വത്തിക്കാൻ ഉടമ്പടി പ്രകാരം ചൈനയിൽ പുതിയ ബിഷപ്പ്
സംഘർഷ മഞ്ഞ് ഉരുകുമോയെന്ന ചോദ്യം വ്യാപകം
ചൈനയും വത്തിക്കാനുമായി നിലവിൽ വന്ന എപ്പിസ്‌കോപ്പൽ നിയമനങ്ങൾ സംബന്ധിച്ച കരാറിന് അനുസൃതമായി പിങ്ലിയാങ്ങിന്റെ (ഗാൻസു) പുതിയ സഹായ മെത്രാനായി മോൺസിഞ്ഞോർ ലി ഹുയി അഭിഷിക്തനായി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഭരണകൂടത്തിന്റെയും മേൽനോട്ടത്തിലുള്ള 'സ്വതന്ത്ര കത്തോലിക്കാ സഭ'യിലെ മുഖ്യ പ്രസ്ഥാനങ്ങളായ ചൈനീസ് ബിഷപ്പ്‌സ് കോൺഫറൻസ് പ്രസിഡന്റ്, ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിക്കുന്ന കുൻമിംഗ് ബിഷപ്പ് മാ യിങ്ലിൻ ആയിരുന്നു ഗാൻസു രൂപതാ കത്തീഡ്രലിൽ നടന്ന ചടങ്ങിലെ പ്രധാന കാർമ്മികൻ. കഴിഞ്ഞ ഒക്ടോബറിൽ കരാർ പുതുക്കിയതിന് ശേഷം നടന്ന മൂന്നാമത്തെ മെത്രാഭിഷേകമായിരുന്നു ഇത്.
ചൈനീസ് ബിഷപ്പ്‌സ് കോൺഫറൻസിന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. യാങ് യു അംഗീകാരപത്രം വായിച്ചു.പിങ്ലിയാങ്ങിലെ സ്ഥാനിക മെത്രാനും മുപ്പതിലധികം വൈദികരും 20 കന്യാസ്ത്രീകളും നിരവധി അത്മായരും ചടങ്ങിൽ പങ്കെടുത്തു. മോൺസിഞ്ഞോർ ലി ഹുയിയെ(49) സഹായ മെത്രാനായി നിയമിക്കുന്നതായുള്ള ഉത്തരവ് മാർപാപ്പ പുറപ്പെടുവിച്ചത് 2020 ജൂലൈ 24 നാണ്. 1990 ൽ പിംഗ്ലിയാങ് രൂപതയുടെ പ്രിപ്പറേറ്ററി സെമിനാരിയിൽ പ്രവേശിച്ച ലി 1996 ൽ ചൈനീസ് കാത്തലിക് തിയോളജിക്കൽ ആൻഡ് ഫിലോസഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടി. അതേ വർഷം തന്നെ പുരോഹിതനായി. റെൻമിൻ സർവകലാശാലയിലായിരുന്നു ഉപരി പഠനം.
2013 മാർച്ച് 13-ന് ഫ്രാൻസിസ് പാപ്പ തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേന്നാണ് ചൈനീസ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി ഷി ജിൻപിങ് തെരഞ്ഞെടുക്കപ്പെടുന്നത്. മാവോ സെതൂങ്ങിന്റെ പീപ്പിൾസ് ലിബറേഷൻ ആർമി 1949 ഒക്ടോബറിൽ ബെയ്ജിങ്ങിൽ അധികാരം പിടിച്ചെടുത്ത് സാംസ്‌കാരിക വിപ്ലവ മുന്നേറ്റത്തിൽ വ്യവസ്ഥാപിത മതവിശ്വാസ സംവിധാനങ്ങൾ ഉന്മൂലനം ചെയ്യാനുള്ള നയത്തിന്റെ ഭാഗമായി പേപ്പൽ നുൺഷ്യോയേയും വിദേശ മിഷണറിമാരേയും രാജ്യത്തുനിന്നു പുറത്താക്കിയതിനുശേഷം ചൈനയുമായി വത്തിക്കാന് നയതന്ത്രബന്ധമൊന്നുമില്ലെങ്കിലും ഫ്രാൻസിസ് പാപ്പ ഷി ജിൻപിങ്ങിനെ അഭിനന്ദിച്ച് ടെലിഗ്രാം സന്ദേശം അയച്ചു. പിന്നീട് പാപ്പ ദക്ഷിണ കൊറിയയിലും ഫിലിപ്പിൻസിലും അപ്പസ്തോലിക സന്ദർശനത്തിനു പോയപ്പോൾ ചൈന തങ്ങളുടെ വ്യോമാതിർത്തി അദ്ദേഹത്തിനായി തുറന്നു കൊടുത്തത് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വത്തിക്കാനുമായി 1951-ൽ നയതന്ത്രബന്ധം വിച്ഛേദിച്ച ചൈന പ്രാദേശിക തലത്തിൽ കത്തോലിക്കാസഭാ സംവിധാനങ്ങളുടെ നിയന്ത്രണത്തിനായി കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെ ദേശീയ സഭകളുടെ മാതൃകയിൽ 1957-ൽ രൂപവൽക്കരിച്ച ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷന്റെ കീഴിൽ വത്തിക്കാന്റെ അംഗീകാരമില്ലാതെ വൈദികർക്കു പട്ടം നൽകാനും മെത്രാന്മാരെ വാഴിക്കാനും തുടങ്ങി. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ചൈനയ്ക്ക് വ്യത്യസ്ത മതവിഭാഗങ്ങളാണ്. പ്രോട്ടസ്റ്റന്റ് വിഭാഗത്തിനായി ത്രീസെൽഫ് പേട്രിയോട്ടിക് മൂവ്‌മെന്റ് എന്ന സർക്കാർ സംവിധാനമുണ്ടാക്കി. രാജ്യത്ത് ഔദ്യോഗിക അനുമതിയുള്ള മറ്റു മൂന്നു മതവിഭാഗങ്ങൾക്കും ബുദ്ധമതം, താവോ, ഇസ്ലാം സമാനമായ ദേശഭക്ത സമിതികളുണ്ട്.
