Foto

വരുന്നു ജോ ബൈഡൻ..! എല്ലാ കണ്ണുകളും അമേരിക്കയിലേക്ക്

ജോഷി ജോർജ്      

അമേരിക്കയുടെ 46മത്   പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ അധികാരമേറ്റ ആദ്യ ദിവസം തന്നെ രാജ്യത്തെ കുടിയേറ്റ നിയമങ്ങളിൽ സമഗ്രമായ മാറ്റം വരുത്താൻ നിർദ്ദേശിക്കുമെന്ന്,    വാഷിംഗ്ടൺ പോസ്റ്റ് ഡെയിലി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ബൈഡന്റെ നിയമനിർമ്മാണ നിർദ്ദേശത്തിൽ രേഖപ്പെടുത്താത്ത കുടിയേറ്റക്കാർക്കുള്ള പൗരത്വപ്രശ്നം കൂടി ഉൾപ്പെടുത്തുമെന്നറിയുന്നു; പൗരത്വത്തിനുള്ള് യോഗ്യത നേടുന്നതിന്, ജനുവരി ഒന്നുവരെ ആ വ്യക്തി അമേരിക്കയിൽ ഉണ്ടായിരിക്കണം, ഈ നിബന്ധനമാത്രമാണതിനുള്ളത്. യോഗ്യരായ കുടിയേറ്റക്കാരെ അഞ്ച് വർഷത്തേക്ക് ഒരു താൽക്കാലിക പൗരത്വത്തിൽ പാർപ്പിക്കും, പശ്ചാത്തല പരിശോധനകൾക്കുശേഷം   അവർക്ക് ഒരു പച്ച കാർഡ് ലഭിക്കും. മൂന്ന് വർഷത്തിന് ശേഷം അവർക്ക് പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയും. ഡിഫെർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് അറൈവൽസ്, താൽക്കാലിക പരിരക്ഷിത സ്റ്റാറ്റസ് പ്രോഗ്രാമുകൾ എന്നിവയുടെ ഭാഗമായ രേഖപ്പെടുത്താത്ത കുടിയേറ്റക്കാർക്ക് ഉടൻ ഒരു ഗ്രീൻ കാർഡിനായി അപേക്ഷിക്കാൻ കഴിയുമത്രെ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവർക്കിത് ഏറെ ആശ്വസം പകരുന്ന വാർത്തയാണ്.

 

1972 മുതൽ 2009 വരെ അമേരിക്കയിൽ സെനറ്റർ ആയി പ്രവർത്തിച്ച  വ്യക്തിയാണ് ജോ ബൈഡൻ.  37 വർഷത്തോളം വിവിധ സെനറ്റ് കമ്മിറ്റികളിൽ അംഗമായിരുന്നു അദ്ദേഹം. വിദേശകാര്യ വിദഗ്ധനായിരുന്ന ബൈഡൻ പ്രധാനമായും ഇരുന്നത് സെനറ്റിന്റെ വിദേശ കാര്യ കമ്മിറ്റികളിൽ ആണ്. നയതന്ത്രപരവും രാഷ്ട്രീയവുമായ വിഷയങ്ങൾ കൃത്യമായി അറിയുന്ന,  അതിൽ വ്യക്തമായ നിലപാടുകളുള്ള വ്യക്തി കൂടിയാണ് ജോ ബൈഡൻ.

കുട്ടിക്കാലത്ത് ഒരു വിക്കൻ എന്ന് മുദ്രകുത്തിയ ബൈഡനെ സ്‌ക്കൂളിലെ കന്യാസ്ത്രീകളായ അദ്ധ്യാപകരും മാതാപിതാക്കളും നന്നേ പാടുപെട്ടാണ് മുൻനിരയിലേക്ക് കൊണ്ടുവന്നത്. കണ്ണാടിക്കു മുന്നിൽ മണിക്കൂറുകളോളം നിന്ന് നീണ്ട വാചകങ്ങൾ പറഞ്ഞു പഠിച്ച്, എമേഴ്സന്റേയും യേറ്റിസിന്റേയും കവിതകൾ ഉച്ചത്തിൽ പാടിയും പറഞ്ഞും മികവുണ്ടാക്കി. പതിയെ വിക്കിനെ പടി കടത്തി.

