അലന്‍ ജോസഫ് ചൂരപൊയ്കയില്‍,
തട്ടിക്കൊണ്ടുപോകലിനും, മതം മാറ്റത്തിനും നിര്‍ബന്ധ വിവാഹത്തിനും ഇരയായതിന്റെ പേരില്‍ ലോകമെമ്പാടും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന പതിനാലുകാരിയായ പാക്കിസ്ഥാനി ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ (മൈറ) ഷഹ്ബാസിന് അഭയം നല്‍കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം ബ്രിട്ടീഷ് ഹോം സെക്രട്ടറിക്ക് കൈമാറി. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) തയ്യാറാക്കി 12,000-ത്തോളം പേര്‍ ഒപ്പിട്ട നിവേദനം ബ്രിട്ടീഷ് പാര്‍ലമെന്റിലെ ക്രിസ്ത്യന്‍ എം.പി ഫിയോണ ബ്രൂസ് ആണ് ഹോം സെക്രട്ടറി പ്രീതി പട്ടേലിന് കൈമാറിയത്. തട്ടിക്കൊണ്ടു പോയി നിര്‍ബന്ധ മതമാറ്റം നടത്തിയ തടവില്‍ നിന്നും രക്ഷപ്പെട്ട മരിയ ഇപ്പോള്‍ രഹസ്യമായാണ് കഴിയുന്നത്. മരിയയെ ഭര്‍ത്താവിനൊപ്പം വിട്ടയച്ച ലാഹോര്‍ കോടതി വിധിയും അന്താരാഷ്ട്ര തലത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരിന്നു.
''അവളുടെ കരച്ചില്‍ കേള്‍ക്കൂ: ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ തട്ടിക്കൊണ്ടുപോകപ്പെടലും, നിര്‍ബന്ധിത മതപരിവര്‍ത്തനവും, ലൈംഗീകാതിക്രമതത്തിന് ഇരയാക്കപ്പെടലും'' എന്ന പേരില്‍ കഴിഞ്ഞ നവംബറില്‍ എ.സി.എന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ഫിയോണ ഹോം സെക്രട്ടറിക്ക് കൈമാറിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ ആമുഖം എഴുതിയിരിക്കുന്നത് മരിയ തന്നെയാണ്. റിപ്പോര്‍ട്ട് വായിച്ച താന്‍ കരഞ്ഞുപോയെന്നു ഫിയോണ ഹോം സെക്രട്ടറിയോട് പറഞ്ഞു. പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ ദയനീയാവസ്ഥയെ കുറിച്ചും ഫിയോണ വിവരിച്ചു. തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തയാള്‍ അവളുടെ മേല്‍ മതനിന്ദ ആരോപിച്ചിരിക്കുന്നതിനാല്‍ കഴിഞ്ഞ 18 മാസങ്ങളായി പുറത്തുപോകുവാന്‍ കഴിയാതെ ഒരു മുറിയില്‍ അടച്ചിട്ട ജീവിതം നയിച്ചുവരികയായിരിന്നു മരിയയും, അമ്മയും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബം.
പെണ്‍കുട്ടി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ എന്തെങ്കിലും ഉടനടി ചെയ്യണമെന്നാവശ്യപ്പെട്ട ഫിയോണ, തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുവാന്‍ ഹോം സെക്രട്ടറിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. മൈറ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ വീണ്ടും ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ വഹിച്ച പങ്കിന് എ.സി.എന്‍ പ്രസ്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ തലവന്‍ ജോണ്‍ പൊന്തിഫെക്‌സ് ഫിയോണക്ക് നന്ദി അറിയിച്ചു.
ഏതാണ്ട് എല്ലാ ദിവസവും താന്‍ മരിയയുമായി സംസാരിക്കാറുണ്ടെന്ന് പറഞ്ഞ പൊന്തിഫെക്‌സ് , താനിപ്പോള്‍ ഒരു ജയിലില്‍ കഴിയുന്ന പോലെയാണ് തനിക്ക് തോന്നുന്നതെന്നും, തനിക്ക് പുറത്തുപോകുവാന്‍ കഴിയുന്നില്ലെന്നും, കഴിക്കുവാന്‍ മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്നു തന്നോട് പറഞ്ഞതായും കൂട്ടിച്ചേര്‍ത്തു. മധ്യപൂര്‍വ്വേഷ്യയിലും, ആഫ്രിക്കയിലും, പാക്കിസ്ഥാനിലും ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകപ്പെടുന്ന മറ്റ് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മതസ്വാതന്ത്ര്യം പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള എ.സി.എന്നിന്റെ 2021-ലെ 'റെഡ് വെനസ്‌ഡേ' പരിപാടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം ഈ റിപ്പോര്‍ട്ട് ആയിരുന്നു.
Comments