ഹൊയ്യാരേ.. ഹോയ്‌യെ ..
നമ്മുടെ ഹോക്കി ടീമുകൾക്ക്
ചരിത്ര നേട്ടം
ആധുനിക ഒളിംപിക്‌സിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ രണ്ട് ഹോക്കി ടീമുകൾ ഒളിപിംക്‌സ് വിശ്വകായിക മേളയുടെ സെമിഫൈനലിൽ മൽസരിക്കുവാൻ അർഹത നേടിയിരിക്കുകയാണ്. പുരുഷന്മാരുടെ ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ 3-1 ന് തോൽപിച്ചാണ് ഇന്ത്യയുടെ യുവത്വം തുളമ്പുന്ന ടീം ചൊവ്വാഴ്ച നടക്കുന്ന സെമിഫൈനലിൽ ലോക ചാമ്പ്യന്മാരും 2016 വെള്ളി മെഡൽ ജേതാക്കളും ആയ ബെൽജിയത്തെ നേരിടുവാൻ തയ്യാറെടുക്കുന്നത്. വനിതകൾ തിങ്കളാഴ്ച ലോക രണ്ടാം റാങ്കുകാരായ ഓസ്‌ട്രേലിയയെ തോൽപിച്ചാണ് സെമിഫൈനൽ ബർത്ത് ഉറപ്പിച്ചിരിക്കുന്നത്. ഒളിപിംക്‌സിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു രാജ്യത്തിന്റെ
പുരുഷ - വനിത ടീമുകൾ ഒരേ സമയം സെമിഫൈനൽ കളിക്കുന്നത്.
ഒളിംപിക് ഹോക്കിയിൽ സമാനതകളില്ലാത്ത റിക്കാർഡുകളാണ് ഇന്ത്യയ്ക്കുള്ളത്. 20 തവണ ഒളിപിംക്‌സ് കളിച്ചിട്ടുള്ള ഇന്ത്യ 8 തവണയാണ് സ്വർണ്ണ മെഡലുകൾ നേടിയിട്ടുള്ളത്. മറ്റൊരു ടീമിനും കൈയെത്തിപ്പിടിക്കുവാൻ കഴിയാത്ത നേട്ടം. 1928 ൽ പങ്കെടുത്ത ആദ്യ ഒളിപിംക്‌സ് മുതൽ, തുടർച്ചയായി 6 വിശ്വകായിക മേളകളിൽ ഹോക്കി സ്വർണ്ണം ഇന്ത്യയ്ക്കായിരുന്നു. 1960 ൽ പാക്കിസ്ഥാനോട് ഫൈനലിൽ തോറ്റ ഇന്ത്യ അടുത്ത ഒളിംപിക്‌സിൽ സ്വർണ്ണം തിരികെ പിടിച്ചു. പിന്നീട് നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് 1980 ൽ മോസ്‌കോ ഒളിപിംക്‌സിൽ വി.ഭാസ്‌കരന്റെ നായകത്വത്തിൽ ഇന്ത്യ ഹോക്കിയിൽ അവസാനമായി സ്വർണ്ണം നേടിയത്. 1972-ൽ അവസാനമായി മ്യൂണിക്കിലാണ് ഒളിംപിക് ഹോക്കിയിൽ സെമിഫൈനൽ ഇന്ത്യ കളിച്ചത്. അമേരിക്കയും, യൂറോപ്യൻ രാഷ്ട്രങ്ങളും ബഹിഷ്‌കരിച്ച മോസ്‌കോ ഗെയിംസിൽ ആറു ടീമുകൾ മാത്രമേ പങ്കെടുക്കുവാനുണ്ടായിരുന്നുള്ളൂ. അന്ന് റൗണ്ട് റോബിൻ സമ്പ്രദായത്തിൽ ടീമുകൾ തമ്മിൽ മത്സരിക്കുകയായിരുന്നു. സ്‌പെയിനിനെ തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ വിജയം ആഘോഷിച്ചത്.