അന്നേ നേടിയ ആത്മവിശ്വാസമാണ് ബൈഡന്റെ ജീവിതം മാറ്റിമറിച്ചത്. കോളേജിലെത്തിയതോടെ അറിയപ്പെടുന്ന പ്രസംഗ പരിശീലകനായി.  പിന്നീട് പാർലമെന്റ് അംഗമായി.

ഒരിയ്ക്കൽ ആന്മഹത്യയുടെ വക്കത്തുചെന്നുനിന്ന, ജീവിതം മുഴുവൻ പരാജയങ്ങൾ വിടാതെ പിന്തുടർന്ന ഒരുവനാണ്  ജോ ബൈഡൻ എന്നോർക്കണം.  ഇനിയങ്ങോട്ട് ലോകരാജ്യങ്ങളുടെ തലസ്ഥാനം എന്ന് വിശേഷിപ്പിയ്ക്കാവുന്ന അമേരിയ്ക്കയെ നയിക്കാൻ പോകുന്നത് ഈ മനുഷ്യനാണ്.

വർണ്ണ വിവേചനത്തിനെതിരെ ശക്തമായ നിലപാടെടുക്കാത്ത  ദക്ഷിണാഫ്രിക്കൻ സർക്കാരുമായി അമേരിക്കൻ സർക്കാരിനുണ്ടായിരുന്ന സൗഹൃദത്തെ, അന്നത്തെ അമേരിക്കൻ വിദേശ കാര്യ സെക്രട്ടറിയുടെ മുഖത്ത് നോക്കി തന്നെ  വളരെ രൂക്ഷമായ ഭാക്ഷയിൽ ആണ് ബൈഡൻ വിമർശിച്ചത്. റീഗന്റെ കാലയളവിൽ, ആയിരത്തിതൊള്ളായിരത്തി എൺപത്തിയാറിൽ നടന്ന ഈ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ബൈഡന്റെ രാഷ്ട്രീയ മൂല്യങ്ങളുടെ, നിലപാടുകളുടെ വർഷങ്ങൾക്ക് മുൻപുള്ള നേർചിത്രം നമുക്കതിൽ കാണാനാകും.

മിഡിൽ ഈസ്റ്റ് , ബാൽകൺ, നാറ്റോ വിഷയങ്ങളിൽ വർഷങ്ങളോളം നേരിട്ട് ഇടപെട്ടു പ്രവർത്തിച്ച  പരിചയം ബൈഡനുണ്ട്.

ബോസ്നിയ സെർബിയ യുദ്ധത്തിൽ മനുഷ്യപക്ഷ നിലപാടെടുത്ത വ്യക്തിയാണ് അദ്ദേഹം. സെർബിയൻ പ്രസിഡൻഡിനോട് നേരിട്ട് നിങ്ങൾ ഒരു യുദ്ധ കുറ്റവാളി ആണ് എന്ന് ആർജ്ജവത്തോടെ പറഞ്ഞ അമേരിക്കൻ സെനറ്റർ.

റിപ്പബ്ലിക്കൻ പാർട്ടി സെനറ്ററും തന്റെ സുഹൃത്തുമായ ജോൺ മക്കൈനുമായി ചേർന്ന് 1999 ഇൽ കൊസോവോ രാഷ്ട്രീയം പഠിച്ച് തയ്യാറാക്കിയ മക് കെയിൻ-ബൈഡൻ കൊസോവോ പ്രേമയം ബൈഡന്റെ വിദേശരംഗത്തെ ഇടപടെലുകളുടെ സാക്ഷ്യമാണ്.  കൊസോവോയിലെ അൽബേനിയൻ എത്നിക് ന്യൂനപക്ഷത്തെ സഹായിക്കാൻ സൈന്യത്തെ ഉപയോഗിക്കാൻ പ്രസിഡന്റ് ബിൽ ക്ലിന്റൺനു ഉപദേശം നൽകിയത് ബൈഡനും കൂടിയാണ്.

