Foto

ഹരിത വാതകങ്ങളില്ലാതെ ആണവോർജ്ജം; പുതിയ കണ്ടുപിടിത്തത്തിന്റെ നേതൃനിരയിൽ മലയാളിയും

ഹരിത വാതകങ്ങളില്ലാതെ ആണവോർജ്ജം;
പുതിയ കണ്ടുപിടിത്തത്തിന്റെ
നേതൃനിരയിൽ  മലയാളിയും


ആണവോർജ്ജത്തിന്റെ ഉറവിടം ശുദ്ധീകരിക്കുന്ന വിപ്ലവകരമായ കണ്ടുപിടിത്തമാണ് സൂപ്പർ കണ്ടക്ടർ മാഗ്നറ്റ്. ലോകത്തിന്റെ ആണവോർജ്ജ മേഖലയിൽ അതിനൂതനമായ ഈ മാറ്റത്തിന് തുടക്കമിടാൻ പോകുന്ന ശാസ്ത്ര ഗവേഷണ സംഘത്തിൽ കൊല്ലം സ്വദേശിയായ ഒരു മലയാളിയുണ്ട് - ഡോ. സിൽവസ്റ്റർ നൊറോണ.

പ്രപഞ്ചോല്പത്തികാലം മുതൽ മഞ്ഞ്,മഴ,കാറ്റ്, ശൈത്യം ഇവ പ്രകൃതിയുടെ അവിഭാജ്യ ഘടകങ്ങളായി കൂടെയുണ്ട്. ഭൂമിയുടെ വിവിധ ഇടങ്ങളിലെ കാലാവസ്ഥകൾ തമ്മിൽ അജഗജാന്തര പ്രത്യേകതകൾ കൊണ്ട് വ്യത്യസ്തമാണ്. ഒരറ്റത്ത് അത്യുഷ്ണം മൂലം സൂര്യതാപമേറ്റു മനുഷ്യനും മറ്റു ജീവജാലങ്ങളും വാടിക്കരിഞ്ഞു വീണ് മരിക്കുമ്പോൾ, മറ്റൊരിടത്ത് പേമാരി സമ്മാനിക്കുന്ന പ്രളയത്തിന്റെ രൂക്ഷതയിൽ മുങ്ങി മരിക്കുന്നു. ചരിത്രാതീതകാലം മുതൽ ഈ പ്രക്രിയ അതിന്റെ തീവ്രതയുടെ ഏറ്റക്കുറച്ചിലിൽ തുടർന്നു കൊണ്ടേയിരിക്കുന്നു.

 


ആധുനിക ഇന്ധനങ്ങളും വൈദ്യുതിയും

മഞ്ഞും തണുപ്പും നിശ്ചിതയളവിൽ കൂടുതലായി അധികരിക്കുമ്പോൾ, മനുഷ്യശരീരത്തിലെ രക്തചംക്രമണത്തെ അതു ഗുരുതരമായി ബാധിക്കുന്നു. തണുപ്പിനെ പ്രതിരോധിക്കുവാൻ മനുഷ്യനും ഒപ്പം പക്ഷിമൃഗാദികളും അവരുടേതായ ശീലങ്ങൾ രൂപപ്പെടുത്തി ശരീരോഷ്മാവിന്റെ സന്തുലിതാവസ്ഥ ക്രമപ്പെടുത്തി വന്നിരുന്നു. ആദിമ മനുഷ്യൻ വനവാസിയായിരുന്നു. കരിയിലയും ചുള്ളിക്കമ്പുകളും കൂട്ടിയിട്ട് പാറച്ചീളുകൾ തമ്മിലുരസി ഘർഷണം സൃഷ്ടിച്ച് അതിൽ നിന്നും ഉത്ഭവിക്കുന്ന തീപ്പൊരി ഉപയോഗിച്ച് അഗ്നികുണ്ഠങ്ങൾ സൃഷ്ടിച്ച് വെളിച്ചവും ചൂടും പരുവപ്പെടുത്തിയിരുന്നു. കാലാകാലങ്ങളിൽ പ്രകൃതിയോടൊപ്പം മനുഷ്യനും നിലനില്പിനായി പുത്തൻ വിദ്യകൾ അന്വേഷിക്കുകയും അവ കണ്ടെത്തി പ്രാവർത്തികമാക്കി ജീവസന്ധാരണം സുഗമമാക്കിയിരുന്നു. വലിയ കായ്കളുടെ തൊണ്ടുകളിൽ മൃഗക്കൊഴുപ്പ് പകർന്ന്, ചില ചെടികളുടെ വേരുകൾ ചതച്ച് തിരിസമാനമാക്കി ദീപം തെളിച്ച് വെളിച്ചത്തെ സ്ഥിരമായി നിലനിറുത്തുന്ന അവസ്ഥയും സ്വായത്തമാക്കി. ചൂടിന്റെയും വെളിച്ചത്തിന്റെയും ഉപയോഗം കൂടുതൽ ആവശ്യമായി വന്നപ്പോൾ അന്വേഷണം പുതിയ തലങ്ങളിലേക്ക് കടന്നുകയറിയതിന്റെ പരിണിത ഫലമാണ് ആധുനിക ഇന്ധനങ്ങളും വൈദ്യുതിയും.

