ജസ്റ്റിസ് കെ. അബ്രഹാം മാത്യു
റിട്ട. ജസ്റ്റിസ്, കേരള ഹൈക്കോടതി
ആർഎസ്എസിന്റെയും കേരളക്രൈസ്തവ സമൂഹത്തിന്റെയും കൂട്ടായ്മയിൽ പുതിയൊരു സംഘടന രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുന്നു എന്ന ആമുഖത്തോടെ കഴിഞ്ഞ ചില ദിവസങ്ങളിലായി വിവിധ മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തയുടെ ഉള്ളടക്കം തെറ്റിദ്ധാരണാജനകമാണ്. ഈ മാസം 23 ന് എറണാകുളത്ത് വച്ചുനടക്കുന്ന ഒരു ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കാൻ ഒരു അനൗദ്യോഗിക ക്രൈസ്തവ സംഘടനയുടെ വക്താവ് ആവശ്യം ഉന്നയിച്ചത് പ്രകാരം വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ച് ഞാൻ സഹകരിക്കാമെന്ന് അറിയിക്കുക മാത്രമാണ് ഉണ്ടായത്. പ്രസ്തുത വ്യക്തിക്കോ അദ്ദേഹം പ്രതിനിധീകരിക്കുന്ന സംഘടനയ്‌ക്കോ ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇക്കാര്യത്തിലുണ്ട് എന്ന സൂചന ലഭിച്ചിരുന്നില്ല. വാർത്തകളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം അവർ ആരംഭിക്കുന്നതായി അവകാശപ്പെടുന്ന പുതിയ സംഘടനയുമായോ, അത്തരമുള്ള ചർച്ചകളുമായോ എനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും മേൽപ്പറഞ്ഞ പരിപാടിയുമായി ഞാൻ സഹകരിക്കുന്നതല്ലെന്നും വ്യക്തമാക്കുന്നു. മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകി പൊതുസമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ച നടപടിയോടുള്ള ശക്തമായ വിയോജിപ്പ് അറിയിക്കുന്നതോടൊപ്പം, അപകീർത്തികരവും തെറ്റിദ്ധാരണാജനകവുമായ രീതിയിൽ പ്രസിദ്ധീകരിക്കപ്പെട്ട വാർത്തകൾ പിൻവലിച്ച് വിശദീകരണം നൽകണമെന്നും സംഘാടകരോട് അഭ്യർത്ഥിക്കുന്നു.
Comments