ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കുവാൻ പാപ്പായ്ക്കു താല്പര്യം
ഹങ്കറിയിലെ ബുഡാപെസ്റ്റിൽ അരങ്ങേറാൻ പോകുന്ന 52-ാമത് രാജ്യാന്തര ദിവ്യകാരുണ്യ കോൺഗ്രസ്സിൽ പാപ്പാ ഫ്രാൻസിസിന് പങ്കെടുക്കുവാനുള്ള ആഗ്രഹം..
- ഫാദർ വില്യം നെല്ലിക്കൽ
1. ഇറാക്കിൽനിന്നും മടങ്ങവെ വെളിപ്പെടുത്തിയത്
ഹങ്കറിയിലെ മെത്രാന്മാർ പാപ്പായുടെ ആഗ്രഹത്തെ ഹൃദ്യമായി സ്വാഗതംചെയ്തു. മാർച്ച് 8, തിങ്കളാഴ്ച ഇറാക്കിൽനിന്നും മടങ്ങവെ വിമാനത്തിൽ നടന്ന രാജ്യാന്തര വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് പാപ്പാ ഫ്രാൻസിസ് രാജ്യാന്തര ദിവ്യകാരുണ്യകോൺഗ്രസ്സിൽ പങ്കെടുക്കുവാനുള്ള ആഗ്രഹം പ്രകടമാക്കിയത്. 2021 സെപ്തംബർ 5-മുതൽ 12-വരെ തിയതികളിലാണ് ബുഡാപ്പെസ്റ്റിൽ ദിവ്യകാരുണ്യകോൺഗ്രസ് സമ്മേളിക്കുന്നത്.
2. സമാപന ദിവ്യബലിയിലെ സാന്നിദ്ധ്യം
ദിവ്യകാരുണ്യകോൺഗ്രസ്സിന്‍റെ സമാപന ദിവ്യബലിയിൽ പങ്കെടുക്കുവാൻ പാപ്പാ ആഗ്രഹം പ്രകടപ്പിച്ചുവെന്ന വാർത്ത ഹങ്കറിയിലെ മെത്രാന്മാർ അതീവ സംതൃപ്തിയോടും സന്തോഷത്തോടുംകൂടിയാണ് സ്വീകരിച്ചത്. പാപ്പായുടെ സന്ദർശനം ദിവ്യകാരുണ്യകോൺഗ്രസ്സിലേയ്ക്കു മാത്രമാണെങ്കിൽപ്പോലും അത് നാടിന് വലിയ പ്രോത്സാഹനവും ആത്മീയബലവുമായിരിക്കുമെന്ന് ബുഡാപ്പെസ്റ്റ് അതിരൂപതാദ്ധ്യക്ഷൻ, കർദ്ദിനാൾ പീറ്റർ ഏർദോയും, ദേശീയ മെത്രാൻ സമിതിയുടെ പ്രസിഡന്‍റ്. ബിഷപ്പ് അന്ത്രാസ് വേരസും പ്രസ്താവനയിലൂടെ അറിയിച്ചു.
3. ഒരു മാറ്റിവയ്ക്കൽ
2020-ൽ നടക്കേണ്ട ദിവ്യകാരുണ്യ സമ്മേളനം രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സുകള്‍ക്കുള്ള പൊന്തിഫിക്കല്‍ കമ്മിറ്റിയും ഹങ്കറിയുടെ ദേശീയ മെത്രാന്‍ സമതിയും ചേര്‍ന്നു നടത്തിയ ആലോചനയ്ക്കുശേഷം മഹാമാരിമൂലം മാറ്റിവച്ചതാണ്. 2020 സെപ്തംബര്‍ 13-മുതല്‍ 20-വരെ തിയതികളില്‍ തലസ്ഥാനഗരമായ ബുടാപെസ്റ്റിലെ ഫെരെങ്ക് പുസ്കാസ് സ്റ്റേഡിയത്തില്‍ (Ferenc Puskas Stadium) നടക്കേണ്ട ദിവ്യകാരുണ്യോത്സവം 2021 സെപ്തംബര്‍ 5-മുതൽ 12-വരെ തിയതികളിലേയ്ക്കാണ് മാറ്റിവച്ചത്. ലോകമെമ്പാടും കൊറോണ വൈറസ്ബാധ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാനവികതയുടെ ക്ലേശങ്ങളിലെ പങ്കുചേരലായിരുന്നു ഈ ആത്മീയോത്സവത്തിന്‍റെ മാറ്റിവയ്ക്കൽ.
4. ആപ്തവാക്യം
സങ്കീര്‍ത്തനം 87-ല്‍നിന്നും അടര്‍ത്തിയെടുത്ത, “എല്ലാ ഉറവകളും അങ്ങില്‍നിന്നാണ്” എന്ന ആപ്തവാക്യവുമായിട്ടാണ് 52-Ɔമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് 2021 സെപ്തംബറില്‍ നടക്കുവാന്‍ പോകുന്നത്.
Comments