റിയോ 2016 ഒളിംപിക്‌സിൽ പങ്കെടുത്ത അഞ്ചു കളിക്കാർ ഉൾപ്പെട്ട യുവാക്കൾക്ക് മുൻതുക്കമുള്ള ഒരു ടീമാണ് ഇന്ത്യ. കഴിഞ്ഞ മൂന്ന് ഒളിപിംക്‌സുകളിൽ പങ്കെടുത്ത ക്യാപ്റ്റൻ മൻപ്രീത് സിങ്ങും, മുൻനായകൻ എറണാകുളത്തുകാരൻ പി.ആർ. ശ്രീജേഷും അടങ്ങിയ ടീം ടോക്കിയോവിൽ ഓസ്‌ട്രേലിയയോട് മാത്രമേ തോൽവി ഏറ്റുവാങ്ങിയിട്ടുള്ളു. മുൻ ഒളിപിംക് ചാമ്പ്യന്മാരായ അർജന്റീനക്കെതിരെ ആധികാരിക വിജയവും, ക്വാർട്ടറിൽ ഗോൾ വലയ്ക്കു മുൻപിൽ അജയ്യനായി നിലകൊണ്ട ശ്രീജേഷിന്റെ പ്രകടനത്തിന്റെ മികവിൽ ബ്രിട്ടനെതിരെയുള്ള വിജയവും ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ക്വാർട്ടറിലെ കളിയുടെ നിലവാരം തുടർന്നാൽ സെമി കടന്ന് 41 വർഷത്തിനുശേഷം ഒരു കലാശപോരാട്ടത്തിന് മൻപ്രീതിനും, സംഘത്തിനും കഴിയും.
സെമിഫൈനലിൽ നീണ്ട വർഷങ്ങൾക്കു ശേഷം കളിക്കുന്ന ഇന്ത്യയ്ക്കു ടോക്കിയോ ഗെയിംസിലൂടെ ഹോക്കിയിലെ പഴയ പ്രതാപകാലത്തേക്ക് മടങ്ങി വരുവാൻ കഴിയേണ്ടിയിരിക്കുന്നു. പാക്കിസ്ഥാൻ യോഗ്യത നേടാത്ത ഒളിപിംക്‌സിൽ വൻകരയുടെ പ്രതീക്ഷകൾ ഇന്ത്യൻ ടീമിൽ തന്നെയാണ്.
ആദ്യ മൂന്നു മൽസരങ്ങളിൽ തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങിയ വനിതാ ടീം നായിക റാണി രാം പാലിന്റെ നേതൃത്വത്തിൽ മികച്ച കളി കെട്ടഴിച്ചാണ് സെമിഫൈനൽ ബർത്ത് സ്വന്തമാക്കിയത്. ഡച്ചുകാരി സോജർദ് മരിജിൻ പരിശീലിപ്പിക്കുന്ന വനിത ടീം വളരെയധികം മെച്ചപ്പെട്ട ടീമാണ്. ലോക ഹോക്കിയിൽ ഇന്നത്തെ നിലയിൽ പകരം വയ്ക്കാനില്ലാത്ത നായിക റാണി രാം പാൽ, ഉപനായിക സവിത പുനിയ, ദീപ് ഗ്രേസ് ഇക്ക, ഗുർജിത് കൗർ, വന്ദന കടാരിയ തുടങ്ങിയവർ അടങ്ങിയ ടീം അടിമുടി പോരാളികളാണ്. ക്വാർട്ടറിൽ ഓസ്‌ട്രേലിയക്കെതിരെ ഒരൊറ്റ ഗോൾ വിജയത്തിൽ ടീമിന്റെ പ്രതിരോധനിരയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. കരുത്തയായ ഗോൾ കീപ്പറെ ഗോൾ തടയുന്നതിന് സകല സഹായവും നൽകുന്നവരാണ് പ്രതിരോധ ടീം.
ലോകത്തിലെ മികച്ച കോച്ചുമാരുടെ സേവനം, (ഗ്രഹാം റീഡ് എന്ന ലോകോത്തര മുൻ ഓസ്‌ട്രേലിയൻ കളിക്കാരനാണ് ഇന്ത്യൻ പുരുഷ ടീം കോച്ച്) യൂറോപ്യൻ പര്യടനങ്ങൾ മികച്ച കായിക ക്ഷമത, വിജയ തൃഷ്ണ എന്നിവ ഇന്ത്യയുടെ രണ്ട് ടീമുകളിലും ഇത്തവണ കൂടുതൽ കാണാം. തങ്ങളാണ് ലോകത്തിലെ മികച്ച ടീമെന്നു അഭിമാനിച്ച് കരുത്തോടെ തളരാതെ മുന്നേറുവാൻ കഴിഞ്ഞാൽ ജപ്പാനിൽ നമ്മുടെ ഹോക്കി ടീമുകൾക്ക് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്തു നാട്ടിലേയ്ക്ക് മടങ്ങാം.
എൻ.എസ് . വിജയകുമാർ
Comments