Foto

കോവിഡിന് വ്യാജ മരുന്ന്: രാംദേവിനു പിന്തുണയേകി കേന്ദ്ര ആരോഗ്യമന്ത്രി

പതഞ്ജലി പുറത്തിറക്കിയ ' അത്ഭുത മരുന്ന് ' അശാസ്ത്രീയ
ഉത്പന്നം തന്നെയെന്ന് ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന


കൊറോണ വൈറസിനെ മുന്‍ നിര്‍ത്തി എല്ലാ രാജ്യങ്ങളില്‍ നിന്നുമായി പണം തട്ടിയെടുക്കാന്‍ ബാബാ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയ  ' അത്ഭുത മരുന്ന് 'കേവലം അശാസ്ത്രീയ ഉത്പന്നമെന്നതിനപ്പുറം പ്രസക്തമല്ലെന്ന ലോകാരോഗ്യ സംഘടനയുടെ നിലപാട് പുറത്തുവന്നതോടെ പ്രതിരോധത്തിലാകുന്നത് രാംദേവിനൊപ്പം കേന്ദ്ര ആരോഗ്യമന്ത്രിയും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും.
 
കോവിഡ് 19ന് പ്രതിവിധി എന്ന അവകാശവാദത്തോടെ പതഞ്ജലി പുറത്തിറക്കിയ 'കൊറോണില്‍' മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന അവകാശവാദം പച്ചക്കള്ളമെന്ന് തെളിഞ്ഞു. കൊവിഡ് ചികിത്സയ്ക്കായി ഏതെങ്കിലും പരമ്പരാഗത മരുന്നിന്റെ ഫലപ്രാപ്തി അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അതിന്റെ സൗത്ത് ഈസ്റ്റ് ഏഷ്യ ട്വിറ്റര്‍ പേജില്‍ വ്യക്തമാക്കിയത്, പതഞ്ജലിയുടെ പ്രചാരണം പൊളിച്ചുകൊണ്ടാണ്. കുത്തക കോര്‍പറേറ്റുകള്‍ക്ക് പണമുണ്ടാക്കാന്‍ ആയുര്‍വേദത്തില്‍ മായം ചേര്‍ക്കുന്നത് ദുരന്തം സൃഷ്ടിക്കാനിടയാക്കുമെന്ന് മുന്നറിയിപ്പും നല്‍കി ഐ എം എ

വ്യാജ മരുന്നിന്റെ പ്രചാരണ വേദിയില്‍ കേന്ദ്ര മന്ത്രിമാര്‍ പങ്കെടുത്തതിന്റെ ഔചിത്യത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചോദ്യം ചെയ്തിട്ടുണ്ട്. കൊറോണില്‍ ആയുര്‍വേദ മരുന്നിന് കൊവിഡ് പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയുമെന്ന് സ്ഥാപിക്കുന്ന ഗവേഷണ പ്രബന്ധം അവതരിപ്പിക്കുന്ന ചടങ്ങില്‍ ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കേഷന്‍ പ്രകാരം ആയുര്‍വേദ മന്ത്രാലയം മരുന്നിന് അംഗീകാരം നല്‍കിയതായി രാംദേവ് അവകാശവാദം ഉന്നയിച്ചിരുന്നു. മരുന്നിന് ലോകാരോഗ്യ സംഘടനയുടെ സാക്ഷ്യപത്രമുണ്ടെന്ന വലിയ സ്‌ക്രീനും പ്രദര്‍ശിപ്പിച്ചിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും സീനിയര്‍ കേന്ദ്ര മന്ത്രി നിതിന്‍ഗഡ്്കരിയും സന്നിഹിതരായിരുന്ന ചടങ്ങില്‍.