1991 ലെ ഗൾഫ് യുദ്ധത്തിനെതിരെ നിലപാടെടുത്ത സെനറ്റർമാരിൽ മുന്നിലായിരുന്നു അദ്ദേഹം.

 

അതേസമയം  2001 ലെ അമേരിക്കൻ ഭീകരാക്രമണത്തിനു തിരിച്ചടിയായി അഫ്ഘാനിസ്ഥാനിൽ നടത്തിയ അമേരിക്കൻ സൈനിക ഇടപെടലുകളുടെയും, സദ്ദാം ഹുസൈനെ പുറത്താക്കാനുള്ള ഇറാഖിലെ  സൈനിക നടപടികളുടെയും വലിയ അനുകൂലി ആയിരുന്നു അദ്ദേഹം.

അമേരിക്കയുടെ താൽപര്യം സംരക്ഷിക്കാൻ ഉള്ള സൈനിക ഇടപെടലുകൾ നടത്തേണ്ടിടത്തു വിമുഖത കാണിക്കുന്ന വ്യക്തി അല്ല ജോ ബൈഡൻ.  കശ്മീർ , പലസ്തീൻ , സിറിയ, അഫ്ഘാനിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളിലെ ആഭ്യന്തര വിഷയങ്ങളിലും അതിർത്തി പ്രശ്നങ്ങളിലും വളരെ ആഴത്തിലുള്ള അറിവ് ബൈഡനുണ്ട്.  ഇത്തരം വിഷയങ്ങളിൽ അമേരിക്കയുടെ നിലപാട് നിശ്ചയിക്കുന്ന തന്ത്രപ്രധാനമായ സെനറ്റ് കമ്മിറ്റികളിൽ വർഷങ്ങളോളം പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് ജോ ബൈഡൻ അമേരിക്കയുടെ പ്രസിഡന്റ് പദത്തിലേക്ക് വരുന്നത്. അദ്ദേഹത്തെ ആർക്കും പറഞ്ഞു പറ്റിക്കാനാവില്ല എന്ന് ചുരുക്കം. ഇന്നത്തെ അവിടുത്തെ രാഷ്ട്രീയ നേതാക്കളെക്കാൾ ആഴത്തിൽ ആ വിഷയങ്ങളുടെ ചരിത്രവും പശ്ചാത്തലവും അദ്ദേഹത്തിനറിയാം. അതുകൊണ്ട് തന്നെ ജോ ബൈഡൻ എന്ന പ്രസിഡന്റ് വിദേശകാര്യ  വിഷയങ്ങളിൽ എടുക്കുന്ന നിലപാടുകൾ എല്ലാവരും താല്പര്യത്തോടെ നോക്കി കാണുമെന്നുറപ്പാണ് .

 

തന്റെ അത്ര ശോഭനീയമല്ലാത്ത അഭിഭാഷക ജോലി വിട്ടതിനു ശേഷം , 1972 മുതൽ രാഷ്ട്രീയ തട്ടകത്തിലേക്കിറങ്ങി.  അമേരിക്കയിലെ പ്രായം കുറഞ്ഞ ആറാമത്തെ സെനറ്റർ ആയി തന്റെ മുപ്പതാം വയസ്സിൽ രാഷ്ട്രീയ ജീവിതം തുടങ്ങിയ വ്യക്തി ആണ് ബൈഡൻ. സെനറ്റർ ആയി ജോലി തുടങ്ങുന്ന സമയം തന്നെ , ജീവിതത്തിൽ ദാരുണമായ ഒരു സംഭവം നടന്നു. ഒരു വാഹനാപകടത്തിൽ തന്റെ ഭാര്യയും , ഒരു വയസ്സ് മാത്രം പ്രായമായ മകളും കൊല്ലപ്പെട്ടു. മൂന്നും രണ്ടും വയസ്സുള്ള ആൺകുട്ടികൾ പരിക്കുകളോടെ രക്ഷപ്പെട്ടു. അവരുമായി ബൈഡൻ ജീവിതം മുന്നോട്ടു കൊണ്ടുപോയി. 1977ൽ അദ്ദേഹം ജിൽ ട്രേസിയെ വിവാഹം ചെയ്തു. ഈ വിവാഹബന്ധത്തിൽ ജില്ലിനും ജോക് ബൈഡനും  ഒരു പെൺകുഞ്ഞു പിറന്നു.

