ഈ വര്‍ഷത്തെ ചരിത്രപ്രസിദ്ധമായ വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. ഇതോടനുബന്ധിച്ചുള്ള 501 അംഗ കമ്മിറ്റികളുടെ രൂപീകരണം വരാപ്പുഴ അതിരൂപത മെത്രാസന മന്ദിര ഹാളില്‍ വച്ച് മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ നടന്നു. വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനത്തിൻ്റെ ചെയര്‍മാന്‍മാരായി അതിരൂപത വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ജനറല്‍ കണ്‍വീനറായി ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ എന്നിവരെ തിരഞ്ഞെടുത്തു.
തുടര്‍ന്ന് വിവിധ കമ്മറ്റികളിലേക്കുള്ള അതിരൂപതാംഗങ്ങളെ തിരഞ്ഞെടുത്തു. വരാപ്പുഴ അതിരൂപതയിലെ എല്ലാ വിശ്വാസികളും ഒത്തുചേര്‍ന്ന് പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനടയിലേക്ക് തീര്‍ത്ഥാടനം നടത്തും. എറണാകുളം ഭാഗത്തു നിന്നുള്ള തീര്‍ത്ഥാടനം ആരംഭിക്കുന്നത് അതിരൂപത കത്തീഡ്രലായ സെന്‍റ് ഫ്രാന്‍സിസ് അസീസി ദേവാലയ അങ്കണത്തില്‍ നിന്നാണ്. വൈപ്പിന്‍ ഭാഗത്തുനിന്നുള്ള തീര്‍ത്ഥാടനം വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനില്‍ നിന്നാരംഭിക്കും. സെപ്റ്റംബറില്‍ നടക്കുന്ന വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനത്തിനുള്ള പ്രാഥമികമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, ജോയിന്‍റ് ജനറല്‍ കണ്‍വീനര്‍മാരായ അഡ്വ. ഷെറി ജെ. തോമസ്, അഡ്വ. എല്‍സി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.










Comments