പ്രൊലൈഫ് പൊതുസമ്മേളനവും
ജീവസമൃദ്ധി അവാർഡ് ദാനവും
കൊച്ചി: കെസിബിസി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തിൽ ആഗോള പ്രൊലൈഫ് ദിനഘോഷം ഇന്ന് കൊച്ചിയിൽ നടക്കും. കച്ചേരിപ്പടി ആശീർഭവനിൽ ഇന്ന് രാവിലെ 9.30നു പ്രൊലൈഫ് പ്രേഷിത പ്രാർത്ഥനാ തീർത്ഥയാത്രയ്ക്ക് സ്വീകരണം നൽകും. തുടർന്നു പ്രതിനിധിസംഗമവും ആരാധനയും നടക്കും. കേരളത്തിലെ 32 രൂപതകളിലെ പ്രൊലൈഫ് സമിതി പ്രവർത്തകർ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. ജീവന്റെ സംരക്ഷണം കുടുംബങ്ങളിൽ എന്നതാണ് ഈ വർഷത്തെ മുഖ്യസന്ദേശം. 10.30ന് ആരംഭിക്കുന്ന പൊതുസമ്മേളനം കെസിബിസി പ്രസിഡന്റ് കാർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വരാപ്പുഴ ആർച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിക്കും. കെസിബിസി പ്രൊ ലൈഫ് സമിതിയുടെ പ്രഥമ ചെർമാനായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ മെമ്മോറിയൽ ജീവസമൃദ്ധി പുരസ്‌കാരം, മരണാനന്തര ബഹുമതിയായി ഒമ്പത് മക്കളുടെ പിതാവും പ്രൊലൈഫ് ശുശ്രുഷകനുമായിരുന്ന അറക്കപറമ്പിൽ ആന്റണി എടാട്ടിന്റെ കുടുംബത്തിന് സമർപ്പിക്കും. 25000രൂപയുടെ കാഷ് അവാർഡും മെമെന്റൊയും അടങ്ങുന്നതാണ് അവാർഡ്. സാധാരണ കുടുംബത്തിൽ ജനിച്ച ആന്റണി, കുടുംബത്തെ സംരക്ഷിച്ചതോടൊപ്പം സഭയിലും സമൂഹത്തിലും ജീവന്റെ സംസ്‌കാരം സജീവമാക്കുവാൻ പരിശ്രമിച്ചിരുന്നു. കൂടാതെ പ്രൊലൈഫ് രംഗത്തെ വിവിധ വ്യക്തികളെയും കുടുംബങ്ങളെയും ആദരിക്കുമെന്നും പ്രൊലൈഫ് സമിതി അറിയിച്ചു. കെസിബിസി പ്രൊലൈഫ് സംസ്ഥാന ഡയറക്ടർ ഫാ. പോൾസൺ സിമേതി, പ്രസിഡന്റ് സാബു ജോസ്, ഫാ. സെബാസ്റ്റ്യൻ വലിയതാഴത്ത്, ഫാ. ആന്റണി കോച്ചേരി, സിസ്റ്റർ ജോസഫൈൻ, അഡ്വ. ജോസി സേവ്യർ, സിസ്റ്റർ മേരി ജോർജ്, ജോൺസൻ സി അബ്രഹാം, ലിസാ തോമസ്, മാർട്ടിൻ ന്യൂനസ്, മേരി ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിക്കും.


Comments