ഉയർന്ന പ്രതലത്തിൽ കെട്ടിക്കിടക്കുന്ന വെള്ളം ചാലുകീറി ഓവിലൂടെ താഴേക്ക് പതിപ്പിച്ച് അതിന്റെ ആഘാതത്തിൽ ചക്രം തിരിച്ചാൽ ഊർജ്ജം ലഭിക്കുമെന്ന തിരിച്ചറിവാണ് നാമിന്ന് സുലഭമായി ഉപയോഗിക്കുന്ന ജലവൈദ്യുതിയുടെ വരവിന് നിദാനമായത്.
കാലമേറെ ചെന്നപ്പോൾ ഭക്ഷ്യാവശ്യത്തിനുള്ള ധാന്യങ്ങളും മറ്റു അവശ്യവസ്തുക്കളുടെ ഉപയോഗവും ക്രമാതീതമായി വർദ്ധിച്ചു. ഒപ്പം ഇവ ഉൽപാദിപ്പിക്കുന്നതിനുള്ള പുത്തൻ കാർഷികവിദ്യകളും കണ്ടുപിടിച്ചു. കാർഷികോപകരണങ്ങളും, ഒപ്പം തങ്ങളുടെ ഇടങ്ങളിലേക്കു കടന്നുകയറുന്ന അപരനെ ചെറുക്കുന്നതിനുള്ള ആയുധങ്ങളും, നിർമ്മിക്കുന്നതിന് പുത്തൻ ഉപകരണങ്ങൾ കണ്ടുപിടിക്കാൻ മനുഷ്യൻ നിർബന്ധിതനായി.  ചുള്ളി, കമ്പ്, തടി ഇവയുടെ സ്ഥാനങ്ങൾ ക്രമേണ വിവിധ ലോഹങ്ങൾ കൈവശപ്പെടുത്തി. ഭൂമിക്കടിയിലെ അയിര് കുഴിച്ചെടുത്ത് ഉയർന്ന ഊഷ്മാവിൽ തിളപ്പിച്ച് പെട്ടെന്ന് ഘനീഭവിപ്പിക്കുക വഴി ലഭിക്കുന്ന വസ്തു വിവിധതരം ലോഹങ്ങളായി അറിയപ്പെടാൻ തുടങ്ങി. ലോഹനിർമ്മിതമായ ഉപകരണങ്ങളുടെ വരവും ഉപയോഗവും കാർഷിക വ്യാവസായിക വിപ്ലവത്തിന് ചൂടും ചൂരും നല്കി, അതുവഴി ആക്കം കൂട്ടുകയും ചെയ്തു. കല്ലും, കമ്പും, കവണിയും, അമ്പും, വില്ലും പ്രതിരോധത്തിനും ആക്രമണത്തിനും ഉപയോഗിച്ചിരുന്ന ഇടം പടിപടിയായി ഉയർന്ന് തോക്കും, ബോംബും വരെ എത്തി നില്ക്കുന്നു. ഭൂമിയുടെയും കടലിന്റെയും അടിത്തട്ടിൽ സഹസ്രാബ്ദങ്ങളായി നിക്ഷേപിക്കപ്പെട്ടിരുന്ന ലായനിയും വാതകവും ഊർജ്ജത്തിന്റെ പുതിയ സ്രോതസ്സായി രൂപാന്തരം പ്രാപിച്ചു. അതിന്റെ ലഭ്യത ആജീവനാന്തം ഉണ്ടാകില്ലെന്ന ബോധ്യത്തിൽ പുതിയ ചിലതിനായി അന്വേഷണം ആരംഭിച്ചു. ജലവൈദ്യുതി പദ്ധതിയെ ആശ്രയിച്ച വൈദ്യുതി ഉൽപാദനത്തിനും, ചില പരിമിതികൾ ഉണ്ടെന്ന ബോധ്യമാണ് കാറ്റിൽ നിന്നും, കല്ക്കരിയിൽ നിന്നും, പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നും വിദ്യുച്ഛക്തി ഉണ്ടാക്കാമെന്ന കണ്ടുപിടുത്തത്തിന് കാരണമായി ഭവിച്ചത്.
ഇത്തരത്തിലുള്ള പ്രക്രിയകളിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ അളവും, അതിന്റെ ഭാവിയിലെ ഉപയോഗവുമായി പൊരുത്തപ്പെടുവാൻ ബുദ്ധിമുട്ടുകൾ സംജാതമാകുമെന്ന തിരിച്ചറിവിൽ നിന്നാണ് ആണവ വൈദ്യുതിയെപ്പറ്റി അന്വേഷണങ്ങൾ തുടങ്ങിയത്. ആണവവൈദ്യുതി മാനവരാശിയുടെ മുന്നോട്ടുള്ള സുഗമപ്രയാണം ത്വരിതപ്പെടുത്തുന്നതിനോടൊപ്പം, മനുഷ്യകുലമാകെത്തന്നെ നശിക്കുവാൻ ചിലപ്പോൾ കാരണമായേക്കാവുന്ന ചിന്താഗതിയും ഇതോടൊപ്പം വളർന്നുവന്നു. അതിന്റെ അടിസ്ഥാനത്തിൽ, ആണവശക്തിയിൽ നിന്നും ഊർജ്ജം ഉൽപാദിപ്പിക്കുന്നതോടൊപ്പം, അവ മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങൾക്കും, ചെടികൾക്കും പ്രകൃതിക്ക് ആകമാനവും ദോഷമായി ഭവിക്കാത്ത സംവിധാനത്തെപ്പറ്റിയും പര്യവേക്ഷണങ്ങൾ ഏതാണ്ട് ഫലപ്രാപ്തിയിൽ  നാം സാവകാശമെങ്കിലും എത്തിച്ചേർന്നുകൊണ്ടിരിക്കുന്ന സമയം സമാഗതമാകുന്നു. അതിനായുള്ള പരീക്ഷണനിരീക്ഷണ ഗവേഷണങ്ങൾ ലോകത്തെമ്പാടും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു.


