പരിസ്ഥിതി: യുവജനങ്ങളെ ശ്രവിക്കണമെന്ന് ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ സിറ്റി : ലാളിത്യത്തിലും പരിസ്ഥിതിപരമായ സ്ഥായിയായ ജീവിതശൈലിയിലും എല്ലാവരും ജീവിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്യുന്നു. സെപ്തംബർ മാസത്തെ പാപ്പയുടെ പ്രാർത്ഥനാ നിയോഗമാണിതെന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.
യുവജനങ്ങൾ അവർ ജീവിക്കുന്ന പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ ഉത്കണ്ഠയുള്ളവരാണ്. പരിസ്ഥിതി, സാമൂഹിക മെച്ചപ്പെടലിനുവേണ്ടിയുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ യുവതീ യുവാക്കൾ ധീരത കാണിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. മുതിർന്നവർക്ക് യുവാക്കളിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്. ആരോഗ്യ, സാമൂഹിക, പരിസ്ഥിതി പ്രതിസന്ധികളുടെ ഇക്കാലത്ത് പ്രത്യേകിച്ചും.
നമ്മുടെ ഭക്ഷണം, ഉപഭോഗശീലങ്ങൾ, യാത്രാമാർഗങ്ങൾ, ജലം ഉപയോഗിക്കുന്ന നമ്മുടെ സമ്പ്രദായങ്ങൾ, ഊർജ്ജവും പ്ലാസ്റ്റിക്കും കൈകാര്യം ചെയ്യുന്ന രീതികൾ തുടങ്ങിയവയെല്ലാം പരിസ്ഥിതിക്ക് ഹാനികരമാണോ എന്ന് ചിന്തിക്കണം. നാം മാറ്റം തെരഞ്ഞെടുക്കണം. പരിസ്ഥിതിയെ ആദരിക്കുന്ന ലളിതമായ ജീവിതരീതികൾ യുവാക്കളിൽ നിന്ന് പകർത്തിയെടുക്കാൻ നാം സന്നദ്ധരാകണം. യുവാക്കൾ അവരുടെ തന്നെ ഭാവിയെക്കുറിച്ചു രൂപപ്പെടുത്തുന്ന പ്രതിബദ്ധതയിലേക്ക് ഏവരും ശ്രദ്ധയൂന്നണം. ജൂൺ മാസത്തിൽ ഐക്യരാഷ്ട്ര സഭ നൽകിയ മുന്നറിയിപ്പ് പാപ്പ അനുസ്മരിച്ചു. ഭൂമി തിരിച്ചുവരാനാകാത്ത വിധത്തിലുള്ള ത്രിവിധ ഭീഷണിയിലാണെന്ന ആ മുന്നറിയിപ്പ് അവഗണിക്കരുത്- പാപ്പ പറഞ്ഞു.
Comments