ആബേലച്ചന്റെ ഐഡിയ
സിദ്ധിഖ്- ലാലിന്റെ തിരക്കഥ
മിമിക്‌സ് പരേഡിന് ഇന്ന് ഹാപ്പി ബെർത്ത്ഡേ
ലോകമെങ്ങും ചിരിയുടെ വെടിമരുന്ന് പ്രയോഗം കൊണ്ട് ആരാധകരെ നേടിയെടുത്ത മിമിക്‌സ് പരേഡിന് ഇന്ന് (സെപ്തബർ 21) നാൽപ്പതു വയസ്സ്.
കലാഭവൻ ആബേലച്ചന്റെ ഐഡിയയാണ് മിമിക്‌സ് പരേഡ്. ഈ പരിപാടിക്കു വേണ്ടിയുള്ള എഴുത്ത് സംവിധായകൻ സിദ്ധിഖിന്റെയും ലാലിന്റെയും വക. ഘനഗാംഭീര്യമുള്ള ശബ്ദത്തിൽ അനൗൺസ്‌മെന്റ് നടത്തിയത് വർക്കിച്ചൻ പെട്ട. മിമിക്‌സ് നൈറ്റ് എന്നായിരുന്നു ആദ്യമിട്ട പേര്. 1981 ആഗസ്റ്റ് 15 ന് 'ഫീഡ് ബാക്ക്' കിട്ടാൻ മിമിക്‌സ് പരിപാടി ആദ്യം അവതരിപ്പിച്ചത് എറണാകുളം പ്രസ് ക്ലബ്ബംഗങ്ങളുടെ വാർഷികത്തിനായിരുന്നു. സദസ്സിന്റെ പ്രതികരണം കണ്ടതോടെ, ആബേലച്ചൻ എറണാകുളം ഫെനാർട്‌സ് ഹാൾ ആദ്യ പരിപാടിക്കുവേണ്ടി ബുക്ക് ചെയ്തു. അങ്ങനെ 1981 സെപ്തംബർ 21ന് ആദ്യ പരിപാടി. മിമിക്‌സ് പരേഡ് എന്ന പരിപാടി അന്ന് കാണാനെത്തിയവരിൽ മമ്മൂട്ടിയും ശ്രീനിവാസനുമുണ്ടായിരുന്നു. ആദ്യ പരിപാടി അവതരിപ്പിച്ച സംഘത്തിൽ സംവിധായകൻ സിദ്ധിഖിനെ കൂടാതെ ലാൽ,
കെ. എസ്. പ്രസാദ്, റഹ്മാൻ, അൻസാർ, വർക്കിച്ചൻ പെട്ട എന്നിവരാണുണ്ടായിരുന്നത്. വർക്കിച്ചൻ അന്ന് എം.എസ്.ഡബ്ലിയു വിദ്യാർത്ഥിയായിരുന്നു. റഹ്മാൻ എം.എ.യ്ക്ക് പഠിക്കുന്നു. പ്രസാദ് സെയിൽസ് എക്‌സിക്യൂട്ടീവായി ഏതോ ഒരു കമ്പനിയിൽ. അൻസാർ ബിരുദപഠനത്തിനുശേഷമുള്ള ഇടവേളയിലും. അന്ന് കലാഭവനിലെ മികച്ച ഗായകന് ആബേലച്ചൻ ഒരു പരിപാടിക്ക് നൽകുന്നത് 75 രൂപ. സിദ്ധിഖിനും ലാലിനും എഴുത്ത് കൂടിയുള്ളകൊണ്ട് 100 രൂപ വീതം നൽകും. സിദ്ധിഖ് അന്ന് സ്‌കൂളിൽ ക്ലാർക്കാണ്. മാസശമ്പളം 230 രൂപ. കേരളത്തെ കുടുകുടാ ചിരിപ്പിച്ച മിമിക്‌സ് പരേഡിൽ പിന്നീട് ജയറാം, ദിലീപ്, സലിംകുമാർ, കലാഭവൻ മണി, നാരായണൻ കുട്ടി, സൈനുദീൻ എന്നിങ്ങനെ പല താരങ്ങളുമെത്തി. ഇതിനിടെ വർക്കിച്ചൻ പെട്ടയ്ക്ക് ജോലി കിട്ടുന്നു. അനൗൺസുമെന്റിന് കനപ്പെട്ട ശബ്ദം അന്വേഷിച്ചിരിക്കെയാണ് എൻ.എഫ്. വറുഗീസ് വന്നുകയറുന്നത്. പിന്നീട് അനൗൺസ്‌മെന്റ് വറുഗീസിന്റെ വകയായി.
കലാഭവന്റെ മേൽവിലാസത്തിൽ വളർന്നുവന്ന നിരവധി മിമിക്‌സ് കലാകാരന്മാർ പിന്നീട് സിനിമയിലെ മുൻനിരകൾ കൈയടക്കി. സിദ്ധിഖും ലാലും വഴിപിരിഞ്ഞുവെങ്കിലും, ഇന്നും അവർ ഹിറ്റ്‌മേക്കർമാരാണ്. ലാലാകട്ടെ അഭിനയത്തിൽ പലപ്പോഴും 'അതിശയ'നായി. തമിഴിലും തെലുങ്കിലും തീപാറുന്ന വില്ലൻ വേഷങ്ങൾ ലാലിനെ തേടിയെത്തി .
ദിലീപ് താരരാജാവായി. എൻ.എഫ്. സൂപ്പർ വില്ലനായി. സിദ്ധിഖ് ബോളിവുഡിൽ പോലും 100 കോടി ക്ലബ്ബിൽ ഉൾപ്പെട്ട ചലച്ചിത്രം സംവിധാനം ചെയ്ത് ദേശീയ ശ്രദ്ധ നേടി.
മിമിക്രി എന്ന കലാരൂപത്തെ ജനകീയമാക്കുന്നതിൽ മിമിക്‌സ് പരേഡ് വലിയ പങ്കാണ് വഹിച്ചത്. പിൽക്കാലത്ത് അതേ പേരിൽ കലൂർ ഡെന്നിസ് തിരക്കഥയൊരുക്കിയ സിനിമയും തിയറ്ററുകളിൽ നിന്ന് കോടികൾ വാരി. ലോകമെങ്ങും കലാഭവന് ആരാധകരെ നേടിക്കൊടുത്തത് മിമിക്‌സ് പരേഡായിരുന്നുവെന്ന് ഒരിക്കൽ സിദ്ധീഖ് പറഞ്ഞത് ഓർമ്മിക്കുന്നു. പണിയില്ലാത്ത പിള്ളേരുടെ പരിപാടി എന്ന നിലയിൽ നിന്ന് മിമിക്രി സ്റ്റാർ പദവിയിലേക്ക് ഉയർന്നതും സിനിമയിലേക്ക് കുറുക്കുവഴിയായതുമെല്ലാം പിൽക്കാല ചരിത്രം. മിമിക്രി കാണിക്കുന്നവന് അഭിനയിക്കാനറിയില്ല, എന്നു പറഞ്ഞതിനും സലിം കുമാറും സുരാജുമെല്ലാം നേടിയ ദേശീയ അഭിനയ പുരസ്‌ക്കാരങ്ങളിലൂടെ ഈ ദൃശ്യ കലാകാരന്മാർ ചുട്ട മറുപടി നൽകി. ഹാപ്പി, വെരിഹാപ്പി ബർത്ത്ഡേ മിമിക്‌സ് പരേഡ് !
ആന്റണി ചടയംമുറി
Comments