Foto

ആത്മനവീകരണത്തിലൂടെ ഭിന്നതകളെ മറികടക്കുന്ന സഭൈക്യപാതകള്‍ കണ്ടെത്തുവാന്‍ സഭകള്‍ക്ക് സാധ്യമാകണമെന്ന് : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ആത്മനവീകരണത്തിലൂടെ ഭിന്നതകളെ മറികടക്കുന്ന സഭൈക്യപാതകള്‍ കണ്ടെത്തുവാന്‍ സഭകള്‍ക്ക് സാധ്യമാകണമെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 2021 എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാവാരത്തോടനുബന്ധിച്ച് സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ ഫോര്‍ എക്യുമെനിസത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ഓണ്‍ലൈന്‍ ഏക്യുമെനിക്കല്‍ പ്രാര്‍ത്ഥന കൂട്ടായ്മയില്‍ ആമുഖ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. സീറോ മലബാര്‍സഭ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം 'നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നു എങ്കില്‍ നിങ്ങള്‍ വളരെ ഫലങ്ങള്‍ പുറപ്പെടുവിക്കും' എന്ന വചന ഭാഗത്തെ അധികരിച്ച് വിഷയാവതരണം നടത്തി.

സിബിസിഐ വൈസ്പ്രസിഡന്റ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് മുഖ്യസന്ദേശം നല്കി. ക്‌നാനായ യാക്കോബായ സുറിയാനി സഭയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മോര്‍ സേവേറിയോസ്, സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, സിറിയന്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ മെത്രാന്‍ മാത്യൂസ് മോര്‍ തിമോത്തിയോസ്, കെസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍. കെ. ജോര്‍ജ്, കോട്ടയം അതിരൂപത സഹായമെത്രാന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം, സീറോ മലബാര്‍സഭ ഗ്രേറ്റ് ബ്രിട്ടന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, മാര്‍ത്തോമ്മാ സുറിയാനി സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ് എന്നിവര്‍ സന്ദേശം നല്കി.

നവാഭിഷിക്തനായ സിഎസ്ഐ ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് സീറോ മലബാര്‍സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. സീറോ മലബാര്‍സഭ എക്യുമെനിക്കല്‍ കമ്മീഷന്‍ അംഗം മാര്‍ തോമസ് തുരുത്തിമറ്റം സമാപനപ്രാര്‍ഥന നടത്തി. സിനഡല്‍ കമ്മീഷന്‍ ഫോര്‍ എക്യുമെനിസം സെക്രട്ടറി റവ. ഡോ. ചെറിയാന്‍ കറുകപ്പറന്പില്‍ പ്രാര്‍ഥന കൂട്ടായ്മയ്ക്ക് നേതൃത്വം നല്കി.

Comments

leave a reply

Related News