കൊച്ചി: വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊല്ലുന്നതും പരിക്കേൽപ്പിക്കുന്നതുമായ സംഭവങ്ങൾ സംസ്ഥാനത്തിന് അപമാനകരമാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിചൂണ്ടിക്കാട്ടി.മൂന്നു പേർ ഒറ്റ ദിവസം കൊല്ലപ്പെട്ടത് അത്യധികം ഞെട്ടിക്കുന്ന വിവരമാണ്. ഇത്തരം സംഭവങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനു അപമാനകരമാണ്. ജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. ഇത്തരം സംഭവങ്ങളിൽ ഉത്തരവാദിത്വപ്പെട്ടവർ പുലർത്തുന്ന അലംഭാവം പ്രതിഷേധാർഹമാണ്. വന്യമൃഗങ്ങൾക്കു കൊടുക്കുന്ന പരിഗണനയും നിയമപരിരക്ഷയും സംരക്ഷണവും മനുഷ്യർക്കു നിഷേധിക്കുന്നതു ന്യായീകരിക്കാനാവില്ല. പ്രസ്താവനകൾക്കും നാമം മാത്രമായ സഹായപ്രഖ്യാപനങ്ങൾക്കുമപ്പുറം ആവശ്യമായ നിയമനിർമാണം നടത്താൻ സർക്കാർ ഇനിയെങ്കിലും തയാറാകണം. വന്യമൃഗങ്ങളുടെ സംരക്ഷണത്തിനും അവയുടെ എണ്ണത്തിലുള്ള അപകടകരമായ വർധന നിയന്ത്രിക്കാനും ശ്രദ്ധിക്കണം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ ആത്മാർഥമായി പങ്കുചേരുകയും മരിച്ചവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുംവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നതായും പ്രസ്താവനയിലൂടെ മാർ ആലഞ്ചേരി പറഞ്ഞു.
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ
Comments