Foto

വൈദിക പരിശീലനത്തെക്കുറിച്ചുള്ള പഠനശിബിരം, കൊച്ചി

 കേരള കത്തോലിക്ക മെത്രാന്‍ സമിതിയും തൃശ്ശൂര്‍ പറോക് ഗവേഷണ കേന്ദ്രവും സംയുക്തമായി കേരളത്തിലെ മേജര്‍ സെമിനാരികളിലെ വൈദിക പരിശീലനത്തെ കുറിച്ച് നടത്തുന്ന ത്രിദിന പഠനശിബിരം തിങ്കളാഴ്ച ആരംഭിക്കുന്നു. തൃശ്ശൂര്‍ മേരി മാത മേജര്‍ സെമിനാരിയിലാണ് മാര്‍ച്ച് 18 മുതല്‍ 20 വരെ ഈ പഠനശിബിരം സംഘടിപ്പിച്ചിരിക്കുന്നത് . കെസിബിസി അദ്ധ്യക്ഷന്‍ അഭിവന്ദ്യ മോറാന്‍ മാര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമിസ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ നിരവധി മെത്രാന്മാരും കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള പ്രതിനിധികളും, വിവിധ മേഖലകളിലെ വിദഗ്ധരും 6 മേജര്‍ സെമിനാരികളുടെ പ്രതിനിധികളും പങ്കെടുക്കുന്നു. സിബിസിഐ പ്രസിഡണ്ട്അഭിവന്ദ്യ മാര്‍ ആന്‍ഡ്ഡുസ്  താഴത്ത്  മെത്രാപ്പോലീത്ത ഉദ്ഘാടന സമ്മേളനത്തിലും സിറോ മലബാര്‍ സഭയുടെ മേജര്‍ ബിഷപ്പ് അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ മെത്രാപ്പോലീത്ത സമാപന സമ്മേ ളനത്തിലും അദ്ധ്യക്ഷം വഹിക്കും. കെസിബിസി സെക്രട്ടറി ജനറല്‍ അഭിവന്ദ്യ റൈറ്റ് റവ. ഡോ. അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും.
ഒന്നര വര്‍ഷമായി കേരള കത്തോലിക്കാ സഭയിലെ വൈദിക പരിശീലനത്തെ കുറിച്ച് പറോക് ഗവേഷണ കേന്ദ്രം, കേരള മെത്രാന്‍ സമിതിയുടെ നിര്‍ദേശപ്രകാരം നടത്തിയ ഗവേഷണ പഠനങ്ങളുടെ ഫലങ്ങള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതാണ്. കേരളത്തിലെ സെമിനാരികളിലെ വൈദികാര്‍ത്ഥികളുടെയും പരിശീലകരുടെയും വിവിധ രൂപതകളിലെ വൈദികരുടെയും പാസ്റ്ററല്‍ കണ്‍സില്‍ അംഗങ്ങളുടെയും ഇടയില്‍ വിപുലമായ സര്‍വ്വേകളും നിരവധി ചര്‍ച്ചകളും ഇന്റര്‍വ്യു കളും മറ്റ് പഠനങ്ങളും നടത്തിയതിന് ശേഷമാണ് ഈ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വൈദിക പരിശീലനത്തെ കുറിച്ച് വത്തിക്കാന്‍ സമീപകാലത്ത് പുറത്തിറക്കിയ പ്രബോധന രേഖകളാണ് പഠനത്തിന്റെ അടിസ്ഥാനം. അവതരിപ്പിക്കുന്ന പഠനങ്ങളോട് പഠന ശിബിരത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ സംവദിക്കുകയും വൈദിക പരിശീലനം കുടുതല്‍ മികച്ചതാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മെത്രാന്‍ സമിതിക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നതാണ്.
കെസിബിസി വൈസ്  പ്രസിഡണ്ട്  അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിന്റെ നേതൃത്വത്തില്‍ മെത്രാന്മാരുടെ ഒരു സമിതി ഈ പഠനത്തിനും ഈ വര്‍ഷോപ്പിന്റെ സംഘാടനത്തിനും നേതൃത്വം നല്‍കിവരുന്നു. നവീകരണ വര്‍ഷമാചരിക്കുന്ന കേരള സഭക്ക്  ഈ പഠനം ഏറെ ഉപകാരപ്രദമാ ണെന്ന് കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ കേരള മെത്രാന്‍ സമിതി വിലയിരുത്തി. പഠന ശിബിര ത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കെസിബിസി ഡെപ്പ്യൂട്ടി സെക്രട്ടറി, ഫാ. ജേക്കബ് ജി. പാലക്കപ്പിള്ളി, പറോക് ഗവേഷണ കേന്ദ്രം എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഫാ. സൈജോ തൈക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു.

ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.
 

Comments

leave a reply

Related News