ലോകമെങ്ങും കാലാവസ്ഥ
തകിടം മറിയുമ്പോൾ
ഫ്രാൻസിസ് പാപ്പയുടെ
വാക്കുകൾക്ക് പ്രവാചക സ്പർശം
ലോകമെങ്ങും പ്രകൃതി ദുരന്തങ്ങളുടെ അലയൊലികൾ. ഇന്ത്യയിൽ ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും രാജാസ്ഥാനിലുമെല്ലാം ഉണ്ടായതുപോലെയുള്ള മിന്നൽ പ്രളയങ്ങളും ഇടിമിന്നലേറ്റുള്ള ജീവനാശങ്ങളുമെല്ലാം ലോകത്തിന്റെ പല ഭാഗങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ, പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്ന കോർപ്പറേറ്റുകളോട് പ്രത്യക്ഷവും പരോക്ഷവുമായി ബന്ധമുള്ള മിക്ക അച്ചടി-ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും ലോകമെങ്ങും അരങ്ങേറുന്ന പ്രകൃതിക്ഷോഭങ്ങൾക്ക് വലിയ വാർത്താ പ്രധാന്യം നൽകുന്നില്ല.
കാനഡയിലേക്ക് നോക്കൂ: അവിടെ ബാരിയേഴ്‌സ് സൗത്ത് എന്ന പ്രദേശത്ത് കൊടുങ്കാറ്റും പേമാരിയും ചീറിപ്പാഞ്ഞെത്തിയത് ഏതാനും ദിവസങ്ങൾക്കു മുമ്പാണ്. പ്രിൻസ് വില്യംവേ, നേപ്പിൾവേ ഡ്രൈവ് ഈസ്റ്റ് എന്നിവിടങ്ങളിൽ നിരവധി വീടുകൾ തകർന്നു. 9 പേർക്ക് പരുക്കേറ്റു, ഇവരിൽ നാലുപേർക്ക് ഗുരുതര പരുക്കുകളാണുള്ളത്.
അമേരിക്കയിലെ അരിസോണയിൽ കൊക്കെയ്‌നിനോ കൗണ്ടിയിൽ ബുധനാഴ്ച (ജൂലൈ 14) ഉച്ചയ്ക്കു ശേഷം മിന്നൽ പ്രളയമുണ്ടായി. ഈസ്റ്റേൺ ഫ്‌ളാഗ് സ്റ്റാഫ്, മൗണ്ട് എൽഡൺ എസ്റ്റേറ്റ്‌സ്, പാരഡൈസ്, ഗ്രാൻഡ് വ്യൂ, സണ്ണി സൈഡ് എന്നീ പ്രദേശങ്ങളിലുള്ള 83,800 പേരോട് ഉയർന്ന സ്ഥലങ്ങളിലേക്ക് മാരിത്താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടു കഴിഞ്ഞു. തുടർച്ചയായി രണ്ടാം വട്ടമാണ് ഇവിടെ മിന്നൽ പ്രളയമുണ്ടാകുന്നത്. വീടുകളും റോഡുകളും തകർന്നു കിടക്കുന്നു. വാർത്താവിനിമയ, വൈദ്യുതി ബന്ധങ്ങൾ പലയിടങ്ങളിലും തകരാറിലാണ്. സണ്ണിസൈഡിൽ കെട്ടിടങ്ങളുടെ നാശനഷ്ടങ്ങൾ വലിയൊരു കൂമ്പാരമായി കിടക്കുന്നു.
ജർമ്മനിയിൽ റൈൻലാൻഡ്, പലാറ്റിനേറ്റ്, നോർത്ത് റൈൻ വെസ്റ്റ്, ഫാലിയ എന്നിവിടങ്ങളിലും മിന്നൽ പ്രളയമുണ്ടായി. മരണസംഖ്യ 21 കടന്നു. 70 പേരെ കാണാതായിട്ടുണ്ട്.
ഇംഗ്ലണ്ടിൽ കനത്തമഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടതും ജൂലൈ14നാണ്. നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റി. വാഹനങ്ങൾ പലതും ഒഴുകിപ്പോയി.
ബെൽജിയത്തിൽ തിയൂക്‌സ് എന്ന സ്ഥലത്ത് 1 ചതുരശ്ര മീറ്ററിൽ 100 ലിറ്റർ മഴ വരെ പെയ്തു. ലീജ് പ്രവിശ്യയിലാണ് നാശനഷ്ടങ്ങൾ കൂടുതൽ. റോഡുകൾ കുതിച്ചൊഴുകുന്ന പുഴകളായി. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണിവിടെ.
തുർക്കിയിൽ റൈസ് എന്ന നഗരമാണ് വെള്ളപ്പൊക്കത്തിന്റെ ദുരിതമനുഭവിക്കുന്നത്. മലകളിലുണ്ടായ ഉരുൾപൊട്ടലിൽ നിന്നാണ് പ്രളയജലം നഗരത്തിൽ പരന്നത്. ഒരു രണ്ടു നില കെട്ടിടത്തിന്റെ പൊടി പോലുമില്ല. ഇവിടെ താമസിച്ചിരുന്ന രണ്ടു പേരെയും കാണാതായിട്ടുണ്ട്.
