അദ്ധ്യാപകരുടെ നിയമനപ്രക്രിയ പൂർണമാകാത്തത് ഓൺലൈൻ ക്ലാസ്സുകളുടെ താളം തെറ്റിക്കുമെന്നു ആശങ്ക: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
കൊച്ചി: പുതിയ അധ്യയനവർഷം ജൂൺ ഒന്നിന് ഓൺലൈൻ വഴി ആരംഭിക്കുവാൻ സർക്കാർ തീരുമാനിക്കുമ്പോഴും സ്‌കൂളുകളിൽ പഠിപ്പിക്കാൻ അധ്യാപകരില്ലയെന്നുള്ളത് ആശങ്കാജനകമാണെന്ന് കെ.സി.ബി.സി വിദ്യാഭ്യാസകമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ് അഭിപ്രായപ്പെട്ടു. പുതിയ അധ്യയനവർഷ ആരംഭവുമായി ബന്ധപ്പെട്ട് രൂപതാ-സന്യാസ കോർപ്പറേറ്റ് മാനേജർമാരുടെ വാർഷികയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 32 രൂപത കോർപ്പറേറ്റ് മാനേജർമാരും സന്യസ്ത സഭകളുടെ മാനേജർമാരും ഉൾപ്പെട 81 പേർ യോഗത്തിൽ സംബന്ധിച്ചു.
തുടർന്നുള്ള ചർച്ചയിൽ കുറേ വർഷങ്ങളായി പൊതു വിദ്യാഭ്യാസമേഖലയിൽ പ്രത്യേകിച്ചും എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങളിൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്ക് പൂർണ്ണ വിരാമം ഉണ്ടായിട്ടില്ലന്നുള്ളത് കൂടുതൽ ആശങ്ക ഉളവാക്കുന്നു. സംരക്ഷിത അധ്യാപക തസ്തികകളിൽ അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടു സർക്കാർ സഹകരണ മനോഭാവത്തോടെ ഉത്തരവിറക്കിയെങ്കിലും ഇപ്പോഴത്തെ സാമൂഹിക - പൊതു ആരോഗ്യ പശ്ചാത്തലത്തിൽ നിയമന അംഗീകാര പ്രക്രിയ ആരംഭിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ അധ്യയനവർഷവും ഈ വർഷം ഇതുവരെയും പുതിയ അധ്യാപകനിയമനങ്ങൾ എയഡഡ് മേഖലയിൽ നടത്താൻ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ വിരമിച്ച അധ്യാപകരുടെയും ഒഴിവുകൾ നികത്താതിരിക്കുന്നത് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം താളം തെറ്റിക്കുകയും സുഗമമായ വിദ്യാലയപ്രവർത്തനങ്ങൾക്ക് തടസ്സാമാവുകയും ചെയ്യുന്നു. അധ്യാപകരുടെ ഒഴിവുകൾ നികത്താതെ മുന്നോട്ടു പോകുന്നത് വിദ്യാർത്ഥി സമൂഹത്തോട് കാണിക്കുന്ന വലിയ അവഗണനയാണ്. മാത്രവുമല്ല, അവരുടെ വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കലുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങളിൽ തീർത്തും അധ്യാപകർ ഇല്ലാത്ത സ്ഥിതിവിശേഷവും നിലനിൽക്കുന്നു. ഇത് ഗൗരവബുദ്ധിയോടെ കാണുകയും അടിയന്തിരമായ ഇടപെടൽ നടത്തുകയും ചെയ്യണം.
യു.പി. തലങ്ങളിലെ അധ്യാപകർക്ക് ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലേക്ക് ലഭിക്കേണ്ട പ്രൊമോഷനുകൾ സമയബന്ധിതമായി നൽകാൻ കഴിയുന്നില്ല. ആയതിനാൽ ഹൈസ്‌കൂൾ തലങ്ങളിലെ ഒഴിവുകൾ നികത്തപ്പെടാതെ ഒഴിഞ്ഞു കിടക്കുന്നു. സമയാസമയങ്ങളിൽ സീനിയോറിറ്റി അനുസരിച്ച് പ്രൊമോഷൻ നല്കാത്തത് അധ്യാപകരുടെ സീനിയോറിറ്റി നഷ്ടപ്പെടുത്തുകയും അവരുടെ മറ്റ് ആനുകൂല്യങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികൾ പരിഹരിക്കാതെ അധ്യയനവർഷം ആരംഭിക്കുന്നത് കാര്യക്ഷമതയില്ലാത്ത സ്‌കൂൾ നടത്തിപ്പിന് കാരണമാകുമെന്ന് മാനേജർമാർ അഭിപ്രായപ്പെട്ടു.
സർവ്വീസിൽ കയറിയ അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാൻ വേണ്ട യോഗ്യതാപരീക്ഷയായ കെ-ടെറ്റ് കോവിഡ് ലോക്ഡൗൺ സാഹചര്യത്തിൽ നടന്നിട്ടില്ല. മാത്രവുമല്ല, അവർക്ക് നല്കിയ കെ-ടെറ്റ് ഇളവുകൾ മെയ് മാസത്തോടെ അവസാനിക്കുകയും ചെയ്യുന്നു. ആയതിനാൽ ടെസ്റ്റ് യോഗ്യത നേടുന്നതിനുള്ള കാലയളവ് നീട്ടിക്കൊടുക്കണമെന്നും മാനേജർമാർ അഭ്യർത്ഥിച്ചു.
Comments
Jacob K C
Very good
Jacob K C
Very good