Foto

മലയാറ്റൂർ കുരിശുമൂടി തീർത്ഥാടനത്തിന് ഔദ്യോഗികമായി തുടക്കമായി

മലയാറ്റൂർ: മലയാറ്റൂർ മഹാഇടവകയിലെ വിശ്വാസികൾ ഇന്ന് മലകയറിയതോടെ മലയാറ്റൂർ കുരിശുമൂടി തീർത്ഥാടനത്തിന് ഔദ്യോഗികമായി തുടക്കമായി. മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. വർഗീസ് മണവാളൻ, ഫാ. തോമസ് മഴുവഞ്ചേരി, ഫാ. ചാക്കോ കിലുക്കൻ, ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ, ഫാ. വർക്കി കാവാലിപ്പാടൻ, കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. അലക്സ് മേയ്ക്കാൻ തുരുത്തിൽ എന്നിവരു ടെ നേതൃത്വത്തിൽ അടിവാരത്തിലെ മാർതോമാശ്ലീഹായുടെ കപ്പേളയിൽ പ്രാരംഭ പ്രാർത്ഥനയ്ക്കുശേഷം രാവിലെ മലകയറ്റത്തിന് ആരംഭമായി.

കുരിശുമുടിയിലെ മാർതോമാ മണ്ഡപത്തിൽ മാർതോമാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കത്തോടെ ഈ വർഷത്തെ പുതുഞായർ തിരുനാളിനോടനുബന്ധിച്ചുള്ള തീർഥാടനത്തിന് ആരംഭം കുറിക്കും. കുരിശുമുടിയിൽ വിശുദ്ധ കുർബാന, പ്രസംഗം, നൊവേന എന്നിവ നടക്കും. റോജി എം. ജോൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ, മഹാ ഇടവകയിലെ വിവിധ പള്ളികളിൽ നിന്നുള്ള കൈക്കാരന്മാർ, വൈസ് ചെയർമാൻമാർ, കുടുംബ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവരും മലകയറ്റത്തിൽ പങ്കെടുക്കും.

കുരിശുമുടിയിൽ നോമ്പുകാലങ്ങളിൽ ദിവസവും കുർബാനയുണ്ടാകും. വിശുദ്ധവാരം വരെയുളള ഞായറാഴ്ചകളിൽ വിവിധ ഫൊറോനകളുടെ നേതൃത്വത്തിൽ മലകയറും. ദിവസം മുഴുവനും കുരിശുമുടി കയറുന്നതിനുള്ള സൗകര്യമുണ്ടാകുമെന്നും സുരക്ഷിതമായി മല കയറുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ഫാ. വർഗീസ് മണവാളൻ അറിയിച്ചു.

Comments

leave a reply

Related News