കാമ്പസ് റിക്രൂട്ട്‌മെന്റ് വഴി
35,000 നിയമനത്തിന്
ഒരുങ്ങി ഇന്‍ഫോസിസ്
കാമ്പസുകളില്‍ നിന്ന് 40000 പേരെ തെരഞ്ഞെടുക്കുമെന്ന് ടി.സി.എസ് അറിയിച്ചിരുന്നു.
'ഡിജിറ്റല്‍ ടാലന്റി'നായുള്ള ഡിമാന്‍ഡ് ആഗോളതലത്തില്‍ ഉയരുന്നതിനിടെ ഈ വര്‍ഷം 35,000 എന്‍ജിനീയറിംഗ് ബിരുദധാരികളെ നിയമിക്കാന്‍ ഇന്‍ഫോസിസ് പദ്ധതിയിടുന്നതായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രവീണ്‍ റാവു. ഇതിനായി കാമ്പസ് റിക്രൂട്ട്‌മെന്റ് നടത്താനാണു പരിപാടി. 40000 പേരെ കാമ്പസുകളില്‍ നിന്നു തെരഞ്ഞെടുക്കുമെന്ന് ടി.സി.എസ് അറിയിച്ചിരുന്നു.
ഡിജിറ്റല്‍ ടാലന്റിനായുള്ള ഡിമാന്‍ഡ് ഉയരുമ്പോഴും ഈ മേഖലയിലെ ഉദ്യോഗത്തില്‍ നിന്ന് പിരിഞ്ഞുപോകുന്നവരുടെ നിരക്കും കൂടുന്നു.ഈ സാഹചര്യത്തിലാണ് പുതുതായി 35,000 പേരെ നിയമിക്കാന്‍ തീരുമാനമായത്. മാര്‍ച്ച് ആദ്യ പാദത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഫോസിസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം 2.67 ലക്ഷമായിരുന്നു. എന്നാല്‍ മാര്‍ച്ചിന്റെ രണ്ടാം പാദത്തില്‍ ഇത് 2.59 ലക്ഷമായി ഉയര്‍ന്നു. ഇന്‍ഫോസിസിലെ ഐടി ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 10.9 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും ജൂണ്‍ പാദത്തില്‍ 13.9 ശതമാനമായി ഉയര്‍ന്നു. ഇക്കാരണത്താല്‍ 8334 പേരെ കഴിഞ്ഞ വര്‍ഷം പുതുതായി നിയമിച്ചു.
കരിയര്‍ മെച്ചപ്പെടുത്താനുള്ള അവസരങ്ങള്‍, പ്രതിഫല പാക്കേജ് അവലോകനം ചെയ്യല്‍, പഠന ഇടപെടലുകള്‍ എന്നിവ ഉള്‍പ്പെടെ ജീവനക്കാരെ നിലനിര്‍ത്താനുദ്ദേശിച്ചുള്ള സംരഭങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന് റാവു പറഞ്ഞു. ജനുവരിയിലും ഈ മാസവും വേതനം കൂട്ടിയിരുന്നു. അതേസമയം, ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് മൊത്തത്തില്‍ മേഖലയിലുള്ള പുരോഗതിയുടെ സൂചകമായും കാണണം.ആഗോളതലത്തില്‍ ഡിജിറ്റല്‍ ടാലന്റുകള്‍ സുലഭമാകുന്നതുവരെ അതു തുടരുമെന്നു കരുതേണ്ടിയിരിക്കുന്നു.
ബെംഗളൂരു ആസ്ഥാനമായുള്ള ഇന്‍ഫോസിസ് മൂന്ന് മാസത്തെ ലാഭത്തില്‍ 22.7 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. മൊത്തം അറ്റാദായം ജൂണ്‍ 30 വരെയുള്ള മൂന്ന് മാസങ്ങളില്‍ 5,195 കോടി രൂപയായി ഉയര്‍ന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 17.9 ശതമാനം ഉയര്‍ന്ന് 27,896 കോടി രൂപയായി. ജൂണ്‍ പാദത്തില്‍ 2.6 ബില്യണ്‍ ഡോളറിന്റെ മൊത്തം മൂല്യവുമായി വലിയ ഇടപാടുകള്‍ ശക്തമായി തുടര്‍ന്നു. ഈ പാദത്തിലെ പ്രവര്‍ത്തന മാര്‍ജിന്‍ 23.7 ശതമാനമാണ്.
ബാബു കദളിക്കാട്
Comments