 

2015 ഇൽ നാല്പത്താറുകാരനായ മൂത്ത മകൻ ബോ ബൈഡൻ ബ്രെയിൻ ട്യൂമർ ബാധിച്ചു മരിച്ചു. തന്റെ എല്ലാ കഴിവുകളുമുള്ള, എന്നാൽ തന്നിലെ കുറവുകൾ ഒന്നുമില്ലാത്ത ബോ ഒരു നാൾ അമേരിക്കൻ പ്രസിഡന്റ് ആകും എന്ന് ജോ കരുതിയിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയിലെ ഉദിച്ചു വന്ന യുവ വ്യക്തിത്വം ആയിരുന്നു ബോ. ഡെലവെയറിലെ അറ്റോർണി ജനറൽ ആയിരുന്ന ബോ  ഗവർണർ ആയി മത്സരിക്കാൻ തയ്യാറെടുക്കുമ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്.  ബോയുടെ  മരണം വൈകാരികമായി ജോയെ തളർത്തി. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ മത്സരിക്കാതിരിക്കാൻ മുഖ്യ കാരണം ഇതായിരുന്നു. 2020 ഇൽ തന്റെ 77 ആം  വയസ്സിൽ മത്സരിക്കാനുള്ള ഊർജ്ജവും ബോ തന്നെ . ബോ  ബൈഡനെ കുറിച്ച്  എഴുതിയ 'പ്രോമിസ് മീ, ഡാഡ് ' എന്ന ജോ ബൈഡന്റെ പുസ്തകത്തിൽ ഇതെല്ലാം പ്രതിപാദിക്കുന്നുണ്ട്.

 

 വ്യക്തി ജീവിതത്തിൽ ഒരു പാട് ദുരന്തങ്ങളിലൂടെ കടന്നു പോയ ജോ അതിൽ നിന്നെല്ലാം പൊരുതി മുന്നേറി സ്വന്തം പ്രയത്നത്താലാണ് തന്റെ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുത്തത്. അദ്ദേഹം ജീവിതത്തിൽ ഇന്നോളം സംസാരിച്ചത് ഒരുമയുടെ രാഷ്ട്രീയമാണ്. അമേരിക്കയിലെ സാധാരണക്കാരായ ജനതയ്ക്ക് അദ്ദേഹത്തോട് സ്നേഹം നിറഞ്ഞ ആരാധന തോന്നുന്നത് സ്വാഭാവികം ആണ്.

 

1988ൽ തന്റെ നാൽപ്പത്തിയാറാം വയസ്സിൽ അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വം തേടാൻ മുന്നോട്ടു വന്നതായിരുന്നു അദ്ദേഹം. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കാരണം അന്ന് അദ്ദേഹത്തിന് അതിനു കഴിഞ്ഞിരുന്നില്ല. പക്ഷെ അതിനകം ബൈഡൻ അമേരിക്കൻ സെനറ്റിലെ പ്രമുഖ വ്യക്തിത്വം ആയി മാറിയിരുന്നു. തന്റെ  വർഷങ്ങളുടെ പരിചയസമ്പത്ത് കൊണ്ടും പാർട്ടി ഭേദമന്യേ  എല്ലാവരോടും കാണിക്കുന്ന സ്നേഹവും സൗഹൃദവും  കൊണ്ടും ജോ ഡെമോക്രറ്റുകൾക്കും റിപ്പബ്ലിക്കന്മാർക്കും ഒരു പോലെ പ്രിയപ്പെട്ട വ്യക്തിയായി മാറി. 2008 മുതൽ 2016 വരെ അദ്ദേഹം ഒബാമ സർക്കാരിലെ വൈസ് പ്രസിഡന്റ് ആയിരുന്നു. ഒബാമ യുടെ ഭാഷയിൽ പറഞ്ഞാൽ ''എനിക്ക് നിലപാടെടുക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ, ആ നിമിഷങ്ങളിൽ വൈറ്റ് ഹൗസിൽ എന്റെ ഔദ്യോഗിക മുറിയിൽ എന്റെ കൂടെ ചർച്ച ചെയ്യാൻ ഉണ്ടാകുന്ന വ്യക്തി ആണ് ജോ''. ഇതൊന്നുമാത്രം മതി ജോ ബൈഡൻ എന്ന വ്യക്തിയുടെ ഭരണ രംഗത്തെ  അനുഭവ പരിചയത്തിന്റെ പ്രാഗൽഭ്യം മനസ്സിലാക്കാൻ.

