മുസ്ലീം സഹോദരങ്ങൾക്ക് റമദാൻ-ഈദ് അൽ ഫിത്തർ ആശംസകൾ!
ഇസ്ലാം പുണ്യമാസമായ റമദാൻ ആരംഭത്തോടും ഈദ് അൽ ഫിത്തർ തിരുന്നാളിനോടും അനുബന്ധിച്ച് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ ആശംസാസന്ദേശം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ക്രൈസ്തവരും മുസ്ലീങ്ങളും പ്രത്യാശയുടെ സംവാഹകരാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ സമിതി.
ഇസ്ലാം പുണ്യമാസമായ റമദാൻ ആരംഭത്തോടും അതിൻറെ സമാപന ഈദ് അൽ ഫിത്തർ (Id al-Fitr) തിരുന്നാളിനോടും അനുബന്ധിച്ച് പതിവു പോലെ ഇക്കൊല്ലവും (2021) മുസ്ലീം സഹോദരങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഈ സമിതി പ്രത്യാശാവാഹകരാകുകയെന്ന കടമയെക്കുറിച്ച് ഓർമ്മിപ്പിച്ചിരിക്കുന്നത്.
കോവിദ് 19 മഹാമാരിപോലുള്ള കഷ്ടപ്പാടിൻറെ അവസരങ്ങളിൽ നമുക്കാവശ്യമുള്ളതും നാം തേടുന്നതുമായ സഹായം സമ്മിശ്രമാണെന്നും ഇത്തരം സാഹചര്യങ്ങളിൽ കാരുണ്യവും പാപപ്പൊറുതിയും പരിപാലനയും ആദ്ധ്യാത്മികവും ഭൗതികവുമായ മറ്റു ദാനങ്ങളും നാം ദൈവത്തോടും യാചിക്കുന്നുവെന്നും എന്നാൽ നമുക്ക് ഏറ്റവുമധികം ആവശ്യമുള്ളത് പ്രത്യാശയാണെന്നും സന്ദേശത്തിൽ കാണുന്നു.
മതപരമായ ഒരു അടിസ്ഥാനമാണ് മാനുഷികമായ മനോഭാവമായ ശുഭാപ്തിവിശ്വാസം അടങ്ങിയരിക്കുന്ന പ്രത്യാശയ്ക്കുള്ളതെന്നും സകല പ്രശ്നങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒരു അർത്ഥമുണ്ടെന്ന വിശ്വാസത്തിൽ നിന്നാണ് പ്രത്യാശ ജന്മംകൊള്ളുന്നതെന്നും മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ സമിതി ഈ സന്ദേശത്തിൽ ഉദ്ബോധിപ്പിക്കുന്നു.
സമാധാനപരവും ഫലദായകവുമായ റമദാനും സന്തോഷകരമായ ഈദ് അൽ ഫിത്തറും, ആത്മീയമായ സാഹോദര്യത്തിൻറെ അടയാളമെന്നോണം, ആശംസിച്ചുകൊണ്ടാണ് ഈ സമിതി ആശംസാ സന്ദേശം ഉപസംഹരിച്ചിരിക്കുന്നത്
Comments