Foto

വിശുദ്ധി നല്‍കുന്ന നോമ്പുകാലം

 +ഡോ. ജോസഫ് മാര്‍ തോമസ്
ബത്തേരി രൂപതാദ്ധ്യക്ഷന്‍  
കെ.സി.ബി.സി സെക്രട്ടറി ജനറല്‍

ഞാന്‍ ഒരിക്കല്‍ ഒരു വീട്ടില്‍ ചെന്ന് കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ കുറെ താമസിച്ചാണ് വാതില്‍ തുറന്നത്. ഗൃഹനാഥന്‍ കതക് തുറന്നിട്ട് പറഞ്ഞു, 'അച്ഛാ വാതില്‍ തുറക്കാന്‍ താമസിച്ചതില്‍ ക്ഷമിക്കണം. ഞാന്‍ പറമ്പില്‍ ജോലി കഴിഞ്ഞു ശരീരത്തിലും മുഖത്തും എല്ലാം അഴുക്ക് പുരണ്ട് മുഷിഞ്ഞ  വസ്ത്രവുമായി നില്‍ക്കുമ്പോഴാണ് ബെല്ലടി കേട്ടത്.  വസ്ത്രം മാറി കണ്ണാടിയില്‍ നോക്കി മുഖം ഒക്കെ ഭംഗിയാക്കാന്‍ അല്പം സമയം എടുത്തു.' ദൈവവചനമാകുന്ന കണ്ണാടിയില്‍ നോക്കി നമ്മേ ശുദ്ധീകരിക്കാനും, പാപത്തിന്‍റെയും വഞ്ചനയുടെയും കാപട്യത്തിന്‍റെയും,  ശാരീരിക ദുരാശകളുടെയും മുഷിഞ്ഞ വസ്ത്രങ്ങള്‍ മാറ്റി പ്രായശ്ചിത്തത്തിന്‍റെയും, പ്രാര്‍ത്ഥനയുടെയും, ഉപവാസത്തിന്‍റെയും വിശുദ്ധ വസ്ത്രമണിഞ്ഞ് വിശുദ്ധി പ്രാപിക്കാനുള്ള പുണ്യകാലം ആണ് നോമ്പ്. പാപത്തിന്‍റെയും, തിډകളുടെയും അടിമത്തത്തില്‍ നിന്ന് മോചനം പ്രാപിച്ച് രക്ഷയുടെ അനുഭവം സ്വന്തമാക്കുവാന്‍  ദൈവം തന്ന മുഖ്യ ആയുധങ്ങളില്‍ ഒന്നാണ് വലിയനോമ്പ്. വിശുദ്ധ പൗലോസ് എഫേസോസിലെ സഭയോട് പറയുന്നു, 'അതിനാല്‍ സാത്താന്‍റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ദൈവത്തിന്‍റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.' (എഫേ 6:11). വീണ്ടും ശ്ലീഹാ പറയുന്നു, 'ആകയാല്‍ അന്ധകാരത്തിന്‍റെ പ്രവര്‍ത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്‍റെ ആയുധങ്ങള്‍ അണിയാം.' (റോമാ 13: 12). നോമ്പിന്‍റെ ആയുധമായി നാം പശ്ചാത്താപം (Repentance), അനുരഞ്ജനം (Reconciliation), പുനര്‍നിര്‍മ്മിതി (Reorstation) എന്നീ ആയുധങ്ങള്‍ അണയുന്നു. യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിലെ കാതല്‍ ഇതായിരുന്നു, 'ദൈവരാജ്യം സമീപിച്ചിരിക്കുന്നു പശ്ചാത്തപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.'(മാര്‍ക്കോ 1: 15). നോമ്പിന്‍റെ ചൈതന്യം സൃഷ്ടിച്ചെടുക്കുന്നത് പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ദാനധര്‍മ്മങ്ങളിലൂടെയാണ്.
1. പ്രാര്‍ത്ഥന
പ്രാര്‍ത്ഥന എന്നത് യേശുവും വിശ്വാസിയും തമ്മില്‍ പങ്കിടുന്ന അനശ്വര നിമിഷങ്ങളാണ്. ഈശോ നാല്പത് രാവും പകലും ദൈവത്തോട് കൂടെയായിരുന്നു. വലിയ നോമ്പിന്‍റെ 50 ദിവസങ്ങള്‍ നാമും ദൈവവും തമ്മിലുള്ള ബന്ധം ബലപ്പെടുത്താനുള്ള സമയമാണ്. നാം വ്യക്തിപരമായ  പ്രാര്‍ത്ഥനയിലും, കുടുംബ പ്രാര്‍ത്ഥനയിലും, സഭയുടെ പ്രാര്‍ത്ഥനയിലും ശക്തി പ്രാപിക്കാനുള്ള സന്ദര്‍ഭമാണിത്. പ്രാര്‍ത്ഥനയില്‍ മടുപ്പ് തോന്നരുത് (പ്രഭ 7 :10). സങ്കീര്‍ത്തകന്‍ പറയുന്നു ദൈവമേ എന്‍റെ  പ്രാര്‍ത്ഥന അങ്ങയുടെ സന്നിധിയിലെ ധുപാര്‍ച്ചനയായും, ഞാന്‍ കൈകള്‍ ഉയര്‍ത്തുന്നത് സായാഹ്ന ബലിയായും സ്വീകരിക്കേണമേ (സങ്കി 141:2). നോമ്പ് പ്രാര്‍ത്ഥനയുടെ ദൈവീക അനുഭവത്തിലേക്ക് നമ്മെ നയിക്കണം.
