ഹയര്‍ സെക്കന്ററി സീറ്റ് വര്‍ദ്ധനവ് അടിയന്തിരവും യുക്ത്യധിഷ്ഠിതവും ആവണം.
കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്
കൊച്ചി: ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ മേഖലയില്‍ പ്ലസ്‌വണ്ണിലേയ്ക്ക് ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുപോലും പ്രവേശനം ലഭിക്കാതിരിക്കുകയും ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയത്തില്‍ പ്രവേശനം ലഭിക്കാതെ വരുകയും ചെയ്യുന്ന ഒരു പ്രത്യേക സ്ഥിതിവിശേഷമാണ് ഈ വര്‍ഷം സംജാതമായിരിക്കുന്നത്. സീറ്റ് വര്‍ദ്ധനവ് ഉണ്ടായാല്‍ കൂടുതല്‍ കുട്ടികളേക്കൂടി ഉള്‍ക്കൊള്ളാന്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ മേഖലയ്ക്ക് സാധിക്കും. ഒപ്പം നിലവില്‍ അഡ്മിഷന്‍ ലഭിച്ച കുട്ടികള്‍ക്ക് സപ്ലിമെന്ററി അലോട്ട് മെന്റിനും സ്‌കൂള്‍ ട്രാന്‍സ്ഫറിനും അവസരം നല്‍കുകയും വേണം. അല്ലങ്കില്‍ തങ്ങളേക്കാള്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികള്‍ തങ്ങള്‍ ആഗ്രഹിക്കുന്ന ബാച്ചില്‍ പഠിക്കുമ്പോള്‍ ആദ്യം പ്രവേശനം ലഭിച്ചതിന്റെ പേരില്‍ ഇഷ്ടമില്ലാത്ത വിഷയം പഠിക്കുവാന്‍ ഒരു വിഭാഗം കുട്ടികള്‍ നിര്‍ബന്ധിതരാകും. അതായത് ഉയര്‍ന്ന മാര്‍ക്കുകാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ബാച്ച് ആഗ്രഹിക്കുന്ന സ്‌കൂളില്‍ ലഭ്യമാകുമ്പോള്‍ അത് നിഷേധിക്കപ്പെടരുത്. ഈ അവസ്ഥയും കൂടി പഠിച്ച് മനസ്സിലാക്കിവേണം സീറ്റ് വര്‍ദ്ധനവ് ഉടന്‍ നടപ്പില്‍ വരുത്തേണ്ടതെന്ന് കേരള കാത്തലിക്ക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതി അഭ്യര്‍ത്ഥിച്ചു. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ട്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡയറക്ടര്‍ ഫാ. ചാള്‍സ് ലിയോണ്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സി.റ്റി. വര്‍ഗ്ഗീസ്, ട്രഷറര്‍ മാത്യു ജോസഫ്, റോബിന്‍ മാത്യു, എലിസബത്ത് ലിസി, സിന്നി ജോര്‍ജ്ജ്, ബിജു ജി., ടോം മാത്യു, ജെയ്‌സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Comments