പേട്രിയോട്ടിക് സഭയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കില്ലെന്നു വ്യക്തമാക്കി 1958-ൽ പീയൂസ് പന്ത്രണ്ടാമൻ പാപ്പ ചാക്രിക ലേഖനമിറക്കുകയും സർക്കാർ നിയമിച്ചവരെ മെത്രാന്മാരായി വാഴിച്ച മേൽപ്പട്ടക്കാർക്ക് സാർവ്വത്രിക സഭയുടെ മുടക്കു പ്രഖ്യാപിക്കുകയും ചെയ്തു. റോമിനോടു വിധേയത്വം പുലർത്തുന്ന 'അണ്ടർഗ്രൗണ്ട്' കത്തോലിക്കാ സമൂഹത്തെ നിയമവിരുദ്ധമെന്നു മുദ്രകുത്തി കമ്യൂണിസ്റ്റ് പാർട്ടിയും സർക്കാരും വേട്ടയാടി. രാജ്യത്തെ കത്തോലിക്കരിൽ പകുതിയോളം പേർ രഹസ്യസഭയുടെ മറയിലാണ് ആധ്യാത്മിക ജീവിതം നയിച്ചുവരുന്നത്. ചൈനയിൽ 101 കത്തോലിക്കാ ബിഷപ്പുമാരുള്ളതിൽ 65 പേർ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള പേട്രിയോട്ടിക് വിഭാഗത്തിലും 36 പേർ വത്തിക്കാൻ അനുകൂല രഹസ്യവിഭാഗത്തിലുമാണ്. വത്തിക്കാന്റെ കണക്കുപ്രകാരം ചൈനയിൽ 32 വികാരിയാത്തുകൾ അഥവ പ്രീഫെക്ചറുകൾ ഉൾപ്പെടെ 144 രൂപതകളുണ്ട്. അതേസമയം, ബെയ്ജിങ്ങിന്റെ കണക്കിൽ 96 രൂപതകളേയുള്ളൂ.ഇപ്രകാരം സങ്കീർണ്ണത മുറ്റിനിൽക്കുന്നു ഇപ്പോഴും വത്തിക്കാൻ- ചൈന ബന്ധത്തിൽ.എപ്പിസ്‌കോപ്പൽ നിയമനങ്ങൾ സംബന്ധിച്ച ചൈന-വത്തിക്കാൻ കരാർ ഈ കുരുക്കഴിക്കാൻ എത്രകണ്ട് പര്യാപതമാകുമെന്ന ചോദ്യം അന്താരാഷ്ട്ര നിരീക്ഷകർ ഉയർത്തുന്നു.
