Foto

ഫാ.സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യ നില പരിശോധിക്കാന്‍ വിദഗ്ധരെ ചുമതലപ്പെടുത്തി ഹൈക്കോടതി

ഫാ.സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യ
നില പരിശോധിക്കാന്‍ വിദഗ്ധരെ
ചുമതലപ്പെടുത്തി ഹൈക്കോടതി

ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന തലോജ ജയിലിലെ മെഡിക്കല്‍
ഓഫീസറുടെ റിപ്പോര്‍ട്ട് ഡിവിഷന്‍ ബെഞ്ചിനു സ്വീകാര്യമായില്ല


ഏഴു മാസമായി നവി മുംബൈയിലെ തലോജ ജയിലില്‍ കഴിയുന്ന ഫാ.സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വിദഗ്ദ്ധ സംഘത്തെക്കൊണ്ടു വിലയിരുത്തിക്കാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനായി ന്യൂറോ , ഇഎന്‍ടി, ഓര്‍ത്തോപ്പീഡിക്, ജനറല്‍ ഫിസിഷ്യന്‍മാരുള്‍പ്പെടുന്ന സമിതി രൂപീകരിക്കാന്‍ ഹൈക്കോടതി ജെ ജെ ഹോസ്പിറ്റല്‍ ഡീനിന് നിര്‍ദ്ദേശം നല്‍കി.

ജാമ്യഹര്‍ജി മുംബൈ ഹൈക്കോടതി ഇന്ന് പരിഗണിച്ചശേഷമാണ് ഈ നടപടി.  84 വയസുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില പാര്‍ക്കിണ്‍സണ്‍സ് രോഗം ഉള്‍പ്പെടയുള്ള കാരണങ്ങളാല്‍ ആശങ്കാജനകമാം വിധം വഷളായതിനാല്‍ താല്‍ക്കാലിക ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് സീനിയര്‍ അഭിഭാഷകനായ മിഹിര്‍ ദേശായി ഫയല്‍ ചെയ്ത ഹര്‍ജിയിലെ അപേക്ഷ. നാളെ ഉച്ചയോടെ ജെജെ ആശുപത്രിയിലേക്ക് ഫാ.സ്റ്റാന്‍ സ്വാമിയെ കൊണ്ടുപോകാന്‍ ജസ്റ്റിസുമാരായ എസ് ജെ കാതവല്ല, എസ്പി തവാഡെ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തലോജ ജയില്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് ഈ ഉത്തരവു നല്‍കിയത്. ഫാ.സ്റ്റാന്‍ സ്വാമിയെ ഇന്നലെ ജെജെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അര്‍ദ്ധ രാത്രിയോടെ തലോജ ജയിലില്‍ തിരികെ എത്തിച്ചിരുന്നു.

തലോജ ജയിലിലെ ഒരു മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ഫാ.സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനിലയില്‍ കുഴപ്പമില്ല.  ഹൃദയം നല്ല നിലയിലാണെന്നും രക്തയോട്ടം ശരിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹത്തെ ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ സുപ്രധാന 'ശാരീരിക പരാമീറ്റുകള്‍'  ദിവസേന നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ മുന്‍കരുതലുകളോടെയും വൈദ്യസഹായം നല്‍കുന്നുണ്ടെന്നും  മെഡിക്കല്‍ ഓഫീസര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തടവുകാരുടെ ഇടയില്‍ നിന്ന് രണ്ട് പരിചാരകര്‍ അദ്ദേഹത്തെ സഹായിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.അതേസമയം, 'സ്‌പോണ്ടിലോസിസ് മൂലമുള്ള വയറുവേദനയെക്കുറിച്ചും കാലിലെ വേദനയെക്കുറിച്ചും പരാമര്‍ശിച്ചിട്ടില്ല' എന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണത്തിന് മറുപടിയുണ്ടായിരുന്നില്ല.