ഗവേഷണം തപസ്സും ശുശ്രൂഷയും

ശാസ്ത്രലോകം, നിർന്നിമേഷരായി വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ യജ്ഞത്തിൽ പ്രഗത്ഭമതികളും പരിണതപ്രജ്ഞരുമായ ഒട്ടേറെ ശാസ്ത്രപ്രതിഭകൾ വർഷങ്ങൾ നീണ്ടുനില്ക്കുന്ന ഗവേഷണത്തിൽ വ്യാപൃതരാണ്. ലോകത്തിന്റെ ഗതിവിഗതി മാറ്റിമറിക്കുന്ന സ്‌ഫോടനാത്മകവും വിപ്ലവകരവുമായ ഈ പ്രക്രിയയിൽ രാത്രികളെ പകലാക്കി, ബുദ്ധിയും ശക്തിയും ചില പ്രത്യേക കോണുകളിൽ കേന്ദ്രീകരിച്ച് ഗവേഷണം ഒരു തപസ്സും ശുശ്രൂഷയുമായി കരുതി ഒരു പറ്റം ശാസ്ത്രജ്ഞർ അമേരിക്കയിലെ പര്യവേക്ഷണശാലകൾ  കർമ്മനിരതരായിരിക്കുന്നു. മാസച്യൂസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി.), കോമൺവെൽത്ത് ഫ്യൂഷൻ സിസ്റ്റംസ് (സി.എഫ്.എസ്.) എന്ന ഗവേഷണസ്ഥാപനങ്ങൾ സംയുക്തമായി ഈ യജ്ഞത്തിന് നേതൃത്വം നൽകിവരുന്നു. ലോക ഊർജ്ജമേഖലയുടെ ഭാവി മാറ്റി മറിക്കുവാൻ പാകത്തിലുള്ള കണ്ടുപിടുത്തത്തിന്റെ പ്രാഥമിക നടപടികൾ ഇതിനകം കൈപ്പിടിയിലൊതുക്കി ഈ രണ്ടു സ്ഥാപനങ്ങളിലെ പരിണതപ്രജ്ഞരായ ശാസ്ത്രജ്ഞർ അവരുടെ പ്രയാണം ആരംഭിച്ചിരിക്കുന്നു. ഇവരുടെ നിതാന്തമായ പരിശ്രമങ്ങൾക്കൊടുവിൽ കണ്ടുപിടിച്ച, ഉയർന്ന താപനിലയിൽ പ്രവർത്തിപ്പിക്കുവാൻ കഴിയുന്ന സൂപ്പർ കണ്ടക്ടർ ഇലക്‌ട്രോണിക് മാഗ്നറ്റ് എന്ന ഉപകരണം ശാസ്ത്രലോകത്തിന്റെ പ്രത്യേക ശ്രദ്ധയ്ക്ക് പാത്രീഭവിച്ചിരിക്കുന്നു. ഇവരുടെ ഉദ്യമങ്ങൾ ഫലപ്രാപ്തിയിലെത്തുമ്പോൾ, നാലഞ്ചുവർഷങ്ങൾക്കുള്ളിൽ ലോകത്തെ തന്നെ പ്രഥമ സംരംഭമായ ഫ്യൂഷൻ റിയാക്ടർ സ്പാർക്ക് നിർമ്മിക്കുവാൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.


