ജനങ്ങളെ സംഘടിപ്പിക്കുന്നതു തടയാന്‍ കരുതല്‍ നടപടിയെന്ന
നിലയില്‍ മുന്നു പേരുടെ അറസ്റ്റും റിമാന്‍ഡുമെന്ന് പോലീസ്
ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മലയാളി ഉള്‍പ്പടെയുള്ള രണ്ടു കന്യാസ്ത്രീകള്‍ക്കും സന്യാസാര്‍ഥിനികള്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന റിപ്പോര്‍ട്ടില്‍ അവ്യക്തത. മൂന്നു പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതും കോടതി അവരെ ഏപ്രില്‍ ആറ് വരെ റിമാന്‍ഡില്‍ സബ് ജയിലിലേക്കു വിട്ടതും ശരിയാണെങ്കിലും അക്രമത്തിലെ പങ്കാളിത്തത്തിന്റെ പേരിലുള്ള ചാര്‍ജുകള്‍ അല്ല ചുമത്തിയിട്ടുള്ളത്. അതിക്രമത്തിലെ ഇരകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിക്കുന്നതിന് ജനങ്ങളെ സംഘടിപ്പിക്കുന്നതു തടയാന്‍ കരുതല്‍ നടപടിയെന്ന നിലയിലാണ് ഇവരെ പോലീസ് പിടികൂടിയത്.
യുവതികളെ മതം മാറ്റാന്‍ കൊണ്ടുപോകുന്നുവെന്ന് റെയില്‍വേ പോലീസിന് തെറ്റായ വിവരം നല്‍കിയ അജയ് ശങ്കര്‍ തിവാരിയെയും അഞ്ചല്‍ അര്‍ചാരിയ, പുര്‍ഗേഷ് അമാരിയ എന്നിവരെയുമാണ്് ദുര്‍ബല വകുപ്പുകള്‍ ചുമത്തി റിമാന്‍ഡില്‍ വിട്ടത്. കന്യാസ്ത്രീകള്‍ക്കെതിരെ അജയ് ശങ്കര്‍ തിവാരി നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ലെന്ന ആരോപണമുയര്‍ത്തി അഞ്ചല്‍ അര്‍ചാരിയ, പുര്‍ഗേഷ് അമാരിയ എന്നിവര്‍ പോലീസിനെ ചോദ്യം ചെയ്യാന്‍ മുതിര്‍ന്നതാണ് ഇവരുടെ അറസ്റ്റില്‍ കലാശിച്ചത്. റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കാനും ഇവര്‍ ശ്രമിച്ചു. അതേസമയം, മാര്‍ച്ച് 19 ലെ അക്രമ സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സമാധാന ലംഘനത്തിനെതിരെ സിആര്‍പിസി സെക്ഷന്‍ 151 പ്രകാരം കേസെടുത്ത് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് തടയാനുള്ള അറസ്റ്റാണുണ്ടായിട്ടുള്ളതെന്ന് റെയില്‍വേ പോലീസിന്റെ ലഖ്നൗ എസ്പി സൗമിത്ര യാദവ് പറഞ്ഞു.അഞ്ചല്‍ അര്‍ചാരിയ, പുര്‍ഗേഷ് അമാരിയ എന്നിവരെ കസ്റ്റഡിയില്‍ എടുത്തതോടെ അജയ് ശങ്കര്‍ തിവാരി പോലീസ് സ്‌റ്റേഷനിലെത്തി ബഹളത്തിനു മുതിര്‍ന്ന് അറസ്റ്റിലാവുകയായിരുന്നു.വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ഹിന്ദു ജാഗരണ്‍ മഞ്ച് , എബിവിപി പ്രവര്‍ത്തകരാണ് മൂവരും.
മാര്‍ച്ച് 19നു ഡല്‍ഹിയില്‍ നിന്നു ഒഡീഷയിലേക്കു പോയ ഉത്കല്‍ എക്സ്പ്രസില്‍ യാത്ര ചെയ്ത രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ടു സന്യാസാര്‍ഥിനികള്‍ക്കും എതിരേയാണ് ഭീഷണിയും അധിക്ഷേപവുമുണ്ടായത്. എബിവിപി, ബജ്റംഗ്ദള്‍ പ്രവര്‍ത്തരായിരുന്നു സംഭവത്തിന് പിന്നില്‍. മതിയായ യാത്രാരേഖകളും തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചിട്ടും അതിക്രമിച്ചു കയറിയവരെ പിന്തുണച്ച റെയില്‍വെ ഉദ്യോഗസ്ഥരും പോലീസും ഇവരെ ട്രെയിനില്‍ നിന്നിറക്കി പോലീസ് സ്റ്റേഷനില്‍ രാത്രിവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരുമെന്ന് കേരളത്തിലെ വോട്ടെടുപ്പ് റാലിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതും അറസ്റ്റുമായി നേരിട്ടു ബന്ധമുള്ളതായി ഇതുവരെ സൂചനയില്ല. അതേസമയം, അറസ്റ്റ്് നടന്നെന്ന പ്രചാരണവുമായി യഥാര്‍ത്ഥ സംഭവത്തിന്റെ ഗൗരവം കുറയ്ക്കാനും പ്രതികളെ രക്ഷിക്കാനുമുള്ള നാടകം അരങ്ങേറുന്നതായും സംശയമുയരുന്നുണ്ട്.
ബാബു കദളിക്കാട്
Comments