2. ഉപവാസം
സുറിയാനി ഭാഷയില്‍ നോമ്പിന് ഉപയോഗിക്കുന്ന പദം (സൗമോ)എന്നാണ്. അതിന്‍റെ അര്‍ത്ഥം ഉപവാസം അഥവാ ഭക്ഷണം ഉപേക്ഷിച്ച് ദൈവത്തോട് കൂടിയായിരിക്കുക എന്നതാണ്. എന്നിലുള്ള തിന്‍മകളുടെ വാസനകളെ എതിര്‍ത്ത് തോല്‍പ്പിക്കാനുള്ള ആയുധമാണ് ഉപവാസം. പ്രാര്‍ത്ഥനയും ഉപവാസവും കൊണ്ടല്ലാതെ സാത്താന്‍റെ ശക്തി ജയിക്കാന്‍ നമുക്ക് സാധിക്കുകയില്ല എന്ന് യേശു പഠിപ്പിച്ചിട്ടുണ്ട്. ഒരു കൈയില്‍ പ്രാര്‍ത്ഥനയാകുന്ന വിളക്കും മറുകയ്യില്‍ ഉപവാസം ആകുന്ന പരിചയം ഹൃദയത്തില്‍ സ്നേഹവും അനുകമ്പയും കാത്തു സൂക്ഷിക്കുന്നവര്‍ക്ക് നോമ്പു നന്നായി ആചരിക്കാന്‍ പറ്റും. നാം നമ്മോട് തന്നെ യുദ്ധം ചെയ്ത് ശരീരത്തിന്‍റെയും മനസ്സിന്‍റെയും ചിന്തയുടെയും ബലഹീനതകളെ ജയിക്കുന്നതാണ് നോമ്പ്. ഉപവാസം  നമ്മോടുതന്നെയുള്ള പോരാട്ടമാണ്.  നമ്മുടെ ചില ഇഷ്ടങ്ങളോടുള്ള പരിത്യാഗമാണ്. ഫോണിന്‍റെ അടിമത്തം, മദ്യാസക്തി, ശരീരത്തിന്‍റെ ദുരാഗ്രഹം, പണത്തോടുള്ള ആര്‍ത്തി തുടങ്ങിയ തിന്മകളോടുള്ള വെറുപ്പ്. ڇഉപവാസം കൊണ്ട് ഞാന്‍ എന്നെ തന്നെ വിനീതനാക്കിڈ (സങ്കി 69:10). ഉപവാസത്തിലൂടെ പുണ്യം പൂക്കുന്ന കാലം ആണ് നോമ്പ്.
3.ദാനധര്‍മ്മം
എന്‍റെതെന്ന് കരുതുന്നവ ഞാന്‍ മറ്റുള്ളവരുമായി പങ്കു വെക്കുന്നതാണ് ദാനധര്‍മ്മം. സഹോദര സ്നേഹമാണ് ദാനധര്‍മം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ڇദരിദ്രരോട് ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നത്. അവിടുന്ന് ആ കടം വീട്ടുംڈ (സുഭാ 19:17). എന്‍റെ ഏറ്റവും എളിയ ഈ സഹോദരന് ചെയ്തു കൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തു തന്നത് (മത്താ 25:40). യാചകന് ദാനം താമസിപ്പിക്കരുത് (പ്രഭാ 4:3). പ്രാര്‍ത്ഥന വഴി ഒരാള്‍ ദൈവത്തോട് കൂടുതല്‍ അടുക്കുന്നു. ഉപവാസം വഴി ദൈവകൃപയില്‍  നിറയുന്നു. ദാനധര്‍മ്മം വഴി ദൈവത്തിന്‍റെ കരുണയും അനുകമ്പയും  പങ്കുവെക്കുന്നു. ദൈവം നമുക്ക് പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും പശ്ചാത്താപത്തിനും  മാനസാന്തരത്തിനും ധര്‍മ്മ ദാനത്തിനും ഒരു സമയം വീണ്ടും തരുന്നു. അതിനെ  ഫലപ്രദമായി നാം ഉപയോഗിക്കണം.
4. നോമ്പാചരണം കുടുംബങ്ങളില്‍
നോമ്പിന്‍റെ ആചരണവും അനുഷ്ഠാനവും നല്ല പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നത് നമ്മുടെ കുടുംബങ്ങളാണ്. ഞാന്‍ എന്‍റെ കുട്ടിക്കാലത്തെ അനുസ്മരിക്കാന്‍ ആഗ്രഹിക്കുകയാണ്. എന്‍റെ മാതാപിതാക്കള്‍ തികഞ്ഞ ഭക്തരും, സഭാ സ്നേഹികളും, ഉദാരമനസ്കരും ആയിരുന്നു. അതില്‍ എന്‍റെ അപ്പനെ പറ്റിയുള്ള ഏറ്റവും വലിയ ഓര്‍മ്മ, അദ്ദേഹം പള്ളിയില്‍ പോകാത്ത ഒരു ദിവസവും മക്കളുടെ ഓര്‍മ്മയില്‍ ഇല്ല എന്നതാണ്. എട്ടു മക്കളും മാതാപിതാക്കളും അടങ്ങിയ എന്‍റെ ഭവനം എല്ലാ അര്‍ത്ഥത്തിലും ഒരു കൊച്ചുദേവാലയം ആയിരുന്നു. വലിയ നോമ്പ് ആരംഭിച്ചാല്‍ സഭ നിഷ്കര്‍ഷിക്കുന്ന എല്ലാ പ്രാര്‍ത്ഥനകളും, പ്രായശ്ചിത്തവും, ഉപവാസവും,  ദാനധര്‍മ്മങ്ങളും കാര്‍ക്കശ്യത്തോടെ പാലിച്ചിരുന്നു. നോമ്പ് കാലത്ത് ഉപവാസം, കുരിശിന്‍റെ വഴി ഇവയെല്ലാം കുടുംബാംഗങ്ങള്‍ കൃത്യമായി പാലിക്കുമായിരുന്നു. നോമ്പ് ആരംഭിച്ചാല്‍ അതിന്‍റെ ഒരു ചൈതന്യം കുടുംബത്തില്‍ നിറഞ്ഞുനിന്നിരുന്നു. ഇന്ന്  പല കുടുംബങ്ങളും ഈ നല്ല പാരമ്പര്യങ്ങള്‍ വിട്ടുകളയുകയോ ശ്രദ്ധയില്ലാതെ നടത്തുകയോ, ബോധപൂര്‍വം അവഗണിക്കുകയോ ചെയ്യുന്നു.  കുടുംബങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ഒരു ആത്മീയ സംസ്കാരം (psiriutal culurte)  നഷ്ടപ്പെടുകയും ഭൗതിക സംസ്കാരത്തിന് (material culurte) വഴിമാറുകയും ചെയ്തു. ഒന്നോ രണ്ടോ മക്കളുള്ള അണുകുടുംബങ്ങളില്‍ നോമ്പിന്‍റെ ഒന്നിച്ചുള്ള പ്രാര്‍ത്ഥന, ഉപവാസം, വര്‍ജ്ജന, കാരുണ്യപ്രവര്‍ത്തികള്‍ എല്ലാം കൈമോശം വന്നു. വേദപുസ്തകത്തില്‍ മൂന്നു തരത്തിലുള്ള കുടുംബങ്ങള്‍ കാണാം. എപ്പോഴും ദൈവത്തിനു മഹത്വം കൊടുക്കുന്ന ഗ്ലോറിയ കുടുംബങ്ങള്‍ (gloria family). ഭൗതികതയ്ക്ക് അമിതപ്രാധാന്യം കൊടുക്കുന്ന സോഫിയ കുടുംബങ്ങള്‍ (osfia family). എല്ലാ തിന്മ കളുടെയും ഉറവിടമായ മാഫിയ കുടുംബങ്ങള്‍ (mafia family).  മുന്‍കാലങ്ങളില്‍ നമ്മുടെ കുടുംബങ്ങള്‍ ഭൂരിഭാഗവും ഗ്ലോറിയ കുടുംബങ്ങളായിരുന്നു. ഇന്ന് സോഫിയ കുടുംബങ്ങളും മാഫിയ കുടുംബങ്ങളും പെരുകുന്നു. അതിന്‍റെ ഫലമായി കുടുംബങ്ങളില്‍ മദ്യപാനം, ലഹരി മരുന്നിന്‍റെ ഉപയോഗം, വിവിധതരത്തിലുള്ള ആസക്തികള്‍, വിവാഹമോചനം, ഗര്‍ഭചിത്രം, ലൗജിഹാദ് തുടങ്ങിയ തിന്മകള്‍ വര്‍ദ്ധിക്കുന്നു.  നമ്മുടെ കുടുംബങ്ങളില്‍ ദൈവകൃപ നിറഞ്ഞുനില്‍ക്കാന്‍ നോമ്പ് നമ്മെ സഹായിക്കുന്നു.
പ്രാര്‍ത്ഥന, പരിത്യാഗം, പ്രായശ്ചിത്തം, സഹനം, കുരിശ് എന്നിവ ദൈവകൃപയുടെ അഥവാ രക്ഷയുടെ ആയുധങ്ങളാണ്. ഈ ആയുധങ്ങള്‍ നമ്മെ പവിത്രീകരിക്കുന്നു.  നോമ്പ് ഒരു 'ഉലയാണ്'(furnace). ഉലയില്‍ മാലിന്യങ്ങള്‍ ഇല്ലാതാകുന്നു. ഉലയില്‍ ശുദ്ധീകരിച്ച സ്വര്‍ണം നല്ല മാറ്റുള്ള ആഭരണങ്ങളായിത്തീരുന്നു. സാത്താന്‍റെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ യേശു ഉപയോഗിച്ച ഉപകരണമാണ് പ്രാര്‍ത്ഥനയും, ഉപവാസവും. മരുഭൂമിയില്‍ നാല്പതു ദിവസം ഉപവസിച്ച്, പ്രാര്‍ത്ഥിച്ച് യേശു സാത്താന്‍റെ എല്ലാ പ്രലോഭനങ്ങളെയും തകര്‍ത്തു ദൈവകൃപയില്‍ നിറഞ്ഞതു പോലെ നമ്മുടെ കുടുംബങ്ങളെ നോമ്പിന്‍റെ പ്രാര്‍ത്ഥന, ഉപവാസം, പ്രായശ്ചിത്വം, ദാനധര്‍മ്മങ്ങള്‍ എന്നീ ആയുധങ്ങള്‍ കൊണ്ട് ഗ്ലോറിയ കുടുംബങ്ങളായി പുനപ്രതിഷ്ഠിക്കണം.
പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ നോമ്പിന് നാം അനുഷ്ഠിക്കേണ്ട ഉപവാസത്തെ പറ്റി ഇപ്രകാരം പറയുന്നു. മറ്റുള്ളവര്‍ക്ക് വേദന ഉണ്ടാകുന്ന വാക്കുകള്‍ പറയാതിരിക്കുക; ആര്‍ദ്രമായി സംസാരിക്കുക; ഹൃദയത്തില്‍നിന്ന് ദുഃഖങ്ങള്‍ മാറ്റി കൃതജ്ഞത കൊണ്ട് നിറയുക; കോപത്തില്‍ നിന്നും മാറി ക്ഷമ കൊണ്ട് നിറയുക; നിഷേധാത്മക നിലപാടുകള്‍ ഉപേക്ഷിച്ച് പ്രത്യാശ കൊണ്ട് നിറയുക; അസ്വസ്ഥകള്‍ നിന്ന് ഓടിയകന്ന് ദൈവത്തില്‍ ആശ്രയം വയ്ക്കുക; പരാതി പറയുന്നതില്‍ നിന്ന് മാറി ലാളിത്യം അഭ്യസിക്കുക; ദുഃഖസ്വാധീനങ്ങളില്‍ നിന്ന് മാറി(preursse)  പ്രാര്‍ത്ഥനയില്‍ നിറയുക;അരിശത്തില്‍ നിന്ന് മാറി ഹൃദയം സന്തോഷംകൊണ്ട് നിറയുക; സ്വാര്‍ത്ഥതയില്‍ നിന്ന് അകന്നു അനുകമ്പ ശീലിക്കുക; കടുംപിടുത്തങ്ങളില്‍ നിന്ന് മാറി രക്ഷപ്പെടുക; അതി ഭാഷണത്തില്‍ നിന്ന് അകന്ന് നിശബ്ദരാവുക; മറ്റുള്ളവരെ ശ്രവിക്കുക.  