സൂപ്പർ കണ്ടക്ടർ മാഗ്നറ്റ്
നിലവിൽ ശാസ്ത്രലോകത്ത് ആണവവിഘടന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആണവ റിയാക്ടറുകൾ പ്രവർത്തിക്കുന്നത്. ഈ പ്രവർത്തനം മൂലം ഫ്യൂഷൻ ഊർജ്ജം ഉൽപാദിപ്പിക്കപ്പെടുന്നു. ഖരവസ്തുക്കളാൽ നിർമ്മിതമായ കവചങ്ങളിൽ സുരക്ഷിതമായ കണ്ടയ്‌നറുകളിലാണ് ഈ പ്രക്രിയ നടക്കുന്നത്. ഈ പ്രവർത്തനം നടക്കുമ്പോൾ പത്തു കോടി ഡിഗ്രി സെൽഷ്യസിൽ താപനില ഉയരുകയും, അതുവഴി പ്ലാസ്മ രൂപപ്പെടുകയും ചെയ്യുന്നു. വർദ്ധിച്ച അളവിലുള്ള ചൂടിനെ പ്രതിരോധിക്കുവാനുള്ള ബലം പ്രസ്തുത ഉപകരണത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ള ഖരവസ്തുക്കൾക്ക് ആകുന്നില്ല. നിലവിലെ ഫ്യൂഷൻ റിയാക്ടറുകളിലെ ടോക്കോമാറ്റുകൾക്ക് ഇത് സാധ്യമല്ലാതെ വരുന്നു. ഇതിനു പരിഹാരമായി ഇലക്‌ട്രോ മാഗ്നറ്റുകൾ കൊണ്ട്  കാന്തിക മണ്ഡലം സൃഷ്ടിച്ച്, അതിൽ പ്ലാസ്മയെ ഉൾക്കൊള്ളിച്ചു നിറുത്തുകയാണ് നിലവിലുള്ള രീതി. ചെമ്പു ലോഹത്തിലാണ് ഇതിനായുള്ള മാഗ്നറ്റുകൾ നിർമ്മിക്കുന്നത്.  ആണവ റിയാക്ടറിൽ ആണവ വിഘടനപ്രക്രിയ മൂലം ലഭിക്കുന്ന  ഊർജ്ജവും, ചെമ്പിൽ നിർമ്മിച്ച കാന്തങ്ങൾ മൂലം ലഭിക്കുന്ന ഊർജ്ജവും തമ്മിൽ ഘടനാപരമായ വലിയ വ്യത്യാസങ്ങൾ ഇല്ലാത്തതിനാൽ, വ്യാവസായികാടിസ്ഥാനത്തിൽ ഇത് ഉൽപാദിപ്പിക്കുന്നത് ഒട്ടും തന്നെ ലാഭകരമല്ല. ഈ അവസ്ഥയിലാണ് ഊർജ്ജ നഷ്ടം ലഘൂകരിച്ച്, ലാഭകരമായി വ്യാവസായികാടിസ്ഥാനത്തിൽ പുത്തൻ ഊർജ്ജ സ്രോതസ്സ് ലഭ്യമാക്കുന്നതിനുള്ള അന്വേഷണത്തിലേക്ക് ശാസ്ത്രലോകത്തിന്റെ ശ്രദ്ധ തിരിഞ്ഞത്. നെടുനാളത്തെ അശ്രാന്തപരീക്ഷണനിരീക്ഷണങ്ങൾക്കൊടുവിൽ, അമേരിക്കയിലെ  എം.