ഇടുക്കി ഡാം ഇന്ന് തുറക്കും
എറണാകുളം ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം
ഇടുക്കി: ഇന്ന് ഇടുക്കി അണക്കെട്ട് തുറക്കുന്നത് 2018 ലെ മഹാപ്രളയം ഒഴിവാക്കാന്‍. അന്ന് മഴ കനത്ത് നദികളിലെ പ്രളയസാഹചര്യത്തിനിടെയായിരുന്നു ഡാം തുറന്നത്. ചെറുതോണിപ്പുഴയില്‍ അഞ്ച് അടിയോളമാണ് അന്ന് വെള്ളം ഉയര്‍ന്നത്. ഇത്തവണ ഇതുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. 2018 നെ അപേക്ഷിച്ച് പത്തിലൊന്നു വെള്ളം മാത്രമാകും പുറത്തേക്കൊഴുക്കുകയെന്നും ആശങ്ക വേണ്ടെന്നും കെഎസ്ഇബി ചെയര്‍മാന്‍ ഡോ. ബി.അശോക് വ്യക്തമാക്കി. ഒറ്റയടിക്ക് അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഘട്ടംഘട്ടമായി തുറക്കുന്നത്. നാളെ മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണു കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. 24 വരെ തുടരും. ഇന്നു കനത്ത മഴയ്ക്കു സാധ്യതയില്ല. അറബിക്കടലിലോ ബംഗാള്‍ ഉള്‍ക്കടലിലോ ന്യൂനമര്‍ദങ്ങളില്ലെങ്കിലും കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലമാണ് മഴ വീണ്ടും ശക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് ഇടുക്കി ഡാം തുറക്കുന്നത്.2018ല്‍ ഇടുക്കി തുറന്നപ്പോള്‍ പെരിയാര്‍ തീരത്തും തടയമ്പാട് ചപ്പാത്തിലും വെള്ളം കയറി വ്യാപക നാശനഷ്ടമാണ് അന്നുണ്ടായത്. തൊട്ടുപിന്നാലെ 2018 ഒക്ടോബര്‍ ആറിന് അതിതീവ്ര മഴയെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡാമിന്റെ ഒരു ഷട്ടര്‍ മാത്രം തുറന്നു. ചെറുതോണിപ്പുഴയില്‍ അന്ന് വെള്ളം ഉയര്‍ന്നത് ഒരടിയോളം മാത്രം. ഷട്ടര്‍ തുറന്നാല്‍ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പില്‍വേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറില്‍ ചേരും. തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തു നിറഞ്ഞാല്‍ ഇടുക്കി-കട്ടപ്പന റൂട്ടില്‍ ഗതാഗതം വഴിമുടങ്ങും.തടിയമ്പാട്, കരിമ്പന്‍ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാമ്പ്ലാ വനമേഖലയിലൂടെയും നാട്ടിന്‍പുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിര്‍ത്തിയായ ലോവര്‍ പെരിയാര്‍ പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ വഴി മലയാറ്റൂര്‍, കാലടി ഭാഗങ്ങളിലെത്തും. ലോവര്‍പെരിയാര്‍ ഇപ്പോള്‍ തന്നെ തുറന്നിരിക്കുകയാണ്. ഭൂതത്താന്‍കെട്ടും ഇപ്പോള്‍തന്നെ നിയന്ത്രിതമായി തുറന്നിട്ടുണ്ട്. ഇതെല്ലാം പെരിയാറിലെ ജലനിരപ്പ് കൂട്ടും.എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാര്‍പാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളില്‍ വെള്ളമെത്തും. വന്‍തോതില്‍ ജലപ്രവാഹമുണ്ടായാല്‍ നെടുമ്പാശേരി വിമാനത്താവളത്തിലും വെള്ളം കയറാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ആലുവാപ്പുഴയിലെത്തി അറബിക്കടലില്‍ച്ചേരും. ഈ റൂട്ടില്‍ എല്ലാം ആളുകള്‍ കരുതല്‍ എടുക്കണം ചെറുതോണി ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്. മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുന്നത്. പിന്നീട് വലത്തെ അറ്റത്തെയും ഇടത്തെ അറ്റത്തെയും ഏതെങ്കിലും ഒരു ഷട്ടര്‍ ഉയര്‍ത്തും; പിന്നാലെ മറ്റു രണ്ടു ഷട്ടറുകള്‍. സാധാരണയായി 1015 സെന്റിമീറ്ററാണ് ഓരോ ഷട്ടറും ഉയര്‍ത്തുക. മുഴുവന്‍ ഷട്ടറുകളും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇതിനു മുന്‍പു നാലു തവണ മാത്രമാണു ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. അതില്‍ മൂന്നും ഒക്ടോബറില്‍. 1981 ഒക്ടോബര്‍ 29, 1992 ഒക്ടോബര്‍ 12, 2018 ഓഗസ്റ്റ് ഒന്‍പത്, 2018 ഒക്ടോബര്‍ ആറിനുമാണ് മുന്‍പ് ചെറുതോണി അണക്കെട്ട് തുറന്നത്. അഞ്ചാമതായി ഇത്തവണ തുറക്കാന്‍ ഒരുങ്ങുന്നതും മറ്റൊരു ഒക്ടോബറില്‍ എന്ന പ്രത്യേകതയുണ്ട്.
Comments