ബുഡാപെസ്റ്റ്: കുടുംബം എന്നത് മാതാവും പിതാവും ഉൾക്കൊള്ളുന്നതാണെന്ന വ്യാഖ്യാനം നൽകി യൂറോപ്യൻ രാജ്യമായ ഹംഗറി ഭരണഘടനാഭേദഗതി പാസാക്കി. വിവിധ രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗാനുരാഗികളായവര്‍ക്ക് വേണ്ടി കുടുംബത്തിനും വിവാഹത്തിനും പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് ക്രിസ്തീയ ധാര്‍മ്മികത നെഞ്ചോട് ചേര്‍ത്തുകൊണ്ട് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍റെ കീഴിലുള്ള ഭരണകൂടം ഭരണഘടനാഭേദഗതി നടത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇതോടെ സ്വവർഗാനുരാഗികളായ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാൻ സാധിക്കില്ല. ഹംഗറിയുടെ ക്രൈസ്തവ പാരമ്പര്യം നിലനിർത്താനും, ജനസംഖ്യ വർദ്ധിപ്പിക്കാനും ഏതാനും നാളുകളായി സർക്കാർ സ്വീകരിക്കുന്ന നയങ്ങളുടെ തുടർച്ചയായിട്ടാണ് ഇപ്പോൾ ഭരണഘടനാഭേദഗതി നടത്തിയിരിക്കുന്നത്.
ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചാൽ രാജ്യത്തിന് തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുമെന്ന് കുടുംബങ്ങൾക്ക് വേണ്ടിയുള്ള മന്ത്രിയായ കാറ്റലിൻ നോവാക് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞിരുന്നു. 2.1 ശതമാനം ജനനനിരക്ക് വേണ്ടിടത്ത് 1.48 ശതമാനം ജനനനിരക്ക് മാത്രമേ രാജ്യത്ത് ഉള്ളൂവെന്നും, ഇത് ആശങ്കപ്പെടുത്തുന്നുവെന്നും മന്ത്രി 2019ൽ ചൂണ്ടിക്കാട്ടി. മറ്റുള്ള രാജ്യങ്ങൾ അഭയാർത്ഥികളെ കൊണ്ടുവന്ന് ജനസംഖ്യ വർദ്ധിപ്പിക്കാൻ ശ്രമിച്ചപ്പോൾ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചാണ് ഹംഗറി ജനസംഖ്യ നിരക്ക് വർദ്ധിപ്പിക്കുവാന്‍ ഇടപെടല്‍ നടത്തിയത്.
രാജ്യം സ്വീകരിച്ച നടപടികൾ എല്ലാം ഫലപ്രാപ്തിയിൽ എത്തിയെന്നാണ് വിവിധ കണക്കുകൾ വ്യക്തമാക്കുന്നത്. വിവാഹ നിരക്കിൽ 2019ൽ 20 ശതമാനം വർദ്ധനവ് ഉണ്ടായെന്ന് ഹംഗറിയുടെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അടുത്തിടെ റിപ്പോർട്ട് ചെയ്തു. പീഡിത ക്രൈസ്തവസമൂഹത്തെ സഹായിക്കാനായി രാജ്യം സ്വീകരിക്കുന്ന നടപടികളും ശ്രദ്ധേയമാണ്. ഇറാഖിലെ ഭവനരഹിതരായ ക്രൈസ്തവ വിശ്വാസികളെ പുനരധിവസിപ്പിക്കാൻ വേണ്ടി മൂന്ന് മില്യൻ ഡോളറാണ് ഹംഗറി ചെലവഴിച്ചത്. യൂറോപ്പിനു നഷ്ട്ടമാകുന്ന ക്രിസ്തീയ വ്യക്തിത്വം വീണ്ടെടുക്കുവാന്‍ വിക്ടര്‍ ഓര്‍ബാന്‍ ഭരണനേതൃത്വം നടത്തുന്ന ഇടപെടല്‍ ആഗോള ക്രൈസ്തവര്‍ക്ക് പ്രതീക്ഷ പകരുകയാണ്.
Comments