5. ജീവിതത്തെ കൃപ കൊണ്ട് നിറയുന്ന നോമ്പ്
യേശുക്രിസ്തുവിന്‍റെ പീഡാനുഭവം, കുരിശുമരണം, ഉത്ഥാനം തുടങ്ങിയ രക്ഷാകരമായ സംഭവങ്ങള്‍ ചേര്‍ത്ത് വെച്ച് പ്രാര്‍ത്ഥനയുടെയും അനുതാപ ത്തിന്‍റെയും അരൂപിയിലാണ് നാം  നോമ്പനുഷ്ഠിക്കുന്നത്. നോമ്പ് തിډയില്‍ നിന്ന് മോചനം നേടാനും പുണ്യത്തില്‍ വളരാനും നമ്മെ സഹായിക്കുന്നു. ത്യാഗവും സഹനവും വഴി നമ്മെ വിശുദ്ധീകരിക്കാനും സാത്താന്‍റെ പ്രലോഭനങ്ങളെ അതിജീവിക്കാനും നോമ്പ് സഹായിക്കുന്നു. നോമ്പാചരണത്തില്‍  ഏറ്റവും പ്രധാനം മാനസാന്തരപ്പെടലാണ്; ആത്മ നവീകരണമാണ്; ജീവിതത്തെ ദൈവകൃപ കൊണ്ട് നിറയ്ക്കലാണ്. ഈശോ പറഞ്ഞു, 'മാനസാന്തരപ്പെടുന്നില്ലെങ്കില്‍ നിങ്ങളും നശിക്കും.' (ലുക്കാ 13:3). നോമ്പിന്‍റെ അടിസ്ഥാനം മാനസാന്തരത്തിന്‍റെ പ്രവര്‍ത്തികളാണ്. മാനസാന്തരം എന്ന് പറയുന്നത് ആത്മാവിന്‍റെ ദുഃഖവും, ഇനി പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞയുമാണ്. മാനസാന്തരപ്പെടുന്ന പാപി ദൈവ ഭവനത്തിലേക്ക് കുട്ടി ചേര്‍ക്കപ്പെടുന്നു. മഗ്ദലന മറിയവും, പാപത്തില്‍ പിടിക്കപ്പെട്ട സ്ത്രീയും, നിക്കോദിമോസും, നല്ല കള്ളനുമെല്ലാം മാനസാന്തരപ്പെട്ട് കൃപ കൊണ്ട് നിറഞ്ഞു  ദൈവഭവനത്തില്‍ സ്വീകരിക്കപ്പെട്ടവരാണ്.
യഥാര്‍ത്ഥത്തില്‍ നോമ്പ് ആചരിക്കുന്നത് വ്യക്തികളല്ല പരിശുദ്ധ സഭയാണ്. നോമ്പ് എടുക്കുന്നതും, പരിത്യാഗ പ്രവര്‍ത്തികള്‍ ചെയ്യുന്നതും സഭയിലാണ്. സഭ ഒരു കൂട്ടം ആളുകളോ വ്യക്തികളോ മാത്രമല്ല. അത് ക്രിസ്തുവിന്‍റെ ശരീരമാണ് ക്രിസ്തു തന്നെയാണ്. പരിശുദ്ധ മാര്‍പാപ്പ പറയുന്നത് ക്രിസ്തുവിന്‍റെ സഭയില്‍ അനേകം പേര്‍ മുറിവേറ്റ് കിടക്കുന്നു എന്നാണ്. പാപത്താല്‍ മുറിപ്പെട്ട്, സാമ്പത്തിക തകര്‍ച്ചയില്‍ മുറിപ്പെട്ട്, തിരസ്കാര ത്തിന്‍റെ മുറിവേറ്റ്, ഒറ്റപ്പെടലിന്‍റെ മുറിവേറ്റ്, ആന്തരിക സംഘര്‍ഷത്തിന്‍റെ മുറിവേറ്റ് കിടക്കുന്ന അനേകം വിശ്വാസികളുള്ള ഒരു ആശുപത്രിയാണ് സഭ. എന്നാല്‍ ഇപ്പോള്‍ ക്രിസ്തു തന്‍റെ മരണം വഴി സ്വന്തം ഭൗതിക ശരീരത്തില്‍ നിങ്ങളെ അനുരഞ്ജപ്പിച്ചിരിക്കുന്നു എന്ന് വിശുദ്ധ പൗലോസ് കൊളോസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ ഓര്‍മ്മിക്കുന്നു. അതായത് ക്രിസ്തുവില്‍ സഭ ഒരു ശരീരമാണ്. ഈ ശരീരമാണ് നോമ്പ് എടുക്കുന്നതും പവിത്രീകരിക്കപെടുന്നതും. നോമ്പിന്‍റെ പ്രായശ്ചിത്തവും, ഉപവാസവും, ദാനധര്‍മ്മങ്ങളും നാം  അനുഷ്ഠിക്കുമ്പോള്‍ അതുവഴി വ്യക്തികളും കുടുംബങ്ങളും ദേവാലയങ്ങളും ദൈവകൃപകൊണ്ട് നിറയുന്നു. തിരുസഭയാകുന്ന ശരീരത്തിന്‍റെ നോമ്പ്  അനുഷ്ഠാനത്തിലും പ്രായശ്ചിത്ത പ്രവര്‍ത്തികളിലും നാം പങ്കാളികളാകുമ്പോള്‍ സഭയാകുന്ന ശരീരത്തിലെ ഏതാനും അവയവങ്ങള്‍ (വ്യക്തികള്‍) മാത്രമല്ല സഭ മുഴുവന്‍ വിശുദ്ധ പരിമളംകൊണ്ട് നിറയുന്നു. തിരുസഭ ഇപ്രകാരം പ്രബോധനം നല്കുന്നു, ദൈവത്തിന്‍റെ കൃപാവരത്തിന്‍റെ സഹായത്താല്‍ തന്നെത്തന്നെ വിശുദീകരിക്കാന്‍ പരിശ്രമിക്കുന്ന ക്രിസ്ത്യാനി ഒറ്റയ്ക്കല്ല മറിച്ച് ദൈവമക്കളില്‍ ഓരോരുത്തരുടെയും ജീവിതം ക്രിസ്തുവിലും ക്രിസ്തുവിലൂടെയും എല്ലാ  ക്രൈസ്തവ സഹോദരങ്ങളുടെയും ജീവിതമായി ക്രിസ്തുവിന്‍റെ ഭൗതിക ശരീരത്തിന്‍റെ ഐക്യത്തില്‍ കൂടി ചേര്‍ന്നിരിക്കുന്നു. അതിനാല്‍ നോമ്പ് ആചരിക്കുമ്പോള്‍ എല്ലാ അവയവങ്ങളും അതില്‍ ഭാഗമാകണം. സഭ നോമ്പ് ആചരിക്കുമ്പോള്‍ അതിന്‍റെ പവിത്രതയും  ദൈവകൃപയും എല്ലാ വിശ്വാസികള്‍ക്കും ലഭിക്കുന്നു.
