുഭവത്തിനു ശേഷം ഉയിര്‍ത്തെഴുന്നേറ്റ് ഇന്ന് കാണുന്ന ആനി ശിവയെന്ന സബ് ഇന്‍സ്‌പെക്ടറിലെത്തി നില്‍ക്കുന്നത്.

ഭര്‍ത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്‌കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സില്‍ തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന പെണ്‍കുട്ടി 14 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.യാണ്. ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍, അതിജീവനത്തിനും സ്വയം നിലനില്‍പ്പിനും വേണ്ടി, ഐസ് ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത്, അവള്‍ സബ് ഇന്‍സ്‌പെക്ടറായി ചുമതലയേല്‍ക്കുമ്പോള്‍, നാടിനു യശസ്സായി അവിടെ ഒരു പുതു ചരിത്രം പിറവിയെടുക്കുകയാണ്. ഒരു പതിറ്റാണ്ട് മുന്‍പ്,
വര്‍ക്കലയിലെ ശിവഗിരി തീര്‍ഥാടനത്തിന് നാരങ്ങാവെള്ളം വിറ്റിരുന്ന അവളിനി, അതേ തീര്‍ത്ഥാടനത്തിന്റെ ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥയാണെന്നറിയുമ്പോഴാണ്, അവളുടെ നിശ്ചയദാര്‍ഢ്യം തീര്‍ത്ത സ്വപ്ന സാക്ഷാല്‍ക്കാരത്തെ നിര്‍വ്വചിക്കാനാകുക. അവളുടെ മകന്‍ പഠിക്കുന്ന നാട്ടിലേയ്ക്ക്, അവളാവശ്യപ്പെട്ട സ്ഥലത്തേയ്ക്ക് സ്ഥലംമാറ്റം കിട്ടാന്‍ മാത്രം അത്രയും, അവളെത്രപ്പെട്ടന്നാണ്, പൊതു സമൂഹത്തിനും പോലീസ് ഉന്നതോദ്യഗസ്ഥര്‍ക്കും സ്വീകാര്യ യായത്.ലക്ഷ്യബോധം തീര്‍ത്ത സ്വത്വബോധത്തിന്റെയും അതിലൂടെ ആര്‍ജിച്ചെടുത്ത ജീവിതവിജയത്തിന്റെയും ജീവിക്കുന്ന ഇന്നിന്റെ പോരാളിയാണ്, ആനി ശിവയെന്ന പെണ്‍കൊടിയും അവളിലെ ആത്മാഭമാനമുള്ള അമ്മയും. സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ള പഠിക്കാന്‍ മിടുക്കിയായിരുന്ന അവള്‍ക്ക്, കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ.കോളേജില്‍ ബിരുദ പ്രവേശനം ലഭിച്ചു. ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍, കൂട്ടുകാരനെ പ്രണയിച്ച്, വീട്ടുകാരുടെ പിന്തുണയില്ലാതെ അവനോടൊപ്പം ജീവിതം ആരംഭിച്ചു.കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ, അവള്‍ക്ക് ആ കൂട്ടും നഷ്ടമായി.മറ്റൊരാശ്രയവുമില്ലാതെ കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയ അവളെ വീട്ടുകാരും സ്വീകരിച്ചില്ല. മകളെന്ന പുണ്യത്തെ, ദുരഭിമാനത്തിന്റെ വേലിക്കെട്ടുകള്‍ ചാര്‍ത്തി, അവിടെയും പിണ്ഡം വെച്ചു. കിടക്കാന്‍ സ്വന്തമായി ഒരു കൂരയോ വിശപ്പടക്കാന്‍ വേണ്ട ഭക്ഷണമോ ഇല്ലാതെ അവള്‍ പിഞ്ചു കുഞ്ഞിനൈ മാറോട് ചേര്‍ത്ത് ദിവസങ്ങള്‍ തള്ളി നീക്കി.അവസാനം അഭയം നല്‍കിയ അമ്മൂമ്മയുടെ വീടിന്റെ ചായ്പില്‍ മകനെയും കൊണ്ട് അവളൊരു ജീവിതം തുടങ്ങി.
ആത്മഹത്യാശ്രമങ്ങളില്‍ പരാജിതയായി മരിക്കാനുള്ള ഊര്‍ജം പോലും നഷ്ടപ്പെട്ട അവളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്, ഇന്ന് വര്‍ണ്ണചിത്രങ്ങളില്‍ പത്രത്താളുകളില്‍ അച്ചടിച്ചുവന്ന ആനി ശിവയുടെ ജീവിതവിജയത്തിന്റെ കഥ.നിലനില്‍പ്പിനായും കൈക്കുഞ്ഞിന്റെ പരിപാലനത്തിനായും അവള്‍ ചെയ്ത ജോലികള്‍ ആരെയും അതിശയിപ്പിക്കുന്നതാണ്. തുടക്കത്തില്‍ കറിപ്പൗഡറും സോപ്പും വീടുകളില്‍ കൊണ്ടുനടന്ന് കച്ചവടം നടത്തി. പിന്നീട്, ഇന്‍ഷുറന്‍സ് ഏജന്റായി.ശേഷം, വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടും റെക്കോഡുമൊക്കെ തയ്യാറാക്കിക്കൊടുക്കുന്ന ജോലിയിലേര്‍പ്പെട്ടു. പിന്നീട് ഡെലിവറി ഗേളായി. ഉത്സവ പറമ്പുള്ളില്‍ നാരങ്ങാവെള്ളവും ഐസ്‌ക്രീമുമൊക്കെ വില്‍ക്കുന്ന കടകളില്‍ സഹായിയായി. ഇതിനിടയിലൊന്നും ലക്ഷ്യത്തേയും സ്വപ്നങ്ങളെയും അവളുപേക്ഷിച്ചിരുന്നില്ല. ഇച്ഛാശക്തി കൊണ്ട് അവള്‍ സോഷ്യോളജിയില്‍ ബിരുദം നേടി. കുഞ്ഞിനെയും കൊണ്ട് പലയിടത്തായി താമസിച്ചു. സ്വയം ധൈര്യത്തിന്, ആണ്‍കുട്ടികളെപ്പോലെ മുടിവെട്ടി. മകന്‍ ശിവസൂര്യയുടെ അപ്പയായി.