പ്രോസിക്യൂഷന്‍ ഏജന്‍സിയായ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) യുടെ അഭിഭാഷകന്‍ സന്ദേഷ് പാട്ടീലിനൊപ്പം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗും ജാമ്യ അപേക്ഷയെ എതിര്‍ത്തു. ഫാ. സ്റ്റാന്‍ സ്വാമി ഒന്നിനെക്കുറിച്ചും പരാതിപ്പെട്ടിട്ടില്ലെന്നും വീല്‍ചെയര്‍ തുടങ്ങിയുള്ള എല്ലാ സൗകര്യങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവര്‍ വാദിച്ചു.എന്നാല്‍
ഫാ. സ്വാമിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായി റിപ്പോര്‍ട്ടില്‍ തര്‍ക്കമുന്നയിച്ചപ്പോഴാണ് ജെജെ ഡോക്ടര്‍മാരുടെ പാനല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്ന് ഹൈക്കോടതി അറിയിച്ചത്. വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യമുണ്ടെങ്കില്‍ മേയ് 21 ന് രാവിലെ 10.30 ന് അതുവഴി ഫാ. സ്വാമിയെ ബെഞ്ചിന് മുന്നില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അറസ്റ്റിലായതു മുതല്‍ നവി മുംബൈയിലെ തലോജ ജയിലിലാണു ഫാ.സ്റ്റാന്‍ സ്വാമി. ഇതേ കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മലയാളി റോണ വില്‍സനും ഷോമ സെന്നും തങ്ങള്‍ക്കെതിരെയുള്ള കുറ്റാരോപണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിന്റെയും എന്‍ഐഎയുടെയും അഭിപ്രായം തേടിയിട്ടുണ്ട്.  റോണ വില്‍സന്റെ ലാപ്ടോപ്പില്‍ നുഴഞ്ഞുകയറി സ്ഥാപിച്ച രേഖകളാണ് അദ്ദേഹത്തിന്റെ അറസ്റ്റിനു കാരണമായതെന്ന യുഎസ് ഫൊറന്‍സിക് വിദഗ്ധരുടെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടിയാണു കോടതിയെ സമീപിച്ചത്.

ഇതിനിടെ ഫാ. സ്റ്റാന്‍ സ്വാമിക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ വാക്സിന്‍ നിഷേധിച്ചതും തടവിലുള്ള രോഗികളെ പരിചരിക്കാന്‍ അലോപ്പതി ഡോക്ടര്‍മാരോ നഴ്‌സുമാരോ സപ്പോര്‍ട്ട് സ്റ്റാഫോ മരുന്നുകളോ ഇല്ലാത്തതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.അതേസമയം, കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനിടെയുള്ള വാക്സിനേഷന്‍ പുതിയ ക്‌ളേശങ്ങള്‍ക്കിടയാക്കുമോയെന്ന ആശങ്ക പങ്കുവയ്ക്കുന്നുണ്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍.