ഐ.ടി., സി.എഫ്.എസ്. സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ പുത്തൻ സാങ്കേതികവിദ്യ കണ്ടുപിടിച്ചിരിക്കുന്നു; സൂപ്പർ കണ്ടക്ടർ മാഗ്നറ്റ്!!! ഇരുപത് ടെസ്‌ല  അളവിൽ കാന്തികമണ്ഡലമൊരുക്കുവാൻ ഈ സംവിധാനത്തിന് കഴിയും എന്നുള്ളിടത്താണ് ഈ കണ്ടുപിടുത്തം നിലവിലുള്ള മറ്റെല്ലാ സംവിധാനങ്ങളിൽ നിന്നും വേറിട്ടു നില്ക്കുന്നത്. ഇതുവരെ ഈ പ്രവർത്തനങ്ങൾക്കായി നിർമ്മിച്ച് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റിയാക്ടറുകൾ ആകൃതിയിൽ വളരെ വലുതാണ്. എന്നാൽ പുതിയ സംവിധാനം അവലംബിക്കുക വഴി താരതമ്യേന ചെറുതും പ്രവർത്തനക്ഷമതയിൽ വലുതുമായ ഇലക്‌ട്രോ മാഗ്നറ്റ് നിർമ്മിക്കുവാൻ കഴിയുന്നു. ഇത് ശാസ്ത്രലോകത്ത് വിപ്ലവകരമായ ഒരു കണ്ടുപിടുത്തമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ആണവ ഊർജ്ജ ഉൽപാദനരംഗത്ത് സഹസ്രകോടികൾ മുടക്കി ഗവേഷണ രംഗത്ത് സജീവമായ, ലോകത്തിലെ  ഒട്ടേറെ വികസിത രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ ഈ രീതിയെ സഹർഷം സ്വാഗതം ചെയ്തിരിക്കുന്നു. നിലവിലെ ആണവ ഊർജ്ജ ഉൽപാദനത്തിന്റെ പ്രവർത്തനം മൂലം ഉണ്ടാകുമെന്ന് പറയപ്പെടുന്ന കിരണങ്ങൾ മൂലം, പ്രകൃതിയിൽ സസ്യജാലങ്ങൾക്കും മനുഷ്യനും ഉണ്ടായേക്കാവുന്ന ദോഷവശങ്ങൾ എല്ലാം തന്നെ മുന്നിൽക്കണ്ട്, അവയൊക്കെ പരിഹരിച്ച് തികച്ചും സുരക്ഷിതമായ സാങ്കേതിക സംവിധാനത്തിനാണ് അമേരിക്കയിലെ പ്രഗത്ഭരായ ഒരു പറ്റം ശാസ്ത്രജ്ഞർ രൂപം നല്കിയിരിക്കുന്നത്.