തിരുസഭയില്‍ ആത്മീയ സമ്പത്ത് എന്ന ഒരു വലിയ നിക്ഷേപമുണ്ട്. ഇത് സഭയുടെ ആത്മീയ നډകളുടെ നിക്ഷേപമാണ്. കര്‍ത്താവായ യേശുവിന്‍റെ കുരിശിലെ മരണം വഴി നേടിയ രക്ഷയുടെ അനന്തവും അക്ഷയവുമായ മൂല്യമാണിത്. ഈ നിക്ഷേപത്തില്‍ പരിശുദ്ധ കന്യക മറിയത്തിന്‍റെയും സകലവിശുദ്ധരുടെയും പ്രാര്‍ത്ഥനയും നډകളും ചേര്‍ന്നിരിക്കുന്നു നമ്മള്‍ വിശുദ്ധരുടെ കൂട്ടായ്മയിലാണ്. അതായത് ഒരാളുടെ വിശുദ്ധിയില്‍ നിന്ന് മറ്റുള്ളവര്‍ക്ക് പങ്ക് ലഭിക്കുന്നു. സഭയോട് ചേര്‍ന്ന് വിശുദ്ധന്മാരുടെയും രക്തസാക്ഷികളുടെയും കൂട്ടായ്മയില്‍ നാം നോമ്പ്, പരിത്യാഗ പ്രവര്‍ത്തികള്‍ എന്നിവ ചെയ്യുമ്പോള്‍ സഭ മുഴുവന്‍ കൃപ കൊണ്ട് നിറയുന്നു. ആ ചൈതന്യം എല്ലാവരിലും വ്യാപിക്കുന്നു, വിപുലപ്പെടുന്നു. അതിനാല്‍  സഭയോടൊത്തു നല്ല ഒരുക്കത്തോടെ നോമ്പ് ആചരിക്കാം.
6. നഷ്ടമാകുന്ന വിശ്വാസ പാരമ്പര്യങ്ങള്‍
നോമ്പുകള്‍ വളരെ നിഷ്ഠയോടെ അനുഷ്ഠിച്ചിരുന്നവരായിരുന്നു നമ്മുടെ പൂര്‍വ്വീകര്‍. നമ്മുടെ പാരമ്പര്യം പരിശോധിച്ചു നോക്കുമ്പോള്‍ പ്രധാനപ്പെട്ട എല്ലാ തിരുനാളുകള്‍ക്കും ഒരുക്കമായി നോമ്പ് അനുഷ്ടിച്ചചിരുന്നതായി കാണാം. കഠിനമായ ഉപവാസവും, ദീര്‍ഘമായ പ്രാര്‍ത്ഥനയും, ഗൗരവമായ ചിട്ടകളും പാലിച്ചിരുന്നു. ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക, മത്സ്യവും മാംസവും ഉപേക്ഷിക്കുക, കൂടുതല്‍ സമയം മൗനത്തിലും പ്രാര്‍ത്ഥനയിലും കഴിയുക, കൂടെ കൂടെ ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥിക്കുക, തിരുവചന ധ്യാനത്തില്‍ കൂടുക, കുരിശിന്‍റെ വഴി സന്ധ്യാസമയത്ത് ഭവനങ്ങളിലും ഇടവകയിലും നടത്തുക, പീഡാനുഭവ ഗാനങ്ങള്‍ ആലപിക്കുക, ഈശോയുടെ തിരുമുറിവുകളില്‍ ധ്യാനിക്കുക, ഈശോയുടെ തിരുരക്തത്തോടുള്ള ഭക്തി പുലര്‍ത്തുക, കരുണയുടെ ജപമാല ചൊല്ലുക തുടങ്ങിയ നിരവധി ഭക്തയഭ്യാസങ്ങള്‍  നോമ്പുകാലത്ത് നാം നടത്താറുണ്ട്. നമ്മുടെ ജീവിതത്തില്‍ സംതൃപ്തിയോടും ശാന്തതയോടും ജീവിക്കാന്‍ സഹായിക്കുന്ന ആത്മീയ ആയുധങ്ങളാണ് ഭക്തയഭ്യാസങ്ങള്‍. രക്ഷാകര അനുഭവത്തിലേക്ക് ഒരു വിശ്വാസി യേശുവിനോടൊപ്പം യാത്ര ചെയ്യുന്ന അനുഭവമാണ് ഭക്ത്യ കൃത്യങ്ങളില്‍ നിന്ന് ലഭിക്കുന്നത്. വിശ്വാസത്തിന്‍റെ നല്ല പാരമ്പര്യങ്ങള്‍ അനുഷ്ഠിച്ച പിതാക്കന്മാരുടെയും പ്രവാചകډാരുടെയും അനുഭവങ്ങള്‍ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മോശ നാല്പതു ദിവസം ഉപവസിച്ചു  പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം അവനു സീനായ് മലയില്‍വച്ച് പത്തുകല്പനകള്‍ അടങ്ങിയ കല്‍പലകകള്‍  നല്‍കി. ഏലിയ ദീര്‍ഘദര്‍ശ നോമ്പിന്‍റെ ത്യാഗങ്ങള്‍ അനുഷ്ഠിച്ച് അഗ്നിത്തേരോടു സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ടു. യൗനാന്‍ നിബിയുടെ പ്രസംഗം കേട്ട് നിനുവ നഗരം അനുതപിച്ചു. ഹാനനിയ ആദിയായ കുഞ്ഞുങ്ങള്‍ നോമ്പ് മൂലം തീച്ചൂളയില്‍ നിന്ന് രക്ഷപ്പെട്ടു. ദാനിയേലിന്‍റെ നോമ്പ് വഴി അവന്‍ സിംഹത്തിന്‍റെ വായില്‍ നിന്ന് രക്ഷപ്പെട്ടു. യാക്കോബ് ദൈവത്തോട് മല്‍പ്പിടുത്തം നടത്തി സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോകാന്‍ ഗോവണി ദര്‍ശിച്ചു. നോമ്പുകാലത്ത് നല്ല പാരമ്പര്യങ്ങള്‍ അനുഷ്ഠിക്കുന്നത് നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും ഉള്ളവ നഷ്ടപ്പെടുത്താതിരിക്കാനുമാണ്. തിന്മ കള്‍, പ്രലോഭനങ്ങള്‍, പാപങ്ങള്‍ എന്നിവ ജയിക്കാനാണ് നോമ്പ് കാലത്ത് വിശ്വാസത്തിന്‍റെ നല്ല പാരമ്പര്യങ്ങള്‍ നാം ആചരിക്കുന്നത്. ദുഷ്ടനെ  ജയിക്കുന്ന വിജയത്തിന്‍റെ പതാകയാണ് നല്ല അനുഷ്ഠാനങ്ങള്‍! നോമ്പിനെ ക്രിസ്തീയ കുടുംബങ്ങളുടെയും സഭയുടെയും വാര്‍ഷികധ്യാനമാ യിട്ടാണ് പിതാക്കډാര്‍ കണ്ടിരുന്നത്. ആത്മീയ നവീകരണം പ്രാപിക്കുന്ന അവസരമായതുകൊണ്ട് കാര്‍ക്കശ്യമുള്ള ചിട്ടകള്‍ നാം പാലിക്കണം. എന്നാല്‍ നമ്മുടെ കുടുംബങ്ങളിലും സഭ ജീവിതത്തിലും വിശ്വാസ ജീവിതത്തിന്‍റെ നല്ല പാരമ്പര്യങ്ങള്‍ ക്രമേണ കുറഞ്ഞു വരുകയും  സാമൂഹിക തിډകള്‍ വര്‍ദ്ധിച്ചു വളരുകയും ചെയ്യുന്നു. വിശ്വാസത്തിന്‍റെ ഉത്തമ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ട് നോമ്പ് ആചരിക്കുകയും  നമ്മുടെ നല്ല പാരമ്പര്യങ്ങളുടെ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യാം.
7. ഓശാന മുതല്‍ ഉയിര്‍പ്പ് വരെ
ഒരു വിശ്വാസിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള സന്ദര്‍ഭമാണ് വലിയ നോമ്പിന്‍റെ അവസാനത്തെ പത്ത് ദിനങ്ങള്‍. ഒരു വിശ്വാസി തന്‍റെ ആരാധന ജീവിതത്തെ സ്വര്‍ഗീയ അനുഭവമാകുന്ന കാലയളവാണ് ഓശാന മുതല്‍ ഉയിര്‍പ്പ് വരെയുള്ള സമയം. രക്ഷയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങള്‍ നടക്കുന്നത് പീഡനം ആഴ്ചയിലാണ്. ഓശാനയ്ക്കും, ഹാശാ ദിനങ്ങള്‍ക്കും, പെസഹായിക്കും,  ദുഃഖവെള്ളിക്കും, ഈസ്റ്ററിനുമെല്ലാം അതിന്‍റെതായ മഹത്വം ഉണ്ട്.
8 ).ഓശാന
യേശുവിന്‍റെ ജീവിതത്തിലേക്കുള്ള രാജകീയ പ്രവേശനം ആണ് ഓശാന. ഓശാന പെരുന്നാളിലൂടെ യേശു ഏതാനും കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.
ഒന്ന്, സഹനത്തെ ഒരു രാജാവിനെ പോലെ സ്വീകരിക്കുക. രണ്ട്, യേശുവിന്‍റെ ജീവിതത്തിന്‍റെ നിര്‍മ്മലത അനുകരിക്കുക. മൂന്ന്,ഓരോ ജീവിതവും ദൈവീക  പദ്ധതിയുടെ ഭാഗമാണെന്ന് കരുതുക. നാല്, ദൈവത്തിന്‍റെ കരുണയില്‍ എപ്പോഴും ആശ്രയിക്കുക.  അഞ്ച്, എളിമയുടെ തെളിവുള്ള ജീവിതം യേശുവിനെപ്പോലെ നാം നയിക്കണം.
9 ) ഹാശാ ദിനങ്ങള്‍
പെസഹായ്ക്ക്  മുമ്പുള്ള മൂന്നു ദിവസങ്ങള്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നിവയാണ് ഹാശാ ദിനങ്ങള്‍. ഈ ദിവസങ്ങളില്‍ നാം പ്രാര്‍ത്ഥിക്കുന്നത് കര്‍ത്താവിന്‍റെ പീഡാനുഭവത്തില്‍  പങ്കുചേരുവാനും ഉത്ഥാനത്തില്‍ സന്തോഷിക്കുവാനും ഇടയാക്കണമേ എന്നാണ്. ഈ ദിനങ്ങളിലെ  പ്രാര്‍ത്ഥനകള്‍  നമുക്ക് നല്‍കുന്ന സന്ദേശം സ്നേഹിക്കുന്ന ദൈവത്തെ പാപത്താല്‍ നാം  വേദനിപ്പിക്കരുത് എന്നാണ്.