തലോജ ജയിലില്‍ ഫാ. സ്റ്റാന്‍ സ്വാമി അനുഭവിച്ചുപോന്ന നരക യാതന റാഞ്ചി അതിരൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ഫാ. ജോസഫ് സേവ്യര്‍ എസ്. ജെ പുറത്തിറക്കിയ ഒരു വീഡിയോ ക്ലിപ്പില്‍ വ്യക്തമാണ്. പരാതികളില്ലാതെ ഏതു വിപരീത സാഹചര്യത്തെയും നേരിടുന്ന അദ്ദേഹം തന്റെ ശോച്യാവസ്ഥയെപ്പറ്റി നടത്തുന്ന പരിദേവനം അതീവ ആശങ്ക ജനിപ്പിക്കുന്നതാണെന്ന് ദീര്‍ഘകാലമായുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഫാ. ജോസഫ് സേവ്യര്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനുമായുള്ള ടെലിഫോണിക് ആശയവിനിമയത്തിലാണ് ഫാ. സ്റ്റാന്‍ സ്വാമി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഒരു ആയുര്‍വേദ ഡോക്ടര്‍ ആണത്രേ ജയിലിലെ അന്തേവാസികള്‍ക്ക് ആന്റിബോട്ടിക് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നല്‍കുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗത്താല്‍ ക്ളേശിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമി കടുത്ത ക്ഷീണം, ചുമ, പനി, വയറിളക്കം എന്നിവ മൂലവും വിഷമിക്കുന്നു. കേള്‍വി ശക്തി നാമമാത്രമേയുള്ളൂ.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത ഭീമ കൊറേഗാവ് കേസില്‍ കുരുങ്ങിയ ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള തടവുകാര്‍ക്ക് ശരിയായ പരിചരണം നല്‍കുമെന്ന് നേരത്തെ നല്‍കിയ വാഗ്ദാനം എന്‍സിപി എംപി സുപ്രിയ സുലെയെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ജാര്‍ഖണ്ഡ് ജനാധികാര്‍ മഹാസഭ. 'മഹാരാഷ്ട്രയില്‍ കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഭീമ-കൊറെഗാവ് കേസില്‍ തടവിലാക്കപ്പെട്ട എല്ലാവരുടെയും ക്ഷേമം നോക്കാന്‍ ഞങ്ങള്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നു,'- ജെജെഎമ്മിന്റെ ഒരു വക്താവ് പറഞ്ഞു. ഫാ.സ്റ്റാന്‍ സ്വാമിയോടൊപ്പം അറസ്റ്റിലായി വിചാരണത്തടവുകാരനായ പ്രൊഫ. ഹാനി ബാബു കോവിഡ് ബാധിതനായിരുന്നു.  ജയിലില്‍ നിന്ന്് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

പാര്‍ക്കിന്‍സണ്‍സ് രോഗം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളും മറ്റു കാരണങ്ങളും ചൂണ്ടിക്കാട്ടി  ഫാ. സ്റ്റാന്‍ സ്വാമി  നല്‍കിയ ജാമ്യാപേക്ഷ എന്‍ഐഎയുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് സെഷന്‍സ് ജഡ്ജി ഡി. ഇ കോത്ലിക്കര്‍ തള്ളിയത്. 2020 ഒക്ടോബര്‍ 8 നാണ് റാഞ്ചിയില്‍ നിന്ന് ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തത്. നവംബര്‍ മുതല്‍ അഡ്വ. ഷെരീഫ് ഷെയ്ക്ക് വഴി ജാമ്യാപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും പുതിയ 'തെളിവുകള്‍' ഉന്നയിച്ച് എതിര്‍ വാഗങ്ങള്‍ നിരത്തി എന്‍ഐഎയുടെ അഭിഭാഷകനായ പ്രകാശ് ഷെട്ടി. അകാരണമായി അറസ്റ്റിലാകുന്നവരുടെ രക്ഷയ്ക്കായി ഒരു മനുഷ്യാവകാശ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരുമായി നിരവധി ഇ മെയില്‍ ആശയവിനിമയങ്ങള്‍ ഫാ. സ്റ്റാന്‍ സ്വാമി നടത്തിയതാണ് പ്രകാശ് ഷെട്ടി ചൂണ്ടിക്കാണിക്കുന്ന മുഖ്യ തെളിവ്. താനും നിരോധിത സിപിഐയും (മാവോയിസ്റ്റ്) തമ്മില്‍ അവിശുദ്ധ ബന്ധം സ്ഥാപിക്കാന്‍ എന്‍ഐഎ ശ്രമിക്കുന്നതായുള്ള ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോപണം കോടതി മുഖവിലയ്‌ക്കെടുത്തില്ല. ഇതു വരെ എന്‍.ഐ.എ ചൂണ്ടിക്കാട്ടിയ ഗൂഢാലോചനാ വാദം  കംപ്യൂട്ടര്‍ ഹാക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ ദുര്‍ബലമായിരുന്നു.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News