2014-ല്‍ സുഹൃത്തിന്റെ പ്രേരണയില്‍ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ല്‍ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ല്‍ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂണ്‍ 25-ന്, കഴിഞ്ഞ വെള്ളിയാഴ്ച വര്‍ക്കലയില്‍ എസ്.ഐ.യായി ആദ്യനിയമനം. ആനി ശിവ, സബ് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ചത് വനിതാ സംവരണത്തിലല്ല. ജനറല്‍ കോട്ടയില്‍, പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം മല്‍സരിച്ച് അവള്‍ നേടിയ വിജയം, ആരെയും വിസ്മയിപ്പിക്കുന്നതാണ്.സ്വന്തം ജീവിതത്തെക്കുറിച്ച്  ഫെയ്‌സ്ബുക്കില്‍ അവള്‍ ഇങ്ങിനെ കുറിച്ചു, ''എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവള്‍. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താല്‍ അവള്‍ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകള്‍ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടില്‍ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു.പത്തു വര്‍ഷം മുന്‍പ് ഐസ് ക്രീമും നാരങ്ങാവെള്ളവും വിറ്റു ജീവിച്ച അതേ സ്ഥലത്ത് ഞാന്‍ ഇന്ന്, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് .... ഇതിലും വലുതായി എനിയ്ക്ക് എങ്ങിനെയാണ്, എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാകുക? '.

അങ്ങിനെ മറ്റുള്ളവരുടെ കഥകള്‍ക്കും പരദൂഷണങ്ങള്‍ക്കും ചെവികൊടുക്കാതെ അവള്‍ സ്വയം ഒരു ചരിത്രമെഴുതി.ഇന്നവള്‍ ഒരു പ്രചോദനമാണ്. പ്രതിസന്ധികളില്‍ സ്വയം സ്ഫുടം ചെയ്യാനും വര്‍ദ്ധിത വീര്യത്തോടെയും ആര്‍ജ്ജവത്തോടെയും ഉയിര്‍ത്തെഴുന്നേല്‍ക്കാനും കാലം നമുക്കു നല്‍കിയ പെണ്‍കരുത്ത്.

അഭിനന്ദനങ്ങള്‍, ആനി ശിവ;

പെണ്ണത്തം തന്നെ ചോദ്യം ചെയ്യപ്പെട്ട്, നാടു മുഴുവന്‍ വേദനയനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു പെണ്ണായി തന്നെ ജീവിച്ച്, പരിമിതികളെ തരണം ചെയ്തതിന്,വിടരാതെ പോകുമായിരുന്ന സ്വപ്നങ്ങളെ, ആത്മഹത്യയുടെ പടുകുഴിയിലേയ്ക്ക് തള്ളിയിടാതിരുന്നതിന്,കുഞ്ഞിനെ കൂടി ചേര്‍ത്ത് നിര്‍ത്തി, ഈ ലോകത്തോടും അവിടുത്തെ പരദൂഷകവൃന്ദത്തോടും ഒറ്റക്കു പോരാടി, സ്ത്രീ ജന്മങ്ങള്‍ക്ക് ആത്മാഭിമാനമേകിയതിന്
ഇതൊരു നല്ലതുടക്കവും മാതൃകയുമാകട്ടെ 


 

Foto
Foto

Comments

leave a reply

Related News