മരിയാപുരം(ഇടുക്കി): ആരാധനാലയങ്ങളില്‍ 15 പേരെ പങ്കെടുപ്പിച്ചു വിശുദ്ധ കുര്‍ബാന നടത്താമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിട്ടും,മരിയാപുരം സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന വിലക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു.സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തേ തുടര്‍ന്ന് ഞായറാഴ്ച പള്ളിയില്‍ 15 ഇടവകക്കാരെ വീതം പങ്കെടിപ്പിച്ച് നാല് കുര്‍ബാന ഉണ്ടായിരിക്കുമെന്ന് ശനിയാഴ്ച വൈകുന്നേരം 6.15ന് ഇടവക വികാരി റവ. ഡോ. ജോസ് മാറാട്ടില്‍ വാട്സ്ആപ്പ് സന്ദേശം വഴി ഇടവകയിലെ വിശ്വാസികളെ അറിയിച്ചിരുന്നു.എന്നാല്‍, രാത്രി 10ന് മരിയാപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഇടവക വികാരിയെ ഫോണില്‍ വിളിച്ച് നാളെ കുര്‍ബാന നടത്തരുതെന്ന് പറയുകയും,തുടര്‍ന്ന് 10.35ന് ഇടുക്കി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ പള്ളിമുറിയിലെത്തി വികാരിയെ വിളിച്ചുണര്‍ത്തി കുര്‍ബാന നടത്തരുതെന്നും നടത്തിയാല്‍ കേസ് എടുക്കുമെന്നും അറിയിച്ചു. രാത്രി വൈകി ഞായറാഴ്ച കുര്‍ബാനയുണ്ടാകില്ലെന്ന് വാട്സ്ആപ് സന്ദേശം വഴി ഇടവകാംഗങ്ങളെ അറിയിച്ചെങ്കിലും ഇന്നലെ രാവിലെ വിവരമറിയാതെ ആളുകള്‍ പള്ളിയിലെത്തിയിരുന്നു.പള്ളിയിലെത്തിയപ്പോഴാണ് കുര്‍ബാനയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയ വിവരം അറിയുന്നത്. ഇതോടെ വിശ്വാസികള്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. പള്ളിയില്‍ വരുന്നവര്‍ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ വരെ വിശ്വാസികളെ അറിയിച്ചിരുന്നു. മരിയാപുരം പള്ളിക്കു മാത്രമായി ആരോഗ്യ വകുപ്പും പോലീസും പ്രത്യേക നിയമം തയ്യാറാക്കിയത് വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേ ധത്തിന് ഇടയാക്കിയേക്കും. മാരിയാപുരത്ത് കോവിഡ് രോഗികള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണുള്ളതെന്നു നാട്ടുകാര്‍ പറഞ്ഞു. പള്ളിയിരിക്കുന്ന പ്രദേശത്ത് ഒരു രോഗിപോലും ഇല്ല. കോവിഡ് നിയന്ത്രണങ്ങള്‍ ഇത്രയധികം പാലിക്കുന്ന മരിയാപുരത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിനോദയാത്ര പോയത് നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് മരിയാപുരം പള്ളിയില്‍ വിശുദ്ധ കുര്‍ബാന തടഞ്ഞവര്‍ക്കെതിരേ നടപടിയുണ്ടാകണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
Comments