Foto

ജൂതരോടുള്ള അതിക്രമ പ്രതിരോധം: ബൈഡന് ചരിത്ര പണ്ഡിത ഇനി മുഖ്യ സഹായിയാകും

ജൂതരോടുള്ള അതിക്രമ
പ്രതിരോധം: ബൈഡന്
ചരിത്ര പണ്ഡിത ഇനി
മുഖ്യ സഹായിയാകും

ഡെബോറ ലിപ്സ്റ്റഡ് ആന്റിസെമിറ്റിസം പ്രതിനിധി;
നിയമനം ജൂത സമൂഹങ്ങള്‍ സ്വാഗതം ചെയ്തു


അമേരിക്കയില്‍ ജൂതരോടുള്ള അതിക്രമവും അധിക്ഷേപവും -ആന്റിസെമിറ്റിസം- നിരീക്ഷിച്ചു പ്രതിരോധിക്കാനുള്ള ദൗത്യത്തില്‍ പ്രസിഡന്റ് ജോ ബൈഡനെ സഹായിക്കുന്ന ഔദ്യോഗിക ചുമതലയിലേക്ക് പ്രശസ്ത ഹോളോകോസ്റ്റ് ചരിത്ര പണ്ഡിതയായ പ്രൊഫസര്‍ ഡെബോറ ലിപ്സ്റ്റഡ്. ഇസ്രയേലിലേത് ഉള്‍പ്പെടെ ജൂത സമൂഹങ്ങള്‍ സ്വാഗതം ചെയ്ത ഡെബോറയുടെ നിയമനം ഇനി സെനറ്റ് സ്ഥിരീകരിക്കണം.

2004 ല്‍ സൃഷ്ടിക്കപ്പെട്ട ഈ ഉന്നത സ്ഥാനം അംബാസഡര്‍ തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് അനുമതി നല്‍കിയിരുന്നു. ഇതോടെ കൂടുതല്‍ ധനസഹായം ഉറപ്പാകുന്നതിനു പുറമേ  പ്രസിഡന്റുമായും സ്റ്റേറ്റ് സെക്രട്ടറിയുമായും സുഗമമായുള്ള ഇടപെടലിനും സൗകര്യം ലഭിക്കും. ഈ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെയാളാണു ഡെബോറ. സമീപ മാസങ്ങളില്‍ ആന്റിസെമിറ്റിക് സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ ഈ സ്ഥാനത്തേക്കുള്ള നിയമനം വൈകിപ്പിക്കരുതെന്ന ആവശ്യം ശക്തമായിരുന്നു.ഇതിനിടെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ആന്റിസെമിറ്റിസം പ്രതിനിധിയുടെ ഒഴിഞ്ഞ ഓഫീസിന് സമീപം എലിവേറ്ററില്‍ നാസി ചിഹ്നമായ ഒരു സ്വസ്തിക പ്രത്യക്ഷപ്പെട്ടതിനെ ബൈഡന് അപലപിക്കേണ്ടിവന്നു.

അറ്റ്‌ലാന്റയിലെ എമോറി യൂണിവേഴ്‌സിറ്റിയില്‍ ആധുനിക ജൂത ചരിത്രത്തിന്റെയും ഹോളോകാസ്റ്റ് പഠനത്തിന്റെയും പ്രൊഫസറാണ് 74 കാരിയായ ഡെബോറ ലിപ്സ്റ്റഡ്. അവിടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജൂത സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. - ബിയോണ്ട് ബിലീഫ്: ദ് അമേരിക്കന്‍ പ്രസ്സ് ആന്‍ഡ് ദ് കമിംഗ് ഓഫ് ദ്  ഹോളോകോസ്റ്റ് 1933-1945 - എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. -ട്രയല്‍ ഓണ്‍ ഹിസ്റ്ററി: മൈ ഡേ ഇന്‍ കോര്‍ട്ട് വിത്ത് എ ഹോളോകോസ്റ്റ് ഡിനെയര്‍ ; -ദി ഐക്മാന്‍ ട്രയല്‍,  ഹോളോകോസ്റ്റ്  ആന്‍ അമേരിക്കന്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ്', ആന്റിസെമിറ്റിസം: ഹിയര്‍ ആന്‍ഡ് നൗ- എന്നിവയാണ് അവരുടെ മറ്റു രചനകള്‍.

ബ്രിട്ടനില്‍ ഒരു സുപ്രധാന കേസിലെ പ്രതിയായിരുന്ന ഡെബോറ അവിടെയും പൊതുജനങ്ങള്‍ക്ക് സുപരിചിതയാണ്. ഹോളോകോസ്റ്റ് നിഷേധിയായ ഡേവിഡ് ഇര്‍വിംഗ് കൊണ്ടുവന്ന അപകീര്‍ത്തി കേസില്‍ അവര്‍ പോരാടി വിജയിച്ചു. ആ അനുഭവത്തിന്റെ കഥയാണ് സൂപ്പര്‍ സ്റ്റാര്‍ റേച്ചല്‍ വെയ്‌സ് അവതരിപ്പിച്ച ഹോളിവുഡ് ഫീച്ചര്‍ ഫിലിം 'ഡിനെയല്‍' ന്യൂയോര്‍ക്കിലെ സിറ്റി കോളേജില്‍ നിന്ന് ബിഎയും ബ്രാന്‍ഡീസ് സര്‍വകലാശാലയില്‍ നിന്ന് എം.എയും പിഎച്ച്.ഡിയും നേടിയിട്ടുള്ള ഡെബോറ  ഹീബ്രു ഭാഷ നന്നായി കൈകാര്യം ചെയ്യും. അമേരിക്കന്‍ രാഷ്ട്രീയക്കാരെ നാസികളുമായി താരതമ്യം ചെയ്യരുതെന്ന അലിഖിത നിയമം കഴിഞ്ഞ വര്‍ഷം, പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ അവര്‍ ലംഘിച്ചത് വിവാദ വിഷയമായിരുന്നു. ജൂത ഡെമോക്രാറ്റിക് കൗണ്‍സില്‍ ഓഫ് അമേരിക്കയുടെ ഒരു പരസ്യത്തിലാണ് ട്രംപ് ഭരണകൂടത്തെ 1930 കളിലെ ജര്‍മ്മനിയിലെ  ഭരണകൂടവുമായി താരതമ്യം ചെയ്യാന്‍ മുതിര്‍ന്നത്. ഹോളോകോസ്റ്റ് സാദൃശ്യങ്ങള്‍ക്കു പരിധിയില്ലെങ്കിലും  നാസികളുടെ തിരിച്ചുവരവിന് ചില സമാന്തരങ്ങള്‍ കാണാനാകുന്നുണ്ടെന്ന് ഡെബോറ പറഞ്ഞതിന്റെ ഉന്നം വ്യക്തമായിരുന്നു.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News