Foto

വന്നു കാണുമോ, നിങ്ങൾ അജപാലനത്തിന്റെ ഈ പുതിയ സ്‌നേഹപാതകൾ?

വന്നു കാണുമോ, നിങ്ങൾ
അജപാലനത്തിന്റെ
ഈ പുതിയ സ്‌നേഹപാതകൾ?

കോവിഡിനൊടൊപ്പം ക്രൈസ്തവർ  നടക്കേണ്ട സ്‌നേഹവഴികളിലേക്കുള്ള കൈചൂുണ്ടികൾ നാടാകെ നിറയുന്നുണ്ട്. കരുതലിന്റെയും
സൗഹാർദത്തിന്റെയും ഈ വഴികളിലേക്ക് നടന്നെത്താൻ കഴിഞ്ഞാൽ കോവിഡിനെ തോൽപ്പിക്കുന്ന അതിജീവനത്തിന്റെ സ്‌നേഹഭൂമികയിൽ നമ്മളും  പ്രവേശിക്കുകയായി.
ഫ്രാൻസിസ് പാപ്പായുടെ ''എല്ലാവരും സഹോദരർ ' എന്ന ചാക്രികലേഖനത്തിലെ അക്ഷരങ്ങൾക്ക് സാക്ഷ്യമേകുന്ന നിരവധി മാതൃകകൾ നമുക്കു ചുറ്റും സംഭവിക്കുമ്പോൾ  ലോക്ക് ഡൗൺ  കാലത്തെ അടഞ്ഞ കതകുകൾക്കും ഹൃദയങ്ങൾക്കും അപ്പുറത്ത് അനുഭവവേദ്യമാകുന്ന പുതിയ അജപാലനവഴികളിലേക്ക് നാം നയിക്കപ്പെടുന്നു.

എറണാകുളം - അങ്കമാലി അതിരൂപതയിലെ കാലടി സെന്റ് ജോർജ്ജ് ഇടവക വികാരി ഫാ. ജോൺ പുതുവയും വരാപ്പുഴ അതിരൂപതയിലെ പാലാരിവട്ടം സെന്റ് ജോൺ ബാപ്റ്റിസ്റ്റ്  ഇടവക വികാരി ഫാ. ജൂഡിസ് പനക്കലും വാർത്തകളിൽ നിറഞ്ഞത് സാമൂഹിക കരുതലിന്റെ ഈ പുതിയ സ്‌നേഹപാഠങ്ങൾ കുറിച്ചിട്ടതു കൊണ്ടാണ്.