കഴിഞ്ഞ കാലത്തെ മുറിവുകൾ ഉണക്കാനും ചൈനയിലെ എല്ലാ കത്തോലിക്കാ മെത്രാന്മാരേയും വൈദികരേയും ദൈവജനത്തേയും സാർവ്വത്രിക, അപ്പസ്തോലിക സഭയുടെ കൂട്ടായ്മയിലേക്ക് കൊണ്ടുവരാനും സുവിശേഷ പ്രഘോഷണ ദൗത്യം പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിടുന്ന അജപാലനപരമായ ഉടമ്പടിയെന്നാണ് വത്തിക്കാൻ 2018 സെപ്റ്റംബറിലെ രഹസ്യകരാറിനെ വിശേഷിപ്പിച്ചത്. മാറുന്ന ഭൂരാഷ്ട്രതന്ത്രത്തിന്റേയും ആഗോളതലത്തിൽ പുതിയ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ചൈനയുടെ വ്യഗ്രതയുടേയും അടയാളമായി ഇതിനെ നിരീക്ഷിക്കുന്നവരുണ്ട്. അതേസമയം, മാർപാപ്പയോടും സഭയോടും കൂറും വിധേയത്വവും പുലർത്തി ഏഴു പതിറ്റാണ്ടായി കൊടിയ പീഡനങ്ങളും യാതനകളും സഹിച്ച് ഒളിത്താവളങ്ങളിലും നിലവറകളിലും വിശ്വാസക്കൂട്ടായ്മകൾ വളർത്തി, തടങ്കൽപ്പാളയങ്ങളിൽ അടയ്ക്കപ്പെട്ട നാടുകടത്തപ്പെട്ടവരോടു കാട്ടുന്ന അവിശ്വസനീയമായ കൊടുംചതിയെന്നാണ് ഷാങ്ഹായിൽ ജനിച്ചുവളർന്ന ഹോങ്കോംഗിലെ കർദ്ദിനാൾ ജോസഫ് സെൻ ആ ഉടമ്പടിയെ വിശേഷിപ്പിച്ചത്.
ലോകത്തിൽ ഏറ്റവും കൂടുതൽ ബൈബിൾ അച്ചടിക്കുന്ന രാജ്യം ചൈനയാണ്. 2016-ൽ ചൈനയിലെ അമിറ്റി ഫൗണ്ടേഷനും യുണൈറ്റഡ് ബൈബിൾ സൊസൈറ്റിയും ചേർന്ന് 15 കോടി ബൈബിൾ അച്ചടി പൂർത്തിയാക്കി. 2013-'16 കാലഘട്ടത്തിൽ അഞ്ചു കോടി ബൈബിളാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ, ചൈനയിലെ കത്തോലിക്കാസഭയുടെ സാന്നിധ്യം താരതമ്യേന ചെറുതാണ്: 1.2 കോടി വിശ്വാസികൾ. രാജ്യത്ത് ക്രിസ്തുമതം, വിശേഷിച്ച് ഷിയെ വാഴ്ത്തുന്ന പ്രൊട്ടസ്റ്റന്റ് ഇവാഞ്ചലിക്കൽ സമൂഹങ്ങൾ അഭൂതപൂർവ്വമായി വളരുന്നുണ്ട്. ഇവിടത്തെ ക്രൈസ്തവരുടെ എണ്ണം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗബലത്തിനും മീതെ വരും- ഏതാണ്ട് 10 കോടി. 2030 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവർ അധിവസിക്കുന്ന രാഷ്ട്രം ചൈനയായിരിക്കും എന്ന കണക്കുമുണ്ട്.
പുതിയ മെത്രാന്റെ അഭിഷേക വാർത്ത പുറത്തുവന്നതോടൊപ്പം തന്നെ, സ്വതന്ത്ര കത്തോലിക്കാ സഭ സഭയിൽ ചേരാൻ വിസമ്മതിച്ചതിന്റെ പേരിൽ മിൻഡോംഗ് (ഫുജിയാൻ) രൂപതയിലെ ഫാ. ജോസഫ് ലിയുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ച വാർത്ത ഏഷ്യ ന്യൂസ് റിപ്പോർട്ട് ചെയ്തു.10 മണിക്കൂർ പീഡനത്തിന് ശേഷം, ആറ് പോലീസുകാർ അദ്ദേഹത്തിന്റെ കൈപിടിച്ച് ഞെരുക്കി സ്വതന്ത്ര കത്തോലിക്കാ സഭ സഭയിൽ ചേരുന്നതിനുള്ള രേഖയിൽ ഒപ്പിടാൻ നിർബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.പീഡനമേറ്റതിന്റെ അടയാളങ്ങളുള്ള കണങ്കൈയുടെ ഫോട്ടോയും ഏഷ്യ ന്യൂസ് പ്രസിദ്ധീകരിച്ചു. വടക്കൻ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ഷിൻഷിയാങ് രൂപതയിൽ സർക്കാർ അംഗീകരിച്ച വത്തിക്കാൻ പക്ഷക്കാരനായ ബിഷപ്പ് ജോസഫ് ഷാങ് വെയ്ഷുവിനേയും ഏഴു വൈദികരേയും ഏതാനും വൈദിക വിദ്യാർത്ഥികളേയും ഇക്കഴിഞ്ഞ മേയിൽ അറസ്റ്റുചെയ്തു. അവർ എവിടെയെന്ന ചോദ്യം മറുപടിയില്ലാതെ അവശേഷിക്കുന്നു.
ബാബു കദളിക്കാട്
Comments