കൊച്ചി:ദക്ഷിണ ദില്ലിയിലെ അന്ധേരിയാ മോഡിലുള്ള ലിറ്റിൽ ഫ്ലവർ കത്തോലിക്കാ ദേവാലയം അനധികൃതമായി പൊളിച്ചു മാറ്റിയ ഡൽഹി ഡെവലപ്മെൻ്റ് അതോറിറ്റിയുടെ നടപടിയിൽ കെ.സി.വൈ.എം സംസ്ഥാന സമിതി പ്രതിഷേധിച്ചു. കൊല്ലം രൂപതയുടെ ആതിഥേയത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടിക്ക് സംസ്ഥാന പ്രസിഡൻറ് എഡ്വേർഡ് രാജു അധ്യക്ഷത വഹിച്ചു. സോഷ്യലിസ്റ്റ് മതേതര രാജ്യമായ ഭാരതത്തിൽ മതവികാരത്തെ വ്രണപ്പെടുത്തുന്ന നടപടികൾ നാൾക്കുനാൾ കൂടിവരികയാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ വിശ്വാസത്തിൻ്റെ അടിച്ചമർത്തലുകൾക്ക് ഉത്തരവിടുമ്പോൾ മതസ്വാതന്ത്ര്യം എന്നത് ഭരണഘടനയിലെ വരികളിൽ മാത്രം ചുരുങ്ങിപ്പോകുന്നതായി അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എൽ.സി.എ. കൊല്ലം രൂപത പ്രസിഡൻ്റ് ശ്രീ.അനിൽ ജോൺ ഫ്രാൻസിസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. അടിക്കടിയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ ചെറുത്തുനിൽപ്പുകൾ അനിവാര്യമാണ്. അതിനുള്ള തുടക്കമാകട്ടെ ഈ പ്രതിഷേധം എന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. മതേതര രാഷ്ട്രത്തിൽ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവണത അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി ഷിജോ മാത്യു, വൈസ് പ്രസിഡൻ്റ് അഗസ്റ്റിൻ ജോൺ, റോഷ്ന മറിയം, സെക്രട്ടറിമാരായ റോസ് മേരി തേറുകാട്ടിൽ, ഫിലോമിന സിമി, ഡെനിയ സിസി ജയൻ, അജോയ് പി.തോമസ്, ട്രഷറർ എബിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ കൊല്ലം രൂപത പ്രസിഡൻ്റ് കിരൺ ക്രിസ്റ്റഫർ, ജനറൽ സെക്രട്ടറി മനീഷ് മാത്യൂസ്, വൈസ് പ്രസിഡൻ്റ് മാനുവൽ ആൻ്റണി, കെ.എൽ.സി.എ. കൊല്ലം രൂപത ജനറൽ സെക്രട്ടറി ലെസ്റ്റർ കാർഡോസ്, കെ.സി.വൈ.എം. രൂപത ഭാരവാഹികളായ നീതു, അലക്സ്, ഫെറോന ഭാരവാഹികളായ അജീഷ്, ബിജിത തുടങ്ങിയവർ സംസാരിച്ചു.
Comments