എറണാകുളം രവിപുരം ശുശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള സാധനസാമഗ്രികൾക്ക് ക്ഷാമമുണ്ടെന്നും സഹായിക്കണമെന്നുമുള്ള കോർപ്പറേഷൻ കൗൺസിലർ മാലിനി കുറുപ്പിന്റെ അഭ്യർത്ഥനയോട് പ്രതികരിച്ചുകൊണ്ടാണ് ഫാ. ജൂഡിസ് പനക്കൽ സമൂഹത്തോടുള്ള കരുതൽ എന്തെന്ന് പ്രകടിപ്പിച്ചത്. കൗൺസിലർ ജോർജ്ജ് നാനാട്ടിന്റെ നേതൃത്വത്തിൽ വിവിധ വീടുകളിൽ നിന്നും മടലും ചിരട്ടയും ശേഖരിച്ച് കാൺസിലർ മാലിനി കുറുപ്പിന് കൈമാറുകയായിരുന്നു. രണ്ട് ലോഡ് മടലും ചിരട്ടയുമാണ് ഇങ്ങനെ ശേഖരിച്ചത്. കനത്ത മഴ മൂലം നനഞ്ഞ വിറകും ചിരട്ടയുമെല്ലാം ഉണക്കിയെടുക്കാൻ കഴിയാതിരുന്ന ശ്‌മശാന  നടത്തിപ്പുകാർക്ക് ഇതു വലിയ സഹായമായി.
'പത്രത്തിൽ ചെറിയൊരു വാർത്ത കണ്ടപ്പോൾ എനിക്കു തോന്നി, എന്തെങ്കിലും ചെയ്യണമെന്ന്. ഉടനെ കൗൺസിലർ ജോർജ്ജ് നാനാട്ടിനെ വിളിച്ച് എന്തെങ്കിലും ചെയ്യാനാകുമോ എന്നു ചോദിച്ചു.  മണിക്കൂറുകൾക്കുള്ളിൽ ഇടവകയിലെ ചെറുപ്പക്കാർ ചുറുചുറുക്കോടെ വീടുകളിൽ നിന്ന് മടലും ചിരട്ടയും ശേഖരിക്കുന്നതാണ് കണ്ടത്. പള്ളിയിലുള്ള മടലും ചിരട്ടയുമെല്ലാം ഞാനും നല്ലി. മരിച്ചവരെ മാന്യമായി സംസ്കരിക്കുക എന്നതാണ് ക്രിസ്തീയമായ  വീക്ഷണം. ഏതു മതത്തിൽപ്പെട്ടവരായാലും വേണ്ടില്ല, മൃതരോടുള്ള ജീവിക്കുന്നവരുടെ കടമയാണത്' -
ഫാ. ജൂഡിസ് കെ.സി.ബി.സി. ന്യൂസിനോട് പറഞ്ഞു.''ഇതൊരു വലിയ കാര്യമല്ല. എങ്കിലും ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങളിലൂടെ മറ്റുള്ളവരുടെ മുമ്പിൽ ക്രിസ്തീയസാക്ഷ്യമെന്തെന്ന് കാണിച്ചുകൊടുക്കാൻ കഴിയും'' -  ജൂഡിസച്ചൻ പറഞ്ഞു നിർത്തി.

കോവിഡ് കാലത്തെ മറ്റൊരു  മാത്യക കാലടി സെന്റ് ജോർജ്ജ് ഇടവകയിൽ നിന്നാണ്. പള്ളിവളപ്പിൽ ഉണ്ടായ പച്ചക്കറി ആർക്കും
സൗജന്യമായി എടുത്തു കൊണ്ടുപോകാമെന്ന ബോർഡ് എഴുതി വച്ചുകൊണ്ടാണ് വികാരി ഫാ. ജോൺ പുതുവ തന്റെ അജപാലനത്തിന്റെ പുതുവഴി നാട്ടുകാർക്ക് മുന്നിൽ കാണിച്ചുകൊടുത്തത്. അതൊരു തുടക്കം മാത്രമായിരുന്നു. സൗജന്യമായി തന്നെ അതേ സ്ഥലത്ത് പിന്നീട്  ജാതിഭേദമില്ലാതെ പലരും അവരുടെ കാർഷികോൽപ്പന്നങ്ങൾ നിരത്തിവച്ചു. ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവർക്ക് മന്ന പൊഴിയുന്ന അനുഭവമായി മാറി അത്. ഇന്നലെ ആരോ കൊണ്ടുവച്ച  പത്തു  വലിയ ചക്കകളായിരുന്നു ആളുകളെ ആകർഷിച്ചത്. ഇപ്പോൾ മാങ്ങയും തക്കാളിയും പാവയ്ക്കയുമെല്ലാം പലരും കൊണ്ടു വന്നു നിരത്തുന്നു. ഇന്ന് പാലക്കാട്ടു നിന്നുള്ള ഒരാൾ സംഭാവനയായി നല്ലിയ 1500-ഓളം തേങ്ങയാണ് ഈ പ്രദേശത്തുള്ളവർക്ക്  സൗജന്യമായി നൽകിയത് .  പോലീസിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് ഒരു ലോറി നിറയെ തേങ്ങ പാലക്കാട്ടു നിന്ന് റോഡ് മാർഗമെത്തിച്ചത് ''- ഫാ. പുതുവ പറഞ്ഞു.

