അവശ്യ സാധനങ്ങളുടെ വിലക്കയറ്റം കോടതികൾ ഇടപെടണം : ബിഷപ്പ് ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍
കൊച്ചി : ഇന്ത്യയിലെ ജനങ്ങളുടെ ജീവനസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള അതിഭീകരവും, അശാസ്ത്രീയവും അനിയന്ത്രിതവുമായ ഇന്ധന, പാചകവാതക വില വര്‍ദ്ധനവില്‍ കേന്ദ്ര സര്‍ക്കാരും മുഴുവന്‍ സംസ്ഥാനസര്‍ക്കാരുകളും മൌനം ദീക്ഷിക്കുന്നതുകൊണ്ട് ജനദ്രോഹപരമായ ഈ വിലവര്‍ദ്ധനവിനെതിരെ പൊതുതാത്പര്യം പരിഗണിച്ച് കേരള ഹൈക്കോടതിയും സുപ്രീംകോടതിയും അടിയന്തിരമായി ഇടപ്പെട്ട് ഉത്തരവുകള്‍ ഉണ്ടാകണമെന്ന് കേരള കാത്തലിക്ക് ഫെഡറേഷന്‍ (കെ സി എഫ്) നേതൃയോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ നട്ടെല്ല് ഒടിച്ച് ഇന്ത്യയില്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇന്നുവരെ 59 തവണ ഇന്ധനവില അതിഭീകരമായി വര്‍ദ്ധിപ്പിക്കുകയുണ്ടായി. പെട്രോളിയം ആന്‍റ് നച്ചുറല്‍ ഗ്യാസ് റെജുലെറ്ററി ബോര്‍ഡ് ആക്ട് വന്നതോടെ വിവിധ പെട്രോളിയം കമ്പനികളുടെ തലപ്പത്തുള്ളവര്‍ ഉള്‍പ്പെട്ട ബോര്‍ഡ് യാതൊരുതത്ത്വദീക്ഷയുമില്ലാതെ തോന്നിയപോലെ ഇന്ധനവില വര്‍ദ്ധിപ്പിക്കുകയാണ്. ഇത് കേന്ദ്രസര്‍ക്കാരിന്‍റെ ഖജനാവിലേക്ക് കോടികള്‍ ഒഴുകിയെത്തുവാനുള്ള ഒരു കുറുക്കുവഴിയായി കണ്ട് കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ബോര്‍ഡ് ഇന്ധനവില ദൈനംദിനം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ക്രൂഡോയില്‍ വില വര്‍ദ്ധിക്കുന്നതും, കുറയുന്നതുമനുസരിച്ച് ഇന്ധനവില നിശ്ചയിക്കും എന്നാണ് ബോര്‍ഡിന്‍റെ നിയമം. എന്നാല്‍ ഈ നിയമത്തിന് ബോര്‍ഡിനുമുന്‍പില്‍ ഒരു പ്രസക്തിയുമില്ല. 2008 ല്‍ ക്രൂഡോയില്‍ വില അന്തര്‍ദേശീയ വിപണിയില്‍ 147 ഡോളര്‍ ആയിരുന്നപ്പോള്‍ ഇന്നത്തെവിലയുടെ പകുതിയില്‍ താഴെയായിരുന്നു ഇന്ത്യയില്‍ ഇന്ധനവില. എന്നാല്‍ 2018 ല്‍ 77 ഡോളര്‍ വിലയുണ്ടായിരുന്ന ക്രൂഡോയില്‍ വില ഇന്നലെ 72 ഡോളര്‍ ആയപ്പോളും ഇന്ത്യയില്‍ ഇന്ധനവില കൂട്ടുകയാണ് ചെയ്തത്. പുതിയ റെഗുലേറ്ററി ബോര്‍ഡ് ആക്ട് വന്നതുവഴി ഇന്ധനത്തിന്‍റെ വില നിയന്ത്രണഅധികാരത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലായെന്ന വാദം ജനങ്ങളെ പറ്റിക്കാനാണ്. ഈ ആക്ടിന്‍റെ 8- അദ്ധ്യായം 42-മാം വകുപ്പ് പ്രകാരം കേന്ദ്രസര്‍ക്കാരുകള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബോര്‍ഡിന് ബാദ്ധ്യതയുണ്ട്. ഇന്ത്യയില്‍ വിവിധ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന വേളയില്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കാതിരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരമാണ്. ഇന്ധനത്തിന്‍റെയും പാചകഗ്യാസിന്‍റെയും ക്രമാതീതമായ വിലവര്‍ദ്ധനമൂലം നിത്യേപയോഗസാധനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ സാധനങ്ങളുടെയും വില അതിഭീകരമായി വര്‍ദ്ധിച്ചതുകൊണ്ട് പ്രത്യേകിച്ച് ഈ കോവിഡ് കാലഘട്ടത്തില്‍ ജനജീവിതം വളരെ ക്ലേശകരമാണെന്ന് കെ. സി. ബി. സി. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ അഭിപ്രായപ്പെട്ടു. കെ സി എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിതാവ്.
ബി ജെ പി ഒഴികെയുള്ള മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ജനങ്ങളും ഇന്ധനവിലയ്ക്കെതിരെ പ്രക്ഷോപണം നടത്തിയിട്ടും കേന്ദ്രസര്‍ക്കാരിന്‍റെ മൌനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില നിയന്ത്രീക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തപക്ഷം അതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കെ സി എഫ് പ്രസിഡണ്ട് ശ്രീ. പി .കെ ജോസഫ്. ജനറല്‍ സെക്രട്ടറി അഡ്വ.വര്‍ഗ്ഗീസ് കോയിക്കര, ട്രഷറര്‍. അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട് എന്നിവര്‍ പറഞ്ഞു.
കെ സി എഫ് പ്രസിഡണ്ട് ശ്രീ. പി കെ ജോസഫിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം കെ സി ബി സി അല്‍മായ കമ്മീഷന്‍ ചെയ്ര്‍മാന്‍ ബിഷപ്പ് ജോര്‍ജ്ജ് മഠത്തികണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ.വര്‍ഗ്ഗീസ് കോയിക്കര, ട്രഷറര്‍. അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട് , കത്തോലിക്ക കോണ്‍ഗ്രസ്സ് ഗ്ലോബ്ബല്‍ പ്രസിഡണ്ട് അഡ്വ. ബിജു പറയനിലം, കെ എല്‍ സി എ പ്രസിഡണ്ട് ആന്‍റണി നോറോണ, മലങ്കര കാത്തലിക്ക് അസ്സോസ്സിയേഷന്‍ ഗ്ളോബല്‍ വൈസ് പ്രസിഡണ്ട് വി സി ജോര്‍ജ്ജ്കുട്ടി, കെ എല്‍ സി എ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
അഡ്വ. വര്‍ഗ്ഗീസ് കോയിക്കര
ജനറല്‍ സെക്രട്ടറി
കെ സി എഫ്
Comments