ഡോ. ഡെയ്സൻ പാണേങ്ങാടൻ,
സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം/ ബിരുദാനന്തര ബിരുദം/ പ്രൊഫഷണല്‍ ബിരുദം തുടങ്ങിയ കോഴ്സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ (minority community) ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് .ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്, മുഖ്യപരിഗണന.ബി.പി.എല്‍.വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. എന്നാല്‍ അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയരുത്.അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 ആണ്.
2021-22 അദ്ധ്യയന വര്‍ഷത്തേക്ക് ,ജനസംഖ്യാനുപാതികമായി നല്‍കുന്ന സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപന്റ് നല്‍കുന്നത് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ്. ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കു പുറമെ,മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച് സ്വാശ്രയ മെഡിക്കല്‍/ എന്‍ജിനിയറിങ് കോളേജുകളില്‍ പഠിക്കുന്നവര്‍ക്കും പ്രഫഷണല്‍ ബിരുദ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് / ഹോസ്റ്റല്‍ സ്‌റ്റൈപന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിനേ അപേക്ഷിക്കാവൂ.കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം.
ബിരുദത്തിന് പഠിക്കുന്നവര്‍ക്ക് 5,000 രൂപയും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവര്‍ക്ക് 6,000 രൂപയും, പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്നവര്‍ക്ക് 7,000 രൂപയും ഹോസ്റ്റല്‍ സ്‌റ്റൈപന്റ് ഇനത്തില്‍ 13,000 രൂപയും വീതവുമാണ് പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ്. ആദ്യ വര്‍ഷങ്ങളില്‍ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും ഈ അധ്യയന വര്‍ഷത്തേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്
www.minoritywelfare.kerala.gov.in
കൂടുതല്‍ വിവരങ്ങള്‍ക്ക്
0471-2300524.
Comments