 

മഹായജ്ഞത്തിൽ പങ്കാളിയായി മലയാളി

ലോക ഊർജ്ജ മേഖലയുടെ രംഗത്ത് സ്‌ഫോടനാത്മകമായ മാറ്റം തന്നെ സംജാതമാക്കുന്ന തരത്തിൽ അണിയറയിൽ പരുവപ്പെട്ടുകൊണ്ടിരിക്കുന്ന ഈ മഹായജ്ഞത്തിൽ ഏഷ്യയിലെ പ്രഥമ കത്തോലിക്കാ രൂപതയായ കൊല്ലം ലത്തീൻ സമൂഹത്തിന്റെ ഒരു അരുമസന്താനവുമുണ്ട്   - ഡോ.സിൽവസ്റ്റർ നൊറോണ!
കൊല്ലം രൂപത ക്ലാപ്പന സെന്റ് ജോർജ്ജ് ഇടവകയിൽ മീനേത്ത് തറവാട്ടിൽ ജറോം സി. നൊറോണ - ഗേളി നൊറോണ ദമ്പതികളുടെ മകനായി കുഞ്ഞുസിൽവസ്റ്റർ ഭൂജാതനായി. ആലപ്പുഴ രൂപതയിലെ ലിയോ തേർട്ടീന്ത് സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ നിന്നു രസതന്ത്രത്തിൽ ബിരുദം ഉയർന്ന നിലയിൽ വിജയിച്ചു. തുടർന്ന് എറണാകുളം വരാപ്പുഴ രൂപതയിലെ സെന്റ് ആൽബർട്ട്‌സ് കോളജിൽ നിന്നും കെമിസ്ട്രിയിൽ ബിരുദാനന്തരബിരുദം നേടി. അനന്തരം ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐ.ഐ.എസ്.സി.) നിന്നും മെറ്റീരിയൽ സയൻസിൽ ഗവേഷണം വിജയകരമായി പൂർത്തിയാക്കി പി.എച്ച്.ഡി. കരസ്ഥമാക്കി. നൊറോണയുടെ വിദ്യാഭ്യാസത്തിലുള്ള ഒടുങ്ങാത്ത തൃഷ്ണ അദ്ദേഹത്തെ ഇംഗ്ലണ്ടിലെത്തിച്ചു. പ്രശസ്തമായ ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ നിന്നും രസതന്ത്രത്തിൽ തന്നെ പോസ്റ്റ് ഡോക്ടറൽ ബിരുദം സ്വായത്തമാക്കിയ ഡോ.സിൽവസ്റ്റർ, അമേരിക്കൻ ഐക്യനാടുകൾ തന്റെ പ്രവർത്തന തട്ടകമായി തിരഞ്ഞെടുത്തു. കഴിഞ്ഞ ഇരുപതുവർഷമായി അമേരിക്കയിലെ ബോസ്റ്റൺ  ആസ്ഥാനമായ ഗവേഷണ സ്ഥാപനത്തിൽ,  ശാസ്ത്രപരീക്ഷണങ്ങളിൽ വ്യാപൃതനാണ് ഡോക്ടർ നൊറോണ. കൊല്ലം ക്ലാപ്പന ഇടവകയിൽ ഫെലിക്‌സ് വില്ലയിൽ പീറ്റർ കാർഡോസ്-ജോനാ ദമ്പതികളുടെ മകൾ ഫെലിഷ്യയാണ് ജീവിതപങ്കാളി. ശ്രീമതി ഫെലിഷ്യ നൊറോണ അമേരിക്കയിൽ ഹെൽത്ത് കെയർ ഓഡിറ്ററായി സേവനം അനുഷ്ഠിച്ചുവരുന്നു. ബയോ ടെക്‌നോളജി ബിരുദാനന്തര വിദ്യാർത്ഥിയായ ഷാരണും, കെമിക്കൽ ബയോ മെഡിക്കൽ എഞ്ചിനീയറിംഗ് രണ്ടാം വർഷം പഠിക്കുന്ന ഷോണും മക്കളാണ്. ഈ കുറിപ്പ് തയ്യാറാക്കുന്നതിലേക്കായി വിവരസമാഹരണത്തിന് പലവട്ടം ഡോ. നൊറോണയുമായി സംവദിക്കുകയുണ്ടായി. എന്റെ പരിമിതമായ അറിവ് വച്ചുകൊണ്ടുള്ള ചെറു ചോദ്യങ്ങൾക്ക് വലിയ വിശദീകരണങ്ങൾ വിലയേറിയ സമയം ചിലവഴിച്ച് നല്കുന്നതിന്, ഈ ശാസ്ത്രപ്രതിഭാധനൻ കാണിച്ച സൗമനസ്യവും ക്ഷമയും എന്നെ ഒട്ടൊക്കെ  അതിശയിപ്പിച്ചു. വിനയാന്വിതനായി, ശാന്തസ്വരത്തിൽ അദ്ദേഹം എന്നോടു പങ്കുവച്ച വിവരങ്ങളിൽ ഏതാനും ചിലതുമാത്രമേ ഈ ലേഖനത്തിൽ ഉൾപ്പെടുത്തുവാൻ സാധിച്ചുള്ളു എന്ന വസ്തുത ക്ഷമാപണപൂർവ്വം കുറിച്ചുകൊള്ളട്ടെ.

