Foto

ക്രൈസ്തവ ഐക്യത്തിനായുള്ള അജയ്യ ആയുധം പ്രാർത്ഥന: അർമേനിയൻ പാത്രിയാർക്കീസ്

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യത്തിനായുള്ള അജയ്യ ആയുധം പ്രാർത്ഥനയാണെന്ന് അർമേനിയൻ സിലിഷ്യ പാത്രിയാർക്കീസ് റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ. ക്രൈസ്തവൈക്യത്തിനായുള്ള പ്രാർത്ഥനാവാരം, നൂറ്റാണ്ടുകളായുള്ള മുറിവുകൾ പേറുന്നതും അസഹനീയ വേദനയനുഭവിക്കുന്നതുമായ ഐക്യം വീണ്ടെടുക്കാനുള്ള വിലയേറിയതും അനിവാര്യവുമായ അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. 

ക്രൈസ്തവസഭകളുടെ സമ്പൂർണ്ണ ഐക്യത്തിനായുള്ള വാർഷിക പ്രാർത്ഥനാവാരത്തോട് അനുബന്ധിച്ച് ഇക്കഴിഞ്ഞ ഞായറാഴ്‌ച (16/01/22) വിവിധ ക്രൈസ്തവസഭകളുടെ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ തുടക്കം കുറിച്ച അഷ്ടദിന പ്രാർത്ഥനയുടെ ഉദ്ഘാടന ദിവ്യബലിയിൽ സുവിശേഷ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. പ്രാർത്ഥന അജയ്യ ആയുധമാണെന്ന തൻറെ ബോധ്യം ആവർത്തിച്ചു വെളിപ്പെടുത്തിയ പാത്രിയാർക്കീസ് റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ അത് കർമ്മങ്ങളിലൂടെ പൂർത്തിയാക്കേണ്ടതാണെന്ന് ഓർമ്മിപ്പിച്ചു.

കലഹങ്ങൾ മാനുഷികമാണ്. അതിനുള്ള കാരണങ്ങൾ ക്രിസ്തീയ ആത്മീയ തത്വത്തിൽ നിന്നുള്ള അകൽച്ചയും സ്വാർത്ഥതയും വിഭാഗീയതയുമാണ്. പ്രാര്‍ത്ഥനാവാരം വഴി നിബന്ധനകളും നിയന്ത്രണങ്ങളുമില്ലാതെ എല്ലാവരെയും ഒന്നിപ്പിക്കുന്നതായ ക്രൈസ്തവൈക്യത്തിലേക്കുള്ള സരണി വെട്ടിത്തുറക്കാനാകട്ടെയെന്ന് .അദ്ദേഹം ആശംസിച്ചു. 18-ന് ആരംഭിച്ച ക്രൈസ്തവൈക്യ പ്രാർത്ഥനാ വാരം വിശുദ്ധ പൗലോസ് അപ്പോസ്തലൻറെ മാനസാന്തരത്തിരുന്നാൾ ദിനമായ ജനുവരി 25-ന് സമാപിക്കും.

 “ഞങ്ങൾ കിഴക്ക് അവൻറെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കയാണ്” (മത്തായി 2,2), പൂജരാജാക്കന്മാർ ഹേറൊദേസ് രാജാവിനോടു പറയുന്ന ഈ വാക്കുകളാണ് ഇക്കൊല്ലത്തെ ക്രൈസ്തവൈക്യ പ്രാർത്ഥനാ വാരത്തിൻറെ വിചിന്തന പ്രമേയം.

Comments

leave a reply

Related News