ഇത്തരം അശാസ്ത്രീയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതിന് പ്രോത്സാഹനം നല്‍കുന്ന മന്ത്രിമാരുടെ പ്രവൃത്തിയെ എങ്ങനെ നീതീകരിക്കാനാകുമെന്ന് ചോദിച്ച ഐ എം എ ദേശീയ പ്രസിഡന്റ ഡോ. ജയലാല്‍, ഇതുസംബന്ധിച്ച് മന്ത്രിമാര്‍ രാജ്യത്തോട് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. കോവിഡിനെ ചൊല്ലിയുള്ള ജനങ്ങളുടെ പരിഭ്രാന്തി ചൂഷണം ചെയ്യുകയാണ് പതഞ്ജലിയെന്നും കേവലം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക മാത്രമാണ് മരുന്ന് ചെയ്യുന്നതെന്നുമുള്ള മദ്രാസ് ഹൈക്കോടതി വിധി പരിഗണിക്കാതെയാണ് മന്ത്രിമാരുടെ  സഹകരണം ബാബാ രാംദേവിനെ തേടിയെത്തിയത്.മധുരം വര്‍ധിപ്പിക്കാനായി ചൈനയില്‍ നിന്നുള്ള പഞ്ചസാര ചേര്‍ക്കുന്നുണ്ട് പതഞ്ജലിയുടെ തേനില്‍.ശുദ്ധമായ തേന്‍ എന്ന് അവകാശപ്പെടുന്ന പതഞ്ജലിയുടേതുള്‍പ്പെടെ രാജ്യത്തെ പല ബ്രാന്‍ഡഡ് തേനുകളിലും മായമുള്ളതായി സെന്‍ട്രല്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സി എസ് ഇ) നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

പതഞ്ജലിയുടെ പല മരുന്നുകളും ഉത്പന്നങ്ങളും വ്യാജമാണെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. ഹരിദ്വാറിലെ ആയുര്‍വേദ ആന്‍ഡ് യൂനാനി ഓഫീസിന്റെ പരിശോധനയില്‍ പതഞ്ജലിയുടെ ദിവ്യ അംല ജ്യൂസ്, ശിവ്ലിംഗി ബീജ് തുടങ്ങിയവ ഉള്‍പ്പെടെ 40 ശതമാനത്തോളം ആയുര്‍വേദ ഉത്പന്നങ്ങള്‍ മായം കലര്‍ന്നതാണെന്ന് തെളിഞ്ഞിരുന്നു. 2013നും 2016നും ഇടയ്ക്ക് ശേഖരിച്ച 82 സാമ്പിളുകളില്‍ 32 എണ്ണവും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. പശ്ചിമ ബംഗാളിലെ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ പരിശോധനാ ഫലം എതിരായതിനെ  തുടര്‍ന്ന് സൈനിക കാന്റീനുകളില്‍ പതഞ്ജലി അംല ജ്യൂസിന്റെ വില്‍പ്പന നിരോധിക്കുകയും ചെയ്തിരുന്നു.
 
കോവിഡ് സുഖപ്പെടുത്താന്‍ പ്രാപ്തമാണെന്ന അവകാശവാദത്തോടെ 2020 ജൂണിലാണ് പതഞ്ജലി കൊറോണില്‍ ഗുളിക പുറത്തിറക്കിയത്. പതഞ്ജലി റിസര്‍ച്ച് സെന്ററിന്റെയും നിംസിന്റെയും സംയുക്ത ഗവേഷണ ഫലമായാണ് ഇത് കണ്ടെത്തിയതെന്നും ഒരാഴ്ചക്കുള്ളില്‍ കോവിഡില്‍ നിന്ന് പൂര്‍ണമുക്തിയേകാന്‍ ഈ മരുന്നിന് കെല്‍പ്പുണ്ടെന്നും ലക്ഷക്കണക്കിനാളുകള്‍ക്ക് കൊറോണിലിന്റെ ഫലം ലഭിച്ചെന്നും ബാബാ രാംദേവ് അവകാശപ്പെടുകയും ചെയ്തു.