 

ഇത്രയും ആഴത്തിലും പരപ്പിലുമുള്ള അറിവും അനുഭവ സമ്പത്തുമുള്ള ഒരു വ്യക്തി, തന്റെ ചെറുപ്പ കാലത്ത് അമേരിക്കൻ പ്രസിഡന്റ് പദത്തിൽ എത്താൻ യോഗ്യനായിരുന്നിട്ടു പോലും അതിനു സാധിക്കാതെ , ഇന്ന് എഴുപത്തി എട്ടിനോടടുക്കുന്ന ജീവിതത്തിന്റെ സായന്തന ഘട്ടത്തിൽ അമേരിക്കയുടെ പ്രസിഡന്റ് ആയിരിക്കുന്നു. അത് ഒരു വ്യക്തിയുടെ നിശ്ചയദാർഢ്യത്തിന്റെ , പോരാട്ടവീര്യത്തിന്റെ വിജയമാണ്. ഒരാൾക്കും ചിന്തിക്കാൻ പോലുമാകാത്ത ദുരന്തങ്ങളിൽ പതറാതെ, പൊരുതി മുന്നേറിയാണ് അയാൾ ഇവിടെ എത്തിയത്. കാലം കാത്തു വച്ച അംഗീകാരം തന്നെ ആണ് ബൈഡന്റെ ഈ സ്ഥാനലബ്ധി. ഒരു പക്ഷെ ഇങ്ങനെ ഒന്ന് സംഭവിക്കാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിരുന്നെങ്കിൽ അത് ചരിത്രത്തിലെ ഒരു നീതികേടാകുമായിരുന്ന

 

ജീവിതത്തിലെ തിരിച്ചടികൾ

1972ൽ ആദ്യമായി സ്‌നേറ്ററായി സ്ഥാനമേറ്റ് ഒരു മാസം കഴിയും മുമ്പെ ജീവനുതുല്യം പ്രണയിച്ച ഭാര്യനയ്ലി ഹണ്ടറും മകളും  അപകടത്തിൽപെട്ട് മരിച്ചു.(ക്രിസ്മസിന് സൂപ്പർ മാർക്കറ്റിൽ നിന്ന് ക്രിസ്മസ് ട്രീ വാങ്ങാനായി പോയതായിരുന്നു.)

രണ്ടാൺമക്കൾക്കും കാര്യമായിത്തന്നെ പരിക്കും പറ്റി. ആരും പതറിപോകുന്ന അവസ്ഥ. മക്കളെ മാറോടു ചേർത്ത് വിധിയ്ക്കുമുന്നിൽ പകച്ചുനിൽക്കാതെ ശിഷ്ട്ടകാലം അവരെ നോക്കാൻ പ്രൗഢിയിൽ നിന്ന രാഷ്ട്രീയം ഉപേക്ഷിക്കാൻ രാജിയ്ക്ക് ഒരുങ്ങിയതാണ്. പക്ഷെ, സ്ഥാനമാനങ്ങൾക്കും അപ്പുറം ബന്ധങ്ങൾക്ക് വില കൽപ്പിച്ച ബൈഡനെ വിട്ടുകളയാൻ അമേരിക്കൻ ജനത ഒരുക്കമായിരുന്നില്ല.

