തിരുച്ചിറപ്പള്ളിയിലും
പോര്‍ട്ട് ബ്ലെയറിലും
പുതിയ ബിഷപ്പുമാര്‍
ഡോ. സവരിമുത്തു ആരോക്യരാജ് തിരുച്ചിറപ്പള്ളി രൂപതയെയും ഡോ. വിശ്വാസം സെല്‍വരാജ് പോര്‍ട്ട് ബ്ലെയര്‍ രൂപതയെയും നയിക്കും
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി രൂപതയുടെ ബിഷപ്പായി ഡോ. സവരിമുത്തു ആരോക്യരാജിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.ഇതോടൊപ്പം കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളലെ പോര്‍ട്ട് ബ്ലെയര്‍ രൂപതയുടെ ബിഷപ്പായി ഡോ. വിശ്വാസം സെല്‍വരാജ് നിയമിതനായി.
തിരുച്ചിറപ്പള്ളിയിലെ ഹോളി റെഡീമര്‍ ബസിലിക്കയുടെ റെക്ടറും ഇടവക വികാരിയുമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു 66 കാരനായ ഡോ. സവരിമുത്തു. 1954 ഒക്ടോബര്‍ 24 ന് തിരുച്ചിറപ്പള്ളി രൂപതയിലെ ലാലപ്പേട്ടയിലാണ് അദ്ദേഹം ജനിച്ചത്. ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1981 ജനുവരി 8 ന് പുരോഹിതനായി. 2002 ല്‍ ഫ്രാന്‍സിലെ കാത്തോലിക് ഡി പാരീസില്‍ നിന്ന് ആരാധനാ ക്രമത്തില്‍ ഡോക്ടറേറ്റ് നേടി. 1988-91 വരെ രൂപത ആരാധന കമ്മീഷന്‍ സെക്രട്ടറിയായിരുന്നു. 2002-08 വരെ തമിഴ്നാട് ബിഷപ്പ്‌സ് കൗണ്‍സിലിലെ ആരാധന കമ്മീഷന്റെ റീജിയണല്‍ സെക്രട്ടറിയായിരുന്നു. 2012-15 കാലത്ത് തിരുച്ചിറപ്പള്ളി സെന്റ് പോള്‍സ് സെമിനാരിയില്‍ ചാന്‍സലറായും ആരാധനാ ശാസ്ത്ര പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 2018 ജൂലൈ 14 ന് ബിഷപ്പ് ഡോ. ആന്റണി ദേവോത്ത വിരമിച്ച ശേഷം തിരുച്ചിറപ്പള്ളി രൂപതാധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ബിഷപ്പ് ദേവോത്ത 2019 ഒക്ടോബറില്‍ അന്തരിച്ചു. തമിഴ്നാട്ടിലെ മൂന്ന് സിവില്‍ ജില്ലകളുടെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് തിരുച്ചിറപ്പള്ളി രൂപത. പുത്തൂര്‍, ക്രോഫോര്‍ഡ്, പൊന്‍മല, കീരനൂര്‍, മണപ്പാറ എന്നിങ്ങനെ അഞ്ച് പ്രവിശ്യകളിലായി 73 ഇടവകകള്‍ ആണുള്ളത്.
കാനോന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദ ധാരിയാണ് നിയുക്ത പോര്‍ട്ട് ബ്ലെയര്‍ ബിഷപ്പ് ഡോ. സെല്‍വരാജ് (55). മദ്രാസ്-മൈലാപൂര്‍ അതിരൂപതയിലെ രാജാ അണ്ണാ മാലൈപ്പുറത്ത് 1966 ജനുവരി 4 ന് ജനിച്ചു. 1981 ല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1985-88 വരെ ചെന്നൈയിലെ സേക്രഡ് ഹാര്‍ട്ട് മേജര്‍ സെമിനാരിയിലും 1990-94 വരെ റാഞ്ചിയിലെ സെന്റ് ആല്‍ബര്‍ട്ട് കോളേജിലും ദൈവശാസ്ത്രവും പഠിച്ചു.
2001 ല്‍ ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് കാനോന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി.
1994 മെയ് എട്ടിന് പോര്‍ട്ട് ബ്ലെയര്‍ രൂപതയുടെ പുരോഹിതനായി.
രൂപതയുടെ സാമൂഹ്യസേവന ഡയറക്ടര്‍, പ്രൊക്യുറേറ്റര്‍, പ്രോജക്ട് ഡയറക്ടര്‍, രൂപവത്കരണ ഡയറക്ടര്‍, ചാപ്ലെയിന്‍, സാഗ്രിതാര പ്രസ് ഡയറക്ടര്‍, തമിഴ് സമൂഹത്തിന്റെ ചാപ്ലെയിന്‍, കണ്‍സള്‍ട്ടര്‍, ജുഡീഷ്യല്‍ വികാരി, ചാന്‍സലര്‍ എന്നീ നിലകളില്‍ ഡോ. സെല്‍വരാജ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ജനുവരി 5 ന് ബിഷപ്പ് അലിക്‌സോ ദാസ് നെവസ് ഡയസ് രാജിവച്ചതുമുതല്‍ അദ്ദേഹം രൂപത അഡ്മിനിസ്‌ട്രേറ്ററായി.പോര്‍ട്ട് ബ്ലെയര്‍ രൂപതയിലെ ഭൂരിഭാഗം കത്തോലിക്കരും പൂര്‍വേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളില്‍ നിന്നുള്ളവരാണ്. 1920 കളില്‍ ബ്രിട്ടീഷുകാര്‍ റാഞ്ചി കാത്തലിക് മിഷനോട് തൊഴിലാളികളെ അയക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അവര്‍ ഈ പ്രദേശത്തെത്തിയത്.
ബാബു കദളിക്കാട്
Comments