മരുന്നിന്റെ ലൈസന്‍സിനായി ഉത്തരാഖണ്ഡ് സര്‍ക്കാറിന് അപേക്ഷ നല്‍കിയപ്പോള്‍  പ്രതിരോധശക്തി വര്‍ധിപ്പിക്കാനും പനി, ചുമ തുടങ്ങിയ രോഗങ്ങള്‍ക്കുപയോഗിക്കുന്നതിനുമാണ് അനുമതി ലഭിച്ചത്. കൊറോണ വാക്സിനായി അംഗീകാരം നല്‍കിയില്ല. തുടര്‍ന്ന് പതഞ്ജലി ഇതിനെ കൊറോണ വാക്്‌സീന്‍ എന്ന നിലയില്‍ വിറ്റപ്പോള്‍ ആയുഷ് മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടു. അതോടെ കമ്പനി മരുന്നിന്റെ വില്‍പ്പന നിര്‍ത്തിവെച്ചു.അതിനിടെ കൊറോണില്‍ കിറ്റ് വില്‍പ്പനയിലൂടെ 241 കോടി രൂപയുടെ വരുമാനം പതഞ്ജലി ഉണ്ടാക്കിയിരുന്നു. ജൂണ്‍ മുതല്‍ ഒക്ടോബര്‍ എട്ട് വരെയുള്ള നാല് മാസത്തിനുള്ളില്‍ 25 ലക്ഷം കിറ്റുകള്‍ വിറ്റഴിച്ച വിവരം കമ്പനി തന്നെയാണ് പുറത്തു വിട്ടത്. ഇന്ത്യക്ക് പുറമെ വിദേശ രാജ്യങ്ങളിലേക്കും മരുന്ന് കയറ്റുമതി ചെയ്തു. രാജസ്ഥാന്‍, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ കൊറോണില്‍ മരുന്നിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

ഈ മരുന്ന് കോവിഡിനെ സുഖപ്പെടുത്തുമെന്നോ നിയന്ത്രിക്കുമെന്നോ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നും കോവിഡ് രോഗികളില്‍ ക്ലിനിക്കല്‍ ട്രയലില്‍ ഉപയോഗിച്ചുവെന്ന് മാത്രമേ പറഞ്ഞുള്ളൂവെന്നുമുള്ള വിശദീകരണവുമായി പതഞ്ജലി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആചാര്യ ബാലകൃഷ്ണന്‍ രംഗത്തു വന്നു ഇതോടെ. പിന്നാലെ മരുന്നിന്റെ വ്യാജ അവകാശങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പരസ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.കൊറോണില്‍ കൊവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ജയ്പൂര്‍ പോലീസ് ബാബാ രാംദേവിനെതിരെ കേസെടുക്കുകയും 2020 ഓഗസ്റ്റില്‍ മദ്രാസ് ഹൈക്കോടതി പതഞ്ജലിക്ക് പത്ത് ലക്ഷം രൂപ പിഴശിക്ഷ വിധിക്കുകയും ചെയ്തു. കേവലം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക മാത്രമാണ് മരുന്ന് ചെയ്യുന്നതെന്നു ജസ്റ്റിസ് സി വി കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി.

കോവിഡ് സൃഷ്ടിച്ച ഭീതി ചൂഷണം ചെയ്ത് ജനങ്ങളെ വ്യാജ മരുന്ന് തീറ്റിക്കുന്ന പതഞ്ജലിക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം വ്യാപകമായിട്ടുണ്ട്.ആയുഷ് വിഭാഗത്തിലെ ആയുര്‍വേദം, യൂനാനി തുടങ്ങിയ വൈദ്യശാസ്ത്ര ശാഖകള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതും രോഗശമനത്തിനും ആരോഗ്യ സംരക്ഷണത്തിനും കോടിക്കണക്കിനാളുകള്‍ ആശ്രയിക്കുന്നതുമാണ്. പാരമ്പര്യ, ബദല്‍ ആരോഗ്യ പരിപാലനത്തിന് ആഗോളതലത്തില്‍ ഉണ്ടായിട്ടുള്ള വികാസം കൂടുതല്‍ പരിപോഷിപ്പിക്കപ്പെടേണ്ടതും ഈ രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങള്‍ പ്രോത്സാഹനം അര്‍ഹിക്കുന്നതുമാണ്. എന്നാല്‍ വ്യാജന്മാരെ വിലസാന്‍ അനുവദിച്ചാല്‍ ആയുഷ് വിഭാഗങ്ങളുടെ വിശ്വാസ്യതയ്ക്കു തന്നെ കോട്ടം തട്ടുമെന്ന കാര്യം കേന്ദ്ര മന്ത്രിമാര്‍ പോലും ഗൗനിച്ചതേയില്ല.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News