ഇനി ചൈനയിൽ നിന്നൊരു വാർത്ത: ദിവസേന ചൈനീസ് കപ്പലുകൾ തീരത്തുനിന്ന് 1300 കിലോ മീറ്റർ ദൂരെ മാറി മനുഷ്യവിസർജ്യം കടലിൽ തള്ളുന്നു. ജിയോ സ്‌പേഷ്യൽ സിമുലാരിറ്റി എന്ന യു. എസ്. കമ്പനിയാണ് ചൈനയുടെ കടലിനോടുള്ള ഈ കടുംകൈയുടെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ടുട്ടുള്ളത്. ചൈനയുടെ തന്നെ സൗത്ത് ചൈനാ കടലിലാണ് കപ്പലുകൾ ദിവസേന മാലിന്യം തള്ളുന്നതത്രെ. പവിഴപ്പുറ്റുകൾ ഏറെയുള്ള കടൽമേഖലയാണിത്. ഈ കടൽ ചൈനയിൽപ്പെട്ടതാണെങ്കിലും ആ രാജ്യം നടത്തുന്ന മലിനീകരണത്തിന്റെ ദുരിതമനുഭവിക്കേണ്ടത് ഫിലിപ്പൈൻസ് , ഇൻഡോനേഷ്യ , മലേഷ്യ , ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങളാണ് .
ഇറ്റലിയിൽ ഒരാഴ്ച മുമ്പ് (ജൂലൈ 8) മിലാനിലെ റൊസ്സാനോ, വരേസെ എന്നീ പ്രദേശങ്ങളിൽ പേമാരി നാശം വിതച്ചതും ചില നവമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ടെന്നീസ് പന്തിനോളം വലുപ്പമുള്ള ആലിപ്പഴങ്ങൾ വീണ് നിരവധി വാഹനങ്ങൾക്ക് അന്ന് കേടുപാടുകളേറ്റു. പീദെമോണ്ട് എന്ന സ്ഥലത്തു നിന്ന് ആരംഭിച്ച കനത്ത പേമാരി ലൊമ്പാർദി വരെയുള്ള സ്ഥലങ്ങളിൽ നാശം വിതയ്ക്കുകയുണ്ടായി.
അയൽ രാജ്യമായ പാകിസ്ഥാനിലെ ചെനാബിലും കനത്ത മഴയും വെള്ളപ്പൊക്കവും മൂലം നിരവധി വീടുകൾ തകർന്നു. പത്തുമാസങ്ങൾക്കു മുൻപ് അതി ഭയാനകമായ പ്രളയം ഈ ദേശത്തെ വിറപ്പിക്കുകയുണ്ടായി. ഇവിടെ ഇപ്പോഴും ജനങ്ങൾ ഭീതിയിലാണ്.
കാനഡയിലെ അത്യുഷ്ണം ഏതായാലും മുഖ്യധാരാ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. അത്രയും നല്ലത് .
ഇനി ഫ്രാൻസിസ് പാപ്പയുടെ ലൗ ദാത്തോ സീ (കർത്താവേ അങ്ങേയ്ക്ക് സ്തുതി) എന്ന ചാക്രിക ലേഖനത്തിലെ ഒരു ഭാഗം വായിക്കാം: ഉഷ്ണ മേഖലയിലെയും മിതോഷ്ണ മേഖലയിലെയും കടലിൽ പവിഴപ്പുറ്റു പാളികൾ കാണുന്നു. ഊഷര ഭൂമിയിലെ വലിയ വനങ്ങളോട് അവയെ താരതമ്യം ചെയ്യാം. എന്തെന്നാൽ, അവ ദശലക്ഷക്കണക്കിന് മത്സ്യങ്ങൾ, ഞണ്ടുകൾ, കക്കാ പ്രാണികൾ, സ്പഞ്ചുകൾ, കടൽപ്പോച്ച വർഗങ്ങൾ മുതലായ ജൈവ വംശങ്ങൾക്ക് സംരക്ഷണം നൽകുന്നു. ലോകത്തിലെ അനേകം പവിഴപ്പുറ്റുകൾ വന്ധ്യമായിരിക്കുന്നു. അല്ലെങ്കിൽ, സ്ഥിരമായി തകർന്നുകൊണ്ടിരിക്കുന്നു. ''കടലിലെ വിസ്മയ ലോകത്തെ ആരാണ് വെള്ളത്തിനടിയിലുള്ള നിറവും ജീവനുമില്ലാത്ത ശ്മശാന ഭൂമിയാക്കി മറ്റിയത്'' ?
കത്തോലിക്കാസഭയുടെ പ്രവാചക തുല്യമായ ശബ്ദത്തിനു കാതോർക്കാത്തവർ ഇനിയെങ്കിലും ''കാലത്തിന്റെ അടയാളങ്ങൾ'' കാണാൻ സന്മനസ്സ് കാണിക്കുമോ ?
മനു ആന്റണി
Comments