 

 

മാലിന്യമുക്തമായ ശുദ്ധമായ വൈദ്യുതി

നുക്ലിയർ റിയാക്ടറുകൾ വഴി ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതി (ഊർജ്ജം) പൊതുവിൽ മാലിന്യമുക്തമായ ശുദ്ധമായ വൈദ്യുതിയാണ്. കാരണം,  അതിന്റെ ഉൽപാദനത്തിൽ ഭൗമമണ്ഡലം മലിനീകരിക്കുന്ന, ഭൂമിയുടെ താപനില വർദ്ധിപ്പിക്കുന്ന ഹരിതവാതകങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നില്ല എന്നതാണ്. ന്യൂക്ലിയർ റിയാക്ടറുകളിൽ ന്യൂക്ലിയർ റിയാക്ഷനിലൂടെയാണ് ഊർജ്ജം ഉൽപാദിപ്പിക്കപ്പെടുന്നത്.
രണ്ടു വ്യത്യസ്ത പ്രക്രിയകളാണ് ന്യൂക്ലിയർ റിയാകടറുകളിൽ ഉപയോഗിക്കുന്നത്. ന്യൂക്ലിയർ ഫിഷൻ, ന്യൂക്ലിയർ ഫ്യൂഷൻ എന്നിവയാണ് ഈ പ്രക്രിയകൾ. ന്യൂക്ലിയർ ഫിഷനിൽ,കൂടിയ പിണ്ഡമുള്ള (Mass) യുറേനിയം പോലത്തെ മൂലകങ്ങൾ വിഘടിപ്പിച്ച്, അതിലൂടെ ഉരുത്തിരിയുന്ന ശക്തമായ ഊർജ്ജ വികിരണം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്.(വിഘടനശേഷം അവശേഷിക്കുന്ന യുറേനിയത്തിന്റെ അവശിഷ്ടങ്ങൾ (isotopes) ആണ് ന്യൂക്ലിയർ ആയുധ നിർമ്മാണത്തിന് ഉപയോഗപ്പെടുത്തുന്നത്. ഈ വിഘടനം വഴി ഉൽപ്പാദിക്കപ്പെടുന്ന അതിശക്തമായ താപ ഊർജ്ജം ആണ് ന്യുക്ലിയർ ബോംബുകൾക്ക് ഇത്രയും പ്രഹരശേഷി നൽകുന്നത്‌ )
എന്നാൽ ഫ്യൂഷൻ റിയാക്ടറുകളിൽ ഊർജ്ജ ഉൽപാദനം നടത്തുന്നത്, ഹൈഡ്രജൻ പോലെയുള്ള പിണ്ഡം കുറഞ്ഞ മൂലകങ്ങളുടെ കൂടിച്ചേരലുകളിലൂടെ (Fusion) ആണ്. സൂര്യനിൽ സംഭവിക്കുന്നത് ഹൈഡ്രജൻ ആറ്റമുകളുടെ സംയോജനത്തിലൂടെയുള്ള ഊർജ്ജോൽപാദനമാണ്. എന്നാൽ ഫ്യൂഷൻ റിയാക്ടറുകളിൽ ഹൈഡ്രജന്റെ ഐസോറ്റോപ്പുകൾ ആയ ഡ്യുറ്റീറിയവും (2H) ട്രിറ്റിയവും (3H) ആണ് ഉപയോഗപ്പെടുത്തുക. കാരണം, H-H സംയോജന പ്രക്രിയയ്ക്കു വിപരീതമായി, ഡ്യുറ്റീറിയം, ട്രിറ്റിയം ഇവകളുടെ സംയോജന പ്രക്രിയയിൽ സംജാതമാകുന്ന ഊർജ്ജത്തിന്റെ തോത് ഏതാണ്ട് 50 ഇരട്ടിയിൽ കൂടുതലാണ്. മാത്രമല്ല,  അതിനു തുടക്കത്തിൽ വേണ്ടിവരുന്ന താപോഷ്മാവും, പ്ലാസ്മയുടെ മർദ്ദവും (Plasma pressure) താരതമ്യേന കുറവാണ്.
ഫിഷൻ റിയാക്ടറുകളെ അപേക്ഷിച്ച് ഫ്യുഷൻ ടെക്‌നോളജിക്ക് ഒട്ടേറെ സവിശേഷതകളുമുണ്ട്. ഏറ്റം പ്രധാന ഘടകം ഹൈഡ്രജൻ, ഡ്യുറ്റീറിയം, ട്രിറ്റിയം എന്നീ മൂലകങ്ങളുടെ ലഭ്യത തന്നെയാണ്.'ഭൂമിയിൽ ഏറ്റം സുലഭമായി ലഭ്യമായ മൂലകം ഹൈഡ്രജൻ തന്നെയാണ്. ഡ്യുറ്റീറിയം കടൽ വെള്ളത്തിൽ നിന്നും ഉൽപാദിപ്പിക്കുവാൻ എളുപ്പമാണ്. ട്രിറ്റിയമാകട്ടെ ഫിഷൻ റിയാക്ടറുകളിൽ ഉപോൽപന്നമായി ഉൽപാദിപ്പിക്കപ്പെടുന്ന ഘനജലത്തിൽ (Heavy Water) നിന്നും ഉൽപാദിപ്പിക്കുവാൻ സാധിക്കും.

