Foto

ഫാ. സ്റ്റാന്‍ സ്വാമിയുടെ കേസ്: വിവരങ്ങള്‍ ശേഖരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

'അവിശ്വസനീയമായ അനീതി'യെന്ന് ജനപ്രതിനിധി സഭയിലെ ഇന്റര്‍നാഷണല്‍
 ഇക്കണോമിക് പോളിസി ആന്റ് മൈഗ്രേഷന്‍ സബ്കമ്മിറ്റി വൈസ് ചെയര്‍മാന്‍


മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാലര മാസത്തിലേറെയായി മുംബൈ ജയിലില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ കേസ് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ജനപ്രതിനിധി സഭയിലെ ഇന്റര്‍നാഷണല്‍ ഇക്കണോമിക് പോളിസി ആന്റ് മൈഗ്രേഷന്‍ സബ്കമ്മിറ്റി വൈസ് ചെയര്‍മാനായ ജുവാന്‍ വര്‍ഗാസ് ആണ് വിഷയം ബ്ലിങ്കന്റെ ശ്രദ്ധയില്‍ പെടുത്തിയത്.

നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റുചെയ്ത ഫാ. സ്റ്റാന്‍ സ്വാമി 130 ദിവസത്തിലേറെ ജയിലില്‍ കിടക്കുന്നതിലൂടെ നടപ്പാകുന്നത്  അവിശ്വസനീയമായ അനീതിയാണെന്ന് ജുവാന്‍ വര്‍ഗാസ് പറഞ്ഞു. ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെട്ട ജെസ്യൂട്ട് സഭംഗമായിരുന്നു നേരത്തെ വര്‍ഗാസ്.  

ഫാ. സ്റ്റാന്‍ സ്വാമി അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്ച്ലറ്റ് ജനുവരില്‍ വിമര്‍ശിച്ചിരുന്നു. ഇത്തരത്തിലുള്ള അറസ്റ്റുകള്‍ വിശാലതാത്പര്യം കണക്കിലെടുത്ത് ഒഴിവാക്കേണ്ടതാണ്. സന്നദ്ധ പ്രപര്‍ത്തകര്‍ക്ക് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും സംഘടനയേയും അടിസ്ഥാനമാക്കി സുഗമമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നും  ബാച്ച്ലറ്റ് ചൂണ്ടിക്കാട്ടിയിരുന്നു.

ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷയില്‍ ഇന്നലെ വിധി പറയാന്‍ പ്രത്യേക  കോടതി തുനിഞ്ഞപ്പോള്‍ എന്‍ ഐ എ വീണ്ടും തന്ത്രമിറക്കി . പുതിയ ചില തെളിവുകള്‍ രേഖാമൂലം സമര്‍പ്പിക്കാനുണ്ടെന്ന് എന്‍ ഐ എ അഭിഭാഷകന്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്ന് നാലു ദിവസം സമയം സെഷന്‍സ് കോടതി അനുവദിച്ചു. 15 ലേക്കാണ് ഹര്‍ജി മാറ്റിയിരിക്കുന്നത്.

ഇതേ കേസില്‍ അറസ്റ്റിലായിരുന്ന 80 കാരനായ വരവര റാവുവിന് ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതും കംപ്യൂട്ടര്‍ ഹാക്കിംഗ് സംബന്ധിച്ച് എന്‍ ഐ എ ക്കെതിരെ പുതിയ സൂചനകള്‍ വന്നതും ഉള്‍പ്പെടെയുള്ള പുതിയ സാഹചര്യങ്ങളില്‍ തികഞ്ഞ ആത്മവിശ്യാസത്തിലാണ് വയോധികനും പാര്‍ക്കിണ്‍സണ്‍സ് രോഗ ബാധിതനുമായ 83 വയസുള്ള ഫാ. സ്റ്റാന്‍ സ്വാമിയുടെ സുഹദ് വൃന്ദം. റാഞ്ചിയിലെ ആദിവാസി സമൂഹങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹത്തിനായി പ്രാര്‍ത്ഥനയിലാണ്.
 
ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷയില്‍ മാര്‍ച്ച് രണ്ടിനു വിധി പറയാനുള്ള  കോടതിയുടെ നീക്കത്തിനും എന്‍ ഐ എ തടയിട്ടിരുന്നു. 'ദൃഢതയുള്ള'  ചില തെളിവുകള്‍ കൂടി അദ്ദേഹത്തിനെതിരെ ഹാജരാക്കാനുണ്ടെന്ന് എന്‍.ഐ.എ യുടെ അഭിഭാഷകനായ പ്രകാശ് ഷെട്ടി അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് അന്നു മാറ്റിയത്.ഇതു വരെ എന്‍.ഐ.എ ചൂണ്ടിക്കാട്ടിയ ഗൂഢാലോചനാ വാദം  കംപ്യൂട്ടര്‍ ഹാക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ ദുര്‍ബലമായിരുന്നു.

 

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News