നൈജീരിയയിൽ പ്രതിദിനം 17 ക്രൈസ്തവർ വധിക്കപ്പെടുന്നു
ഒനിറ്റ്ഷാ : നൈജീരിയയിൽ ദിവസവും 17 ക്രൈസ്തവർ ഭീകരരാൽ കൊല്ലപ്പെടുന്നു. ഈ വർഷത്തെ ആദ്യ 200 ദിവസത്തെ കണക്കാണിത്. 3,462 ക്രൈസ്തവരാണ് ഈ വർഷം കൊല്ലപ്പെട്ടത്. ആഫ്രിക്കയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ. ജനുവരി ഒന്നിനും ജൂലൈ 18നും ഇടയിൽ 10 വൈദികരും പാസ്റ്റർമാരും നൈജീരിയയിൽ കൊല്ലപ്പെട്ടു. ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ ആണ് ഇക്കാര്യം അറിയിച്ചത്.
2020ൽ 3,530 ക്രൈസ്തവരെയാണു ജിഹാദികളും ജിഹാദി അനുകൂല സൈനികരും കൊന്നൊടുക്കിയത്. ബോക്കോ ഹറാം, ഫുലാനി ഭീകരരാണു ക്രൈസ്തവരെ ഉന്മുലനം ചെയ്യുന്നവരിൽ മുന്നിലുള്ളത്. 2014ൽ അയ്യായിരത്തിലേറെ ക്രൈസ്തവർ കൊല്ലപ്പെട്ടതിനുശേഷം ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് 2020ലാണ്. 2014ൽ നാലായിരത്തിലധികം ക്രൈസ്തവരെ കൊലപ്പെടുത്തിയത് ബോക്കോഹറാം ഭീകരരാണ്. ക്രിസ്ത്യൻ കർഷകരെ നിരന്തരം ആക്രമിക്കുന്ന ഫുലാനി ഭീകരർ 1,229 പേരെ കൊലപ്പെടുത്തി.
ഈ വർഷം മേയ് മാസത്തിനു ശേഷം നൈജീരിയയിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ ഇരട്ടിയായി. ജനുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെ 1,470 പേരാണു കൊല്ലപ്പെട്ടത്. അതേസമയം, മേയ് ഒന്നു മുതൽ ജൂലൈ 18വരെയുള്ള 80 ദിവസത്തിനിടെ 1,992 പേർ കൊല്ലപ്പെട്ടു. ഇതേ കാലയളവിൽ 780 പേരെ തട്ടിക്കൊണ്ടുപോയി. ഈ വർഷം തട്ടിക്കൊണ്ടുപോയവരുടെ എണ്ണം 3,000 ആണ്. തട്ടിക്കൊണ്ടു പോകപ്പെട്ടവരിൽ പത്തിലൊരാൾ കൊല്ലപ്പെടുന്നു. 300 പേരാണ് ഈ വർഷം കൊല്ലപ്പെട്ടത്. 300 ക്രൈസ്തവ ദേവാലയങ്ങൾ ഈ വർഷം ആക്രമിക്കപ്പെട്ടു. ടറാബ സംസ്ഥാനത്ത് ആണ് ഏറ്റവും അധികം പള്ളികൾ ആക്രമിക്കപ്പെട്ടത് -70
Comments