തുടർന്ന് അമ്മ നഷ്ടപ്പെട്ട രണ്ട് കുഞ്ഞുമക്കൾക്കും  തന്റെ സാഹ്നിധ്യം ആവശ്യമാമെന്നറിഞ്ഞ്   ട്രെയിനിൽ നാലു മണിക്കൂർ ദിവസേന സഞ്ചരിച്ഛ് സിംഗിൾ പേരന്റായി അവർക്കൊപ്പം വർഷങ്ങളോളം തുടർന്നു. കാലന്തരത്തിൽ അവർക്ക് കൂട്ടിനായി മറ്റൊരു വിവാഹം കഴിച്ചു. അതിൽ ഒരു മകളും ഉണ്ട്.

എന്നാൽ അവിടംകൊണ്ടൊന്നും കഷ്ടകാലം അവസാനിച്ചില്ല. ഒബാമയുടെ ഭരണത്തിൻ കീഴിൽ വൈസ് പ്രസിഡണ്ടായിരിക്കെ, താൻ ഏറെ സ്നേഹിച്ച മൂത്ത മകൻ ജോസഫ് ബോ ബൈഡൻ കാൻസർ ബാധിച്ഛ് അപ്രതീക്ഷിതമായി മരിച്ചു. ആ വേദനയിൽ വിതുമ്പിപ്പോയ  ആ പിതാവിനെ അമേരിക്കൻ ജനതയ്ക്ക് മറക്കാനായില്ല.

വേണ്ടപ്പെട്ടവരെ നഷ്ടപ്പെടുന്നതിന്റെ വേദന ജീവിതം കൊണ്ട് അനുഭവിച്ചറിഞ്ഞതുകൊണ്ടു തന്നെയാവണം സെനറ്റ

റായിരുന്നപ്പോൾ അദ്ദേഹം ഇറാക്ക് യുദ്ധത്തെ നഖശകിതം എതിർത്തത്.

മറ്റൊരു ഭാഷയിൽ, 99% അമേരിയ്ക്കകാരും ഇറാഖ് യുദ്ധത്തെ അനുകൂലിച്ചപ്പോൾ യുദ്ധത്തിന് പകരം സമാധാനം സ്ഥാപിയ്ക്കാൻ ശ്രമിയ്ച്ച അവിടുത്തെ വളരെ ചുരുക്കം ചെറുപ്പക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. സഹജീവികളോട് ആധിപത്യത്തിനപ്പുറം കരുണയോടെ നോക്കിക്കാണാൻ കഴിവുള്ള യഥാർത്ഥ മനുഷ്യൻ. അമേരിക്ക പോലൊരു രാജ്യത്തെ നേരിടാൻവേണ്ട കഴിവോ സന്നാഹങ്ങളോടെ ഇല്ലാത്ത ഇറാക്കിനോട് മല്ലിട്ടാൽ ആ കുഞ്ഞുരാജ്യം തകർന്നുപോകും എന്നതിനാൽ അവരോട് യുദ്ധത്തിന് പോകണ്ട എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ എത്ര നന്മയുള്ള മനുഷ്യനാണ് അദ്ദേഹം!

അല്ലെങ്കിലും വിധി യാതൊരു കരുണയും കാണിയ്ക്കാതെ, നഷ്ട്ടങ്ങളും സങ്കടങ്ങളും നീണ്ടു നിലക്കാത്ത സന്തോഷങ്ങളും സമ്മാനിച്ച ജീവിതത്തിന്റെ വേദന അറിഞ്ഞവന് ഒരിക്കലും ആരെയും വേർപിരിക്കാനും തരം തിരിക്കാനുമാവില്ലല്ലോ...!

Foto
Foto

Comments

  • Sabu paily
    20-01-2021 07:55 PM

    . very nice article.

leave a reply

Related News