കോവിഡ് രോഗം ബാധിച്ചവരുടെ വീടുകളിലേക്ക്  ജാതിയോ മതമോ നോക്കാതെ ഫാ. പുതുവ നാട്ടിലെ സുമനസ്സുകളും സമർപ്പിതരുമായി സഹകരിച്ച് അരിയും പലചരക്ക് സാധനങ്ങളുമടങ്ങിയ സൗജന്യകിറ്റുകൾ എത്തിക്കുന്നുണ്ട്.
''നന്മ വറ്റാത്ത മനുഷ്യമനസ്സുകൾ അന്യം നിന്നുപോയിട്ടില്ല. അവരുടെ ഹൃദയങ്ങളിൽ നിന്ന് നിസ്വാർത്ഥ സ്‌നേഹത്തിനൊഴുകാനുള്ള ചാലുകൾ തീർത്താൽ മതി. ഇടവക എന്നത്, ജാതിമതഭേദമില്ലാതെയുള്ള ഒരു സ്‌നേഹസമൂഹമായിട്ടാണ് ഞാൻ കാണുന്നത്. വിശപ്പിന് ജാതിയും മതവുമില്ല. സ്‌നേഹത്തിനും കരുതലിനും വേർതിരിവുകൾ പാടില്ല. പുതിയ കാലത്തേയ്ക്കുള്ള അജപാലനവഴികൾ അങ്ങനെയാകണമെന്ന് പരിശുദ്ധ ഫ്രാൻസിസ് പാപ്പാ പറയുന്നു. കരയുന്നവരോട് , ഞെരുങ്ങുന്നവരോട് , ഉള്ളുരുകുന്നവരോട്  ജാതി ചോദിക്കരുതെന്ന് യേശുനാഥനും നമ്മെ പഠിപ്പിച്ചു. അന്ധരുടെ കണ്ണുകൾ തുറന്നപ്പോഴും കുഷ്‌ഠരോഗികൾക്ക് സൗഖ്യമേകിയപ്പോഴും യേശുക്രിസ്തു ജാതി ചോദിച്ചില്ലല്ലോ... ചുറ്റുമുള്ളവരിലേക്ക് കണ്ണുകളയക്കുമ്പോൾ,ആ കാഴ്ചയ്ക്ക് ഇത്തരം  കണ്ണടകൾ വേണ്ട. ഉള്ളിൽ കരുണ മാത്രം മതി'' - ഫാ. പുതുവ പറയുന്നു.

ഇതുപോലെ സമൂഹ മനസ്സുകളിലേക്ക്  സ്നേഹ പാലങ്ങൾ പണിയുന്ന നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും  നമുക്ക് ചുറ്റുമുണ്ട് . അവർക്കെല്ലാം ഒരു ബിഗ്  സല്യൂട്ട് . ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം  അനുഷ്ടാനങ്ങൾ ജീവിതത്തിലേക്ക് പകർത്താനാവുന്ന വിധം  പുതിയ വിശ്വാസവഴികളിലേക്ക് നമ്മെ കൈപിടിച്ചു നടത്തണം.   
ഈ സ്നേഹ വഴികളിലാണ്  ഫാ. ജൂഡിസും ഫാ. ജോണും.  സഭ ഇതുവരെ നടത്തിവന്ന ആരുടെയും കണ്ണീരൊപ്പുന്ന ക്ഷേമസാന്ത്വന ശുശ്രൂഷയുടെ തുടർച്ചയാവുകയാണ്  അവർ . ''പോരുന്നോ കൂടെ' എന്ന് ഈ വൈദികശ്രേഷ്ടർ നമ്മുടെ നേരെയും ചോദ്യമെറിയുന്നുണ്ട്.
ക്രിസ്തുവിനെ അനുഗമിക്കുന്ന നമുക്ക് ആ വഴിയിലൂടെയല്ലേ നടക്കാൻ കഴിയു?

ആന്റണി ചടയംമുറി

 

 

Foto
Foto

Comments

leave a reply

Related News