തിരുവനന്തപുരം:ഇന്ന് ഇടുക്കി, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മുതല്‍ 14 വരെ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല. ഈ ആഴ്ച്ച മൂന്നാല് ദിവസം കൂടി മഴയുണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.ഔദ്യോഗികമായി ഇത്തവണത്തെ കാലവര്‍ഷം പിന്മാറിയെന്നാണ് നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍, അത് തീര്‍ത്തു പറയാത്തവരുമുണ്ട്. കണക്കനുസരിച്ച് ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ്. കാലവര്‍ഷം പിന്മാറിയില്ലെന്നാണ് ചില ഗവേഷകരും നിരീക്ഷകരും പറയുന്നത്. കേരളം അടങ്ങുന്ന മേഖലയില്‍ കാലവര്‍ഷത്തിന്റെ പിന്മാറ്റത്തിനുള്ള പ്രക്രിയകള്‍ ആരംഭിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി ഉണ്ടായ ചുഴലികളും ന്യൂനമര്‍ദങ്ങളും കാലവര്‍ഷത്തിനു സമയം നീട്ടികൊടുത്ത സാഹചര്യമാണ് ഇപ്പോഴത്തേത് എന്നാണ് വിലയിരുത്തല്‍.തുടര്‍ച്ചയായ ചുഴലികള്‍ കാരണം ഈര്‍പ്പം കുറയാതെ നിന്നു. അതോടെ മഴപ്പാത്തിയും സജീവമായി. പ്രളയകാലത്ത് ആരംഭിച്ച കടലിലെ അസാധാരണ താപനിലയ്ക്ക് ഇനിയും കാര്യമായ കുറവുണ്ടായിട്ടില്ല. കാലവര്‍ഷത്തിന്റെ അവസാന ദിവസങ്ങളില്‍ അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതം ഏതാണ്ട് ഇല്ലാതായെങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ മേഖലയില്‍ ഒരു അവ്യവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നാണു മുതിര്‍ന്ന കാലാവസ്ഥാ ഗവേഷകര്‍ പറയുന്നു.കാലവര്‍ഷ സ്വഭാവത്തോടെ മഴ തുടരുന്നതിന് അതുമൊരു കാരണമാകാം. മഴ പിന്‍വാങ്ങാനുള്ള അന്തരീക്ഷം രൂപപ്പെടുകയും എന്നാല്‍ അതു സംഭവിക്കാതിരിക്കുകയും ചെയ്ത സാഹചര്യമാണിപ്പോഴുള്ളത്. പിന്‍വാങ്ങലിനും തുലാവര്‍ഷത്തിന്റെ തുടക്കത്തിനും ഇടയിലെ ഇടവേളയില്‍ ശക്തമായ ഉഷ്ണം അനുഭവപ്പെടാറുണ്ട്. ഇതിന്റെ പ്രകൃതി സൂചനയായി ഡ്രാഗണ്‍ പക്ഷികള്‍ എത്തുന്നത് സാധാരണയാണ്. ഇടവവേള കൊണ്ട് ഭൂമിക്ക് പലവിധത്തില്‍ ഗുണമുണ്ടാകുന്നു. പിന്നീട് ആരംഭിക്കുന്ന തുലാവര്‍ഷം ഉച്ചകഴിഞ്ഞാണു പെയ്തുതോരാറ്.ഇടിയോടെ ശരാശരി ഒന്നര മണിക്കൂര്‍ വരെ മഴപെയ്യുന്നതാണു പതിവ്. കാലവര്‍ഷത്തിന്റെ സമയം കഴിഞ്ഞിട്ടും ഇടിയോടെ തുടരുന്ന മഴ തുലാവര്‍ഷത്തിന്റെ സൂചനയാണെന്ന് ആദ്യം നിരീക്ഷണമുണ്ടായെങ്കിലും അതു ശരിയല്ലെന്ന നിഗമനത്തിനാണു മേല്‍ക്കൈ ലഭിച്ചത്. ഇപ്പോള്‍ രാത്രിയിലും പുലര്‍ച്ചയുമാണ് മഴ കൂടുതല്‍ കിട്ടുന്നത്. കാലവര്‍ഷം പിന്‍വാങ്ങുന്ന ദിവസങ്ങളില്‍ അസാധാരണമായി ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഉണ്ടായ ചുഴലിയെതുടര്‍ന്ന് ആരംഭിച്ച കനത്തമഴയും ഇടിയും ഏറിയും കുറഞ്ഞും തുടരുന്ന സ്ഥിതിയാണ് ഇതുവരെ.ന്യൂനമര്‍ദ മേഖലയിലേക്ക് മറ്റിടങ്ങളില്‍നിന്നും കാറ്റ് എത്തിക്കൊണ്ടിരിക്കുമെന്നതിനാല്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം ഒഴിയാതെ നിലനില്‍ക്കുകയാണ്. ശാന്തസമുദ്രത്തിന്റെ വിയറ്റ്നാം മേഖലയില്‍ ശക്തമായ ചുഴലി നിലനില്‍ക്കുന്നുണ്ട്. അറബിക്കടലില്‍ നേരിയ തോതിലും അതിന്റെ സൂചനകള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനര്‍ദത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
Comments