 

അപകട ഭീഷണിയില്ലാതെ ആണവ വൈദ്യുതി
ഫിഷൻ റിയാക്ടറുകളിൽ ഉണ്ടാകുന്ന ഉപോൽപന്നങ്ങൾ ന്യൂക്ലിയർ ആയുധങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. ആയുധപ്പന്തയത്തിലേക്കു നയിക്കുന്ന ഈ സാദ്ധ്യത ലോകത്തിനു തന്നെ ഭീഷണിയാകുമെന്ന്  ഹിരോഷിമയും നാഗസാക്കിയും നമ്മെ ഓർമ്മപ്പെടുത്തുന്നു. ഇന്ന് ന്യൂക്ലിയർ ക്ലബ്ബിൽ അംഗത്വമുള്ള എല്ലാ രാജ്യങ്ങളും ഈ വിനാശകരമായ ന്യൂക്ലിയർ ബൈപ്രോഡക്റ്റ്‌സ് ശേഖരിച്ചുവച്ചിരിക്കുന്ന രാജ്യങ്ങളാണ്.ഫുകുഷിമ, ചെർനോബിൽ എന്നിവിടങ്ങളിൽ നടന്ന ന്യൂക്ലിയർ റിയാക്ടർ അപകടങ്ങൾ, ഫ്യൂഷൻ റിയാകടറുകളിൽ  സംഭവിക്കുവാൻ സാധ്യതയില്ല. മാത്രമല്ല, ഫ്യൂഷൻ റിയാക്ഷൻ ഏത് അടിയന്തിരഘട്ടത്തിലും നിറുത്തിവയ്ക്കുവാനും സാധിക്കും.
പരിസ്ഥിതി ആഘാതം വളരെ കുറവാണ്, ന്യൂക്ലിയർ റേഡിയേഷൻ തീരെയില്ല.. ഇതൊക്കെ ഫ്യൂഷൻ ടെക്‌നോളജിയുടെ സവിശേഷതകൾ ആണെങ്കിലും ചില പ്രതികൂല ഘടകങ്ങൾ കടമ്പകളായി അവശേഷിക്കുന്നു. അതിൽ ഏറ്റം സവിശേഷതയർഹിക്കുന്ന ഘടകം ഫ്യൂഷൻ റിയാക്ഷൻ സമാരംഭിക്കുവാൻ വേണ്ടിവരുന്ന ഊർജ്ജത്തിന്റെ അളവ് വളരെ കൂടുതലാണെന്നതാണ്. കൂടാതെ പ്ലാസ്മായെ നിലനിറുത്തുന്ന കാന്തികമണ്ഡലം ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ അളവും വളരെ കൂടുതൽ ആണ്. ഈ രണ്ടു പോരായ്മകളും പരിഹരിക്കുവാൻ ഉതകുന്ന മാർഗ്ഗങ്ങൾ കണ്ടെത്തുവാനുള്ള പരിശ്രമങ്ങൾ ലോകരാഷ്ട്രങ്ങളുടെ കൂട്ടായഗവേഷണ  നിരീക്ഷണങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുന്നു. ഈ ന്യൂനതകൾ പരിഹരിക്കപ്പെട്ടാൽ ലോകത്തിന്റെ ഊർജ്ജവിനിയോഗത്തിലും, അതിന്റെ മൂല്യത്തിലും, അതിനു നൽകേണ്ടിവരുന്ന വിലയിലും ഒക്കെ വിപ്ലവകരമായ ഒരു മാറ്റത്തിനു ലോകം സാക്ഷ്യം വഹിക്കും.

മാർഷൽ ഫ്രാങ്ക്

 

Video Courtesy : World Top ONE

Foto
Foto

Comments

leave a reply

Related News