10 ) പെസഹാ
വിശ്വാസത്തിന്‍റെ അടിസ്ഥാനമായ വിശുദ്ധ കുര്‍ബാനയും പൗരോഹിത്യവും  സ്ഥാപിച്ച ദിനമാണ്. പെസഹാ തിരുനാള്‍ എന്ന് പറഞ്ഞാല്‍ കടന്നു പോക്ക് എന്നാണ് അര്‍ത്ഥം. ദൈവജനം ഫറവോന്‍റെ അടിമത്തത്തില്‍നിന്ന് കാനാന്‍ ദേശത്തേക്ക് കടന്നു പോയതിന്‍റെ ഓര്‍മ്മ. സംഹാര ദൂതന്‍ ഇസ്രായേല്‍ ഭവനങ്ങളെ സംരക്ഷിച്ച് കടന്നു പോയതിന്‍റെ അനുസ്മരണം. ഈജിപ്തിലെ അടിമത്വത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് കടന്നതിന്‍റെ  അനുസ്മരണം. പഴയ ബലി  മാറ്റി പുതിയത് സ്ഥാപിച്ചതിന്‍റെ ഓര്‍മ്മ. പാപത്തില്‍ നിന്നും , അടിമത്വത്തില്‍ നിന്നും പൗരോഹിത്യത്തില്‍ നിന്നുമുള്ള കടന്ന് പോക്കാണ് പെസഹാ. ലോകത്തെ ഗ്രസിച്ച മഹാമാരിയായ  കൊറോണയില്‍ നിന്ന് മനുഷ്യകുലം ഒരു വീണ്ടെടുപ്പിന് വേണ്ടിയുള്ള കാത്തിരിപ്പ് കാലത്താണ് നോമ്പ് ആചരിക്കുന്നത്. പുത്തന്‍ പ്രതീക്ഷകളും പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നംകണ്ടു പുതിയ ഒരു കടന്നു പോക്കിന്‍റെ  പെസഹാ  ആചരിക്കാന്‍ ദൈവം കൃപ തരും എന്ന് പ്രത്യാശിക്കാം. പെസഹാ തിരുനാളില്‍ രണ്ട് കാര്യങ്ങളാണ് യേശു ചെയ്തത് ശിഷ്ന്മാരുടെ പാദങ്ങള്‍ കഴിയുകയും അവരോടൊത്ത് അന്ത്യ അത്താഴം കഴിക്കുകയും ചെയ്തു. ബാഹ്യവും ആന്തരികവുമായ വിശുദ്ധി പ്രാപിച്ച്   പെസഹാ ആചരിക്കാന്‍ നമുക്ക് പരിശ്രമിക്കാം.
11 ) അന്ത്യ അത്താഴം
തന്‍റെ ശരീരരക്തങ്ങള്‍ നല്‍കി യേശു പുതിയ ഉടമ്പടി മനുഷ്യകുലത്തിന് നല്‍കി (മത്തായി 26: 26-28) അന്ത്യത്താഴം അന്ത്യമില്ലാത്ത അത്താഴവും അനുഗ്രഹവുമായി ഇന്നും നമ്മില്‍ തുടരുന്നു. യേശു പറഞ്ഞു ഞാന്‍ ജീവന്‍റെ അപ്പമാണ്. നിങ്ങള്‍ക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാക്കുവാനും ആണ് ഞാന്‍ വന്നിരിക്കുന്നത്. കൊറോണ അനേകരുടെ ജീവന്‍ ഒരു മുന്നറിയിപ്പും കൂടാതെ അപഹരിക്കുന്ന ഈ കാലയളവില്‍ നിത്യ ജീവന്‍റെ അച്ചാരവും സ്വര്‍ഗ്ഗീയ യാത്രയ്ക്കുള്ള വഴി ആഹാരവുമായ യേശുവിന്‍റെ ശരീരരക്തങ്ങള്‍ നമുക്ക് വലിയ പ്രത്യാശ പകരുന്നു. ജീവന്‍റെ ബലിയില്‍ സമ്പൂര്‍ണമായി അര്‍പ്പിക്കാനുള്ള സന്ദര്‍ഭമായി നോമ്പിനെ കാണാം.
12)  ദുഃഖവെള്ളി
മനുഷ്യകുലത്തിന് ദുഃഖവെള്ളി നല്ല വെള്ളിയാണ്. വെള്ളിയാഴ്ച പലതിനും നല്ല ദിനമല്ല എന്നാണ് നമ്മുടെ ചിന്ത,അത് ശരിയല്ല. കാരണം മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതും രക്ഷിക്കപ്പെട്ടതും വെള്ളിയാഴ്ചയാണ്. അത് ഏറ്റവും അനുഗ്രഹ സമ്പന്നമായ ദിനമാണ്. യേശു ദുഃഖവെള്ളിയാഴ്ച സഹനമാകുന്ന പാനപാത്രം കുടിച്ച് മനുഷ്യ രക്ഷ നേടിത്തന്നു. ദുഃഖവെള്ളിയാഴ്ചയുടെ സന്ദേശം കുരിശിന്‍റെ വഴിയിലൂടെ ഈ നോമ്പുകാലത്ത് നാം പങ്കുവെക്കുന്നു. എല്ലാ ദിവസവും ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് സ്ലീബാ പാതയുടെ  14 സ്ഥലങ്ങളും ധ്യാനിക്കുന്ന  അനേകം വിശ്വാസികള്‍ ഉണ്ട്. രക്ഷയുടെ പാതയിലെ ഈ  യാത്ര നമുക്ക് സ്വര്‍ഗ്ഗിയ പ്രത്യാശ പകരുന്നതാണ്. സഹനം ഇല്ലാത്ത ക്രൈസ്തവജീവിതം ക്രിസ്തുവിന്‍റെ മനസ്സിനിണങ്ങിയതല്ല.എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ തന്‍റെ കുരിശും എടുത്ത് എന്നെ അനുഗമിക്കട്ടെ എന്ന്  ആഹ്വാനം ചെയ്ത യേശുവിന്‍റെ കുരിശ് നമ്മുടെ രക്ഷയുടെ സമ്മാനവും ഓഹരിയുമാണ്.  സഹനജീവിതം സ്വാര്‍ത്ഥ ജീവിതത്തെ അതിജീവിക്കാനുള്ള അവസരമാണ്.
13 ) ഉത്ഥാനം
യേശുവിന്‍റെ ഉത്ഥാനം ലോകത്തിന് മുഴുവന്‍ പ്രത്യാശയും സന്തോഷം പകരുന്നു. അതുവഴി പുതിയ ഒരു യുഗത്തിന് ആരംഭം കുറിച്ചു. പ്രത്യാശയുടെ സംസ്കാരം പിറന്നുവീണു. ഈ സംസ്കാരം ലോകത്തിന് ഒരു വെല്ലുവിളി ഉയര്‍ത്തുന്നു. ഉപഭോഗ സംസ്കാരത്തിനും തീറ്റ സംസ്കാരത്തിനും അടിമപ്പെട്ട അവസരവാദികളും അരാജകത്വ വാദികളുമായി ജീവിക്കുന്നവര്‍ക്ക് ഈസ്റ്റര്‍ കടുത്ത വെല്ലുവിളിയാണ്.
മരണത്തോടുകൂടി ജീവിതത്തിന്‍റെ അന്ത്യം കാണുന്നവര്‍ക്കും, നിരീശ്വരവാദികള്‍ക്കും ഈസ്റ്റര്‍ വെല്ലുവിളിയാണ്. ആദിമ ക്രിസ്ത്യാനികളെ ഉത്ഥാനത്തിന്‍റെ മക്കള്‍ എന്നാണ് വിളിച്ചിരുന്നത്. അവരെല്ലാം പീഡാനുഭവങ്ങളിലും പ്രതിസന്ധികളിലും 'മാറോനീത്താ'കര്‍ത്താവ് വേഗം വരുമെന്ന് പ്രത്യാശിച്ച് ജീവിച്ച്. ജീവന്‍റെ ക്ഷണിക ചൈതന്യമാണ് ഉത്ഥാനത്തെ ദീപ്തമാക്കുന്നത്. ഭൂമിയിലെ ഒരു വിപ്ലവത്തിനും നായകത്വം വഹിക്കാതെ എല്ലാ വിപ്ലവങ്ങള്‍ക്കും നായകത്വമായി മാറുന്ന യേശുവിന്‍റെ ഉത്ഥാനം. ഇനിയും നാം ദൈവത്തില്‍ ആശ്രയിക്കേണ്ടത് പുതിയ ഭാഷയിലാണ്. ഉത്ഥാനത്തിന്‍റെ ഭാഷയില്‍. ഈ ഭാഷ ന്യൂജന്‍സിന് (new gens)  അന്യമാണ്. പുതിയ ലോക സൃഷ്ടിയുടെ ഭാഷ ന്യൂജന്‍സിന് അഭ്യസിക്കാനുള്ള കാലയളവാണ് നോമ്പ്. ലോകത്ത് ഏറ്റവും വലിയ ഫോബിയ  അനുഭവിക്കുന്നത് ന്യൂ ജെന്‍സ് ആണ്. അവരില്‍ നിരാശയുടെയും അരാജകത്വത്തിന്‍റെയും അവ്യക്തതയുടെയും,  മരണ സംസ്കാരത്തെന്‍റെയും ഫോബിയ ഉണ്ട്. യേശുവിന്‍റെ ഉത്ഥാനം, ഈ ഫോബിയ തച്ചുടച്ചു. യേശു പറഞ്ഞു 'ഞാന്‍ പുനരുദ്ധാനവും ജീവനുമാണ്. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.' മരണത്തിനപ്പുറമുള്ള പ്രത്യാശയിലേക്ക് ന്യൂ ജെന്‍സിന് സമര്‍പ്പണം നടത്താന്‍ നോമ്പ് സഹായിക്കണം. ലോക സഞ്ചാരിയായ കൊളംബസ് തന്‍റെ ലോക പര്യടനത്തിനു മുന്‍പ് കടല്‍ത്തീരത്ത് എഴുതിവെച്ചു 'ഈ കടലിനപ്പുറം' ലോകമില്ല. യാത്ര കഴിഞ്ഞ് മടങ്ങിയ കൊളംബസ് ബോര്‍ഡ് മാറ്റിയെഴുതി 'ഈ കടലിനപ്പുറത്ത് മനോഹരമായ ഭൂപ്രദേശങ്ങള്‍ ഉണ്ട്.' നശ്വരമായ  ഈ ലോകത്തിനപ്പുറം അനശ്വരമായ സ്വര്‍ഗ്ഗം ഉണ്ടെന്ന് ഉറപ്പു നല്‍കുന്ന ചരിത്രസംഭവമാണ് ഈസ്റ്റര്‍. യേശു മരിച്ച്  36 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഉയര്‍ത്തെഴുന്നേറ്റു. സത്യത്തിനും സാഹോദര്യത്തിനും സ്വാതന്ത്ര്യത്തിനും സമത്വത്തിനുവേണ്ടി യേശു നാമത്തില്‍ പോരാടി മരിക്കുന്ന രക്ത സാക്ഷികള്‍ക്ക് 36 മണിക്കൂര്‍ മരണമേയുള്ളൂ എന്നു ഉത്ഥാനം പ്രഘോഷിക്കുന്നു.  മരണത്തിനും മരണമുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞ ദിനമാണ് ഉത്ഥാനം. ഉത്ഥാനത്തിന്‍റെ  മക്കളായി പ്രത്യാശയോടെ നമുക്ക് ജീവിക്കാം.
ഉപസംഹാരം
നോമ്പ് നമ്മുടെ ആത്മീയ നവീകരണത്തിനും പ്രത്യാശ ജീവിതത്തിനും ഉതകുന്ന വിധം ആചരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. നമ്മുടെ വിശ്വാസത്തിന്‍റെ നല്ല പാരമ്പര്യങ്ങള്‍ കാത്തു സൂക്ഷിച്ച് കുടുംബങ്ങളെയും സഭാ ജീവിതത്തെയും പുതുക്കിപ്പണിയാം. നോമ്പ് നമ്മുടെ രക്ഷയുടെ അടയാളമാണ്. അത് തന്ന ദൈവത്തെ മഹത്വപ്പെടുത്താം. ദൈവം അനുഗ്രഹിക്കട്ടെ  

 

കടപ്പാട് : മലബാർ വിഷൻ

 

Foto
